Friday, February 28, 2014

എന്താണ് ഒരു ഹൈക്കു ?


ഹൈക്കു എന്നത്  ജാപ്പനീസ് കവിതയുടെ ഒരു രൂപമാണ് .
ഹൈക്കുവിന്റെ  പ്രത്യേകത എന്താണ് ?
മൂന്നുവരികൾ ഉള്ളതും 17  അക്ഷരകൂട്ടങ്ങളിൽ  (വാക്കുകൾ , syllables )
ഒതുങ്ങുന്നതുമായ കവിതകളെ ഹൈക്കു വിഭാഗത്തിൽ പെടുത്താം .
ആദ്യത്തെ വരിയിൽ 5 , രണ്ടാമത്തെ വരിയിൽ 7 ,അവസാന വരിയിൽ വീണ്ടും 5 ഇങ്ങനെയാണ് 17 വാക്കുകൾ വരിക .മാത്രമല്ല ഈ വരികൾ 
സമാനപദങ്ങൾ (rhyme ) ആകാനും പാടില്ല .
പതിനേഴാം  നൂറ്റാണ്ടിൽ ആദ്യമായി  ഇത് ഉപയോഗിച്ചത് ജാപ്പനീസ് കവിയായ ബാഷോ ആണ് .അദ്ദേഹത്തിന്റെ യഥാർത്ഥ പേര് Matsuo Munefusa എന്നാണ് .ലൗകികജീവിതത്തിൽ   നിന്ന് പിൻതിരിഞ്ഞ്  ഒരു കുടിലിൽ (ഒരുതരം ഇലകളാൽ നിർമ്മിച്ച ഈ കുടിലുകളെ പറയുന്ന 
 പേരായ basho -un എന്നത് പിന്നീട് അദ്ദേഹത്തിന്റെ പേരായി മാറുകയാണ് ഉണ്ടായത് )  
 ധ്യാനവും  എഴുത്തുമായി അദ്ദേഹം ജീവിച്ചു .
അദ്ദേഹത്തിന്റെ പ്രശസ്തമായ ഒരു ഹൈക്കു താഴെ വിവരിക്കുന്നു .
 
Now the swinging bridge (now the swing ing bridge =5  syllables )
is quieted with creepers (is quiet ed wi th creep ers =7 syllables )
like our tendrilled life (like our tendril ed  life =5 syllables )
 
(കടപ്പാട് Rachel Redford & Oxford University Press )
 
കവിത 

മറക്കരുത്

ആരൊക്കെയോ ബാക്കി വച്ചു പോയതിനെ
കൊള്ളയടിച്ച് സ്വയം തോറ്റു മണ്ണിലേക്ക് തന്നെ മടങ്ങാൻ 
മനുജൻറെ കൊള്ള സംഘത്തിലേക്ക് 
ഓരോ പിറവിയും ആളെ ചേർത്തുകൊണ്ടിരിക്കുന്നു"

 അതുകൊണ്ടല്ലേ ഓരോ പിറവിക്കും മുന്പേ 
പ്രകൃതി  ഒന്ന് വിങ്ങി കരയുന്നത്‌ !
മേഘങ്ങളിങ്ങനെ കറുത്തിരുണ്ട് ,
കടലിങ്ങനെ ക്ഷോഭിച്ച് ഇളകി  മറിഞ്ഞ്, 
പുഴയിങ്ങനെ കുത്തിയൊലിച്ച്, 
കാടും മലയും ചെറു മരകൂട്ടങ്ങളും  ആടി ഉലഞ്ഞ് 
ഭൂമി സ്വയം മാറ് പിളർന്ന് ,,,,,
 നാശത്തിന്റെ വരവറിയിക്കും പ്രകൃതി 
കർഷകൻറെ മണ്ണോരുക്കം  പോലെ 
പ്രകൃതിയുടെ മുന്നൊരുക്കം 
കേട്ടില്ലെന്നു നടിച്ചാലും
 ഒരു സുനാമി പോലെയോ ഹയാൻ പോലെയോ 
ആഞ്ഞടിച്ച്  കേൾപ്പിച്ചിട്ടെ  വിടു 

 
മറക്കരുത് ഒന്നാഞ്ഞടിച്ചാൽ  തീരും ഞാനും നീയും  !


