Wednesday, April 16, 2014

ജീവനുള്ള പാവകൾ



ആഗ്രഹിച്ചു വാങ്ങിയതാണീ പാവയെ
ചോദിച്ച കാശും കൊടുത്ത് ,
യാത്രക്കിടയിൽ അടിവാരത്ത് ബസ്‌ നിർത്തിയപ്പോഴാണ്,
തലയാട്ടി കണ്ണുച്ചിമ്മി ചിരിച്ചുച്ചിരിച്ച് നീയെന്റെ മനസിളക്കിയത് ...
തൊട്ടുനോക്കിയപ്പോഴും എടുത്തുനോക്കിയപ്പോഴും
തലയാട്ടി കണ്ണുചിമ്മി ചിരിച്ചുചിരിച്ച്‌ നീ സമ്മതമറിയിച്ചു

ബാഗിലേക്ക് വയ്ക്കുമ്പോൾ നീയൊന്നു പിടഞ്ഞ പോലെ
തോന്നിയതാണെന്നേ ആദ്യം കരുതിയുള്ളൂ
പിടയാൻ നിനക്ക് ജീവനില്ലല്ലോ
ബാറ്ററി തരുന്ന ജീവൻ കൊണ്ട് തലയാട്ടി
കണ്ണുച്ചിമ്മി ചിരിച്ചുച്ചിരിച്ചിങ്ങനെ
തുള്ളുമെന്നല്ലാതെ ,

വീട്ടിലെത്തി ബാറ്ററി എത്ര മാറ്റി മാറ്റി ഇട്ടു
തലയാട്ടി കണ്ണുച്ചിമ്മി ചിരിച്ചുച്ചിരിച്ച് ,
നീയെന്റെ മനസൊന്നിളക്കാൻ
നോവുന്നൊരു പിടച്ചിൽ അല്ലാതെ മറ്റൊന്നും ഞാൻ കണ്ടില്ല

വീണ്ടുമൊരു യാത്ര ,
അടിവാരത്തിറങ്ങി
പാവയെ തിരിച്ചേൽപ്പിച്ചു .
കൊടുത്ത പണം വേണ്ടന്ന് പറഞ്ഞപ്പോൾ കടക്കാരനു
പാതിസമ്മതം

തിരിച്ചു നടന്നപ്പോൾ പിന്നിൽ വീണ്ടുമാ ച്ചിരികേട്ടു
തലയാട്ടി കണ്ണുചിമ്മി ചിരിച്ചുചിരിച്ച്‌

പോരുംവഴി ദേഷ്യത്തിൽ ഊരിമാറ്റിയ ബാറ്ററി
ബാഗിൽ കിടന്ന് കൊഞ്ഞനം കുത്തി

(" വിലകൊടുത്ത് സ്വന്തമാക്കുമ്പോൾ ജീവനില്ലെന്ന് ഉറപ്പു വരുത്തുക തന്നെ വേണം " )
See More

മഴ ....

മഴ ....അതെല്ലാവരിലും എന്നപോലെ എന്നിലും ഇഴുകി ചേർന്നിട്ടുണ്ട് .നാട്ടിൽ നനഞ്ഞ ഓരോ മഴയും ഓരോ അനുഭവങ്ങൾ ആയിരുന്നു .
ചിങ്ങത്തിലെ മഴ ശൃംഖാരിയാണ് .കണ്ടിട്ടില്ലേ ചിണുങ്ങി- ചിണുങ്ങി അതങ്ങനെ വന്നും പോയിയും ഇരിയ്ക്കുന്നത്. അങ്ങനെ ഒരു ശൃംഖാര മഴ കഴിഞ്ഞ സന്ധ്യയിലായിരുന്നു എൻറെ ജനനം .അന്ന് പെയ്ത മഴയിൽഎൻറെകരച്ചിൽഅമർന്നുപോയിരുന്നിരിക്കണം .മുട്ടിലിഴഞ്ഞപ്പോഴും പിച്ചവച്ചപ്പോഴും മഴ കാലം തെറ്റാതെ പെയ്തിട്ടുണ്ടാകും .ബാല...്യത്തിൽ ഓടിനടന്ന് നനഞ്ഞ മഴയ്ക്കൊപ്പം പനി പിടിക്കുകയും അമ്മേടെന്ന് കണക്കിന് കിട്ടുകയും ചെയ്തിട്ടുണ്ടാകും .പക്ഷേ കുടയെടുക്കാൻ മറന്നൊരു വൈകുന്നേരം വാഴയില തണലിൽ നിന്നോടൊത്ത് നനഞ്ഞ മഴയ്ക്കായിരുന്നു അന്നുവരെ പെയ്തതിൽ വച്ച് ഏറ്റവും ഭംഗി .
പിന്നീട് , കാലങ്ങൾ കഴിഞ്ഞപ്പോൾ തുലാവർഷം ഇടിയോടെ പെയ്തൊരു