കവിത  
 

കാതങ്ങൾ അകലെയാണെങ്കിലും

കാതങ്ങൾ അകലെയാണെങ്കിലും 
കാതിലൊരു നിശ്വാസത്തിന്റെ അകലം മാത്രം 
പ്രണയത്താൽ കൂമ്പിയ മിഴികൾക്ക് മുകളിലൊരു 
മൃദു ചുംബനത്തിന്റെ ചൂട് 
ഒരുടലായി ചേർന്ന് നിൽക്കവേ 
ഹൃദയമിടിപ്പിന്റെ താളം പോലും  വേർതിരിച്ചറിയാനാവുന്നില്ല
ഒഴുകി വന്ന കാറ്റിന് നമുക്കിടയിലൂടെ കടന്നു പോകാനാവാതെ 
വഴി മാറി പോകേണ്ടി വന്നു  
ഇനിയൊരു തിരിച്ചു പോക്കെനിക്ക് അസാധ്യം 
നിനക്കോ ?
 
 
കവിത 

വർഷയുടെ ഡയറിയിൽ നിന്ന്


28  .02  .2009 
ഇന്ന് ശമ്പള ദിവസമാണ് .എല്ലാം കഴിഞ്ഞ് 8976 രൂപ കിട്ടി .വീട്ടു വാടക , മോൾടെ സ്കൂൾ ഫീസ്  ബസ്‌ ഫീസ്‌ ,വീട്ടാവശ്യത്തിനുള്ള സാധങ്ങൾ ,കറന്റ്‌ ,ഗ്യാസ് ,തുടങ്ങി (മോൾക്ക് പാലിഷ്ടമല്ലാത്തതുകൊണ്ടും എനിക്ക്  പത്രം വായിക്കാൻ ഇഷ്ടമില്ലാത്തത് കൊണ്ടും ആ കാശ് ലാഭം ,ഇങ്ങനെ കുറെ ഇഷ്ടകേടുകൾ ഉണ്ട് എനിക്കും മോൾക്കും ആ വകയിൽ ലാഭിക്കുന്ന തുക ചെറുതല്ല  ) ഒഴിവാക്കാനാകാത്ത എല്ലാത്തിനുള്ളതും എടുത്ത് മാറ്റിവച്ചു .ബാക്കിയുള്ള 2530 രൂപയിൽ  ഒരു മാസത്തെ എൻറെ ബസ് കൂലിയും ഓട്ടോ കൂലിയും കഴിഞ്ഞാൽ ബാക്കി എന്തുണ്ടാകും ! പിന്നി തുടങ്ങിയ  ഈ ബാഗോന്നു മാറ്റണമെന്നുണ്ട് .പക്ഷെ ഇപ്രാവിശ്യവും ,,,,,,,,,,,,,,,
 ഈ ബാഗിന് നാലറയുണ്ട് .പക്ഷെ വന്നുവന്ന് ഏതു അറയിൽ എന്തിട്ടാലും ഒരു മാന്ത്രിക ബാഗ്‌ പോലെ എല്ലാ അറയിലൂടെയും അത് പുറത്തെടുക്കാമെന്നായി .പോരാത്തതിനു ലഞ്ച് റൂമിലെത്തിയാൽ "ഇങ്ങനെ പിശുക്കാതെ ഒരു പുതിയ ബാഗ്‌ വാങ്ങു വർഷാ "
എന്നുള്ള ഉപദേശവും .
ഓരോന്ന് ആലോചിച്ച് ഇറങ്ങേണ്ട സ്റ്റോപ്പ്‌ എത്തിയതറിഞ്ഞില്ല .തിരക്കിട്ട് ഇറങ്ങി നടന്നു .നല്ല തിരക്കുള്ള ജംഗഷൻ ആണ് ഞങ്ങളുടെത് .ഇരുട്ട് വീണുതുടങ്ങിയ വഴിയേ ഒറ്റയ്ക്ക് നടക്കുമ്പോൾ ഞാൻ അത്ഭുതത്തോടെ ഓർക്കുകയായിരുന്നു  .പണ്ട് കോളേജ് വിട്ടുവരാൻ പതിവിലും രണ്ടു മിനിട്ട് വൈകിയാൽ ആധിപിടിച്ച് ഉമ്മറത്ത്‌ കാത്തുനില്ക്കണ അമ്മയുടെ മുഖം .
ഇന്നിപ്പോൾ എത്ര ഇരുട്ടിയാലും ആധി പിടിച്ചു കാത്തുനിൽക്കാൻ  നാട്ടിലെ  സദാചാര പോലിസുകാരല്ലാതെ വേറെ ആരുമില്ല .വഴിയിൽ ഇരുട്ട് കൂടുംതോറും കാലുകളുടെ വേഗവും കൂടിവന്നു .

കവിത 

ജാതി പറയരുത് ചോദിക്കരുത്

പണ്ട് തറവാട്ടിൽ മുറ്റമടിക്കാൻ വന്നിരുന്നത് കല്യാണി എന്ന് പേരുള്ള ഒരു സ്ത്രീ ആയിരുന്നു .ജാതി പറയരുത് ചോദിക്കരുത് എന്നൊക്കെ വലിയ വായിൽ പ്രസംഗിക്കും എങ്കിലും അവരെ ഞങ്ങൾ കുട്ടികൾ അടക്കം ജാതിപേര് ചേർത്താണ് വിളിച്ചിരുന്നത്‌ .അമ്മമ്മയുടെ അടുത്ത് പ്രായമുള്ള അവരാകട്ടെ ഞങ്ങൾ പിള്ളേരോട് പോലും ബഹുമാനത്തോടും വിനയത്തോടും കൂടിയാണ് പെരുമാറിയിരുന്നത് .വീട്ടിലെ പറമ്പിൽ തെങ്ങ് കയറാൻ വന്നയാളെ 
കാലം മാറിയതറിയാതെ തറവാട്ടിലൊരാൾ ജാതിപേര് ചേർത്ത് വിളിച്ചതും അദ്ദേഹം ശക്തിയുക്തം അതിനെ എതിർത്ത് സംസാരിച്ചു ജയിച്ചതും ഇപ്പോഴും ഓർമ്മയിലുണ്ട്‌ .തറവാട്ടിൽ മുത്തച്ഛനായിരുന്നു 
ജാതിഭ്രമം കൂടുതൽ .മൂപ്പർക്ക് പ്രായം കൂടുംതോറും ഈ ഭ്രമവും കൂടിവന്നു .മുത്തച്ഛന്റെ ആണ്മക്കൾക്കൊന്നും ഇങ്ങനെ ഒരു വേർതിരിവ് ഇല്ലായിരുന്നുതാനും .ആയിടക്കാണ്‌ അമ്മാവന്മാരും വല്യേട്ടന്മാരും ഒക്കെ ഒരു സംഘടനയിൽ സജീവമായി പ്രവർത്തിച്ചു പോന്നത് .അതു മുത്തച്ഛനു പിടിച്ചില്ല .അതിനു മൂപ്പർ പറഞ്ഞ കാരണം ഇതായിരുന്നു ."കണ്ണിൽ കണ്ട കൂട്ടങ്ങളുടെ കൂടെ കൂടി  കണ്ട വീടുകളിൽ പോയി കയ്യിട്ടു വാരി തിന്നാൻ തല്ലുകൊള്ളികൾ കണ്ട സൂത്രമാണ് ആ സംഘടനയും അതിൻറെ പ്രവർത്തനവും എന്നായിരുന്നു ."
അങ്ങനെയിരിക്കെ ഒരു ഓണക്കാലത്ത് അമ്മാവന്റെ കൂടെ കുറച്ചു കൂട്ടുകാർ വീട്ടിൽ ഓണമുണ്ണാൻ വന്നു .നാക്കില ഇട്ട് ചമ്രം പടിഞ്ഞിരുന്ന് സദ്യ ഉണ്ട് പകുതിയായപ്പോഴാണ് ചില സിനിമകളിലെ തിലകന്റെ രംഗപ്രവേശം പോലെ മുത്തച്ഛന്റെ വരവ് .മൂപ്പരെ മുന്നിൽ കണ്ടതും പോത്ത്‌കണക്കെ വളർന്ന അമ്മാവന്മാരുടെ വിശപ്പ്‌ ഉണ്ണാതെ മാറി .അടുത്തിരുന്ന കൂട്ടുകാർക്ക് എന്തുചെയ്യണം എന്ന് ആലോചിക്കാൻ സമയം കിട്ടും മുൻപ് മുത്തച്ഛൻ അവരെ എഴുനേൽപ്പിച്ചു വിട്ടു .
ചെയ്ത തെറ്റിന്റെ ആഴം അധ്യാപകൻ കൂടിയായിരുന്ന മുത്തച്ഛന് അന്ന് മനസിലാകാതെ പോയെങ്കിലും പിന്നീട് ഓർമ്മകുറവിന്റെ രൂപത്തിൽ ഈശ്വരനത് മനസിലാക്കി കൊടുത്തു .അതുകൊണ്ടാണല്ലോ സ്വന്തം വീടെന്നു കരുതി മൂപ്പരുടെ ഭാഷയിൽ താണജാതിക്കാരന്റെ കൂരയിൽ ചെന്ന് ഒരു ഗ്ലാസ്‌ വെള്ളം ചോദിച്ചു വാങ്ങി കുടിച്ചത്‌ .അതുകൊണ്ടും തീർന്നില്ല ഒരുപാട് അംഗങ്ങൾ ഉള്ള തറവാട്ടിൽ നിന്ന് ഒരുദിവസം ആരോടും പറയാതെ അല്ലെങ്കിൽ ആരും കാണാതെ ഇറങ്ങിപോയ മുത്തച്ഛൻ പിന്നീടിതുവരെ തിരിച്ചു വന്നിട്ടും ഇല്ല .അമ്മമ്മ മരിക്കും വരെ എന്നേലും ഒരു ഓർമ്മ തെറ്റൊടെ എങ്കിലും മുത്തച്ഛൻ കയറി വരുമെന്ന് എല്ലാരേയും പോലെ ഞാനും പ്രതീക്ഷിച്ചിരുന്നു .പിന്നീടിങ്ങോട്ടു അമ്മമ്മക്ക് ബലിചോറ്  ഉരുട്ടുമ്പോൾ അമ്മയും കൂടപിറപ്പുകളും  ഒരു ഉരുള അധികം കരുതിപോരുന്നു .
 
 
കവിത 

പാറുതള്ള

എൻറെ നാട്ടിലൊരു പാറുതള്ള ഉണ്ടായിരുന്നു .ഭർത്താവ് മരിച്ചുപോയി ഒറ്റ മകൻ .മകന്റെ ഭാര്യയെ കണ്ണെടുത്താലും ഇല്ലെങ്കിലും കണ്ടു കൂടായിരുന്നു ഇവർക്ക് .പലപ്പോഴും അയൽവക്കത്തെ വീടുകളിൽ മരുമകളുടെ കുറ്റം പറഞ്ഞ് അവിടന്ന് ഉണ്ടും ഉറങ്ങിയുമാണ് അവർ ദിവസങ്ങൾ നീക്കിയിരുന്നത്‌ .അങ്ങനെ ഇരിക്കേ മകനും കുടുംബവും എന്തോ കാരണം കൊണ്ട് ആ വീട് വിറ്റ് വേറെ നാട്ടിലേക്ക് പോയി .മനസില്ലാ മനസോടെ പാറുതള്ളയും കൂടെ  പോയി .വയസായി എങ്കിലും ബസൊക്കെ കയറി അവർ ഇടക്ക് ഞങ്ങൾ അയൽക്കാരെ കാണാൻ വരും .ഞങ്ങളെ കാണുക എന്നതിലുപരി മരുമോള്ടെ അനുസരണക്കേട്‌ പങ്കുവയ്ക്കൽ ആയിരുന്നു ഉദ്ദേശം .പറയാൻ  വന്നത് ഇതൊന്നും അല്ല  .എൻറെ ചേട്ടന്റെ കല്യാണം നിശ്ചയിച്ച സമയം .ഞങ്ങൾ ഉമ്മറത്തിരുന്ന് ക്ഷണിക്കാനുള്ളവർക്ക് കത്ത് എഴുതുക ആയിരുന്നു .അപ്പോഴായിരുന്നു പാറുതള്ള അവിടേക്ക് വന്നത് .അവരേയും കല്യാണം ക്ഷണിച്ചു ."ഞാൻ വരും എന്നാലും എന്റെ മോൻ ഷാജിക്ക്  നിങ്ങ ഒരു കത്തയക്കണം കെട്ടാ "പാറുതള്ളയുടെ ആവശ്യപ്രകാരം ഒരു കുറി എടുത്ത് ഞാൻ അഡ്രസ്‌ എഴുതാനിരുന്നു .
"വല്യമ്മാ ഷാജിടെ അഡ്രസ്‌ പറയു "
"എഴുതിക്കോ , ഇവിടന്ന് മാഞ്ഞാലി ബസ് പിടിച്ച് കടവ് സ്റ്റോപ്പിൽ ഇറങ്ങണം അവിടന്ന് ആരോട് ചോദിച്ചാലും കാണിച്ചു തരും പാറു തള്ളേടെ മോൻ ഷാജിടെ വീട് ,"
അന്തം വിട്ട് കുന്തം വിഴുങ്ങി ഇരുന്ന എന്നെ നോക്കി പാറുതള്ള പറഞ്ഞു 
"അഡ്രസ്‌ എഴുതികഴിഞ്ഞു എങ്കിൽ മോള് ചെന്നിത്തിരി കഞ്ഞി വെള്ളം എടുത്ത് താ ,ആ മൂധേവി എനിക്കൊന്നും തരാറില്ല തന്നാലും ഞാൻ കഴിക്കാറുമില്ല.പാറു തള്ളക്ക്  അഭിമാനമാ  വലുത് " 

അന്നമ്മച്ചി

എന്നതാ അന്നമ്മച്ചി രാവിലെ തന്നെ മൊബൈലും ആയിട്ടൊരു ഗുസ്തി " .

"അല്ലട  കൊച്ചനേ ,നമ്മുടെ ജോസുമോൻ എപ്പോ നോക്കിയാലും ഇതും നോക്കിയിരുപ്പാന്നേ ,
ചോദിച്ചാൽ പറയും ഫെയ്സ് ബുക്കിൽ നോക്കുകയാന്ന് ,ഇതിനകത്ത് എവിടെയാ അങ്ങനെയൊരു പുസ്തകം ?, നീയൊന്ന് നോക്കിയേടാ കൊച്ചനേ  ,"

മുൻപ് ആൻസി മോളു കോളേജിൽ പഠിച്ചസമയത്ത്  അവള് പുസ്തകത്തിൽ ഈ  മൊബൈല് കുന്ത്രാണ്ടം ഒളിപ്പിച്ച് വച്ചത് അവടപ്പൻ വറീത് കയ്യോടെ കണ്ടുപിടിച്ചിട്ടുണ്ട് , നല്ല നാല് തല്ല് കൊടുത്തിട്ടും ഉണ്ട് .
ഇതിപ്പോൾ ഇതിന്റെ അകത്തുള്ള പുസ്തകം എന്ന്  പറയുമ്പോൾ അത് എന്തോരം ചെറുതായിരിക്കും ,അതിനകത്ത് ഇത്ര മാത്രം വായിച്ചിരിയ്‌ക്കാൻ എന്നതാ ഉള്ളതെന്റെ കർത്താവേ, "
" ദാ  നീയൊന്ന് നോക്കിയെടുത്ത് തന്നേടാ കൊച്ചനേ ,ഇനി വല്ല മിശിഹാ പുരാണം ആണേൽ സമയം പോലെ എനിക്കും ഒന്ന് വായിക്കാലോ "

"അന്നമ്മച്ചിയേ ,എനിക്ക് കൊറച്ച് തെരക്കെണ്ട് , ഞാൻ പോയിട്ടിപ്പ വരാം .എന്നിട്ട് നമുക്ക് നോക്കാട്ടാ  "
"പെട്ടന്ന് വരാനൊക്കത്തില്ലേടാ ,ജോസുമോൻ ഉണർന്നാൽ പിന്നെ ഒന്നും നടക്കുകേല "
"ഇപ്പൊ വരാന്നേയ് 
Escapeeeeeeeeeeeeeeeeeeeeee,,,,," 

--------കവിത -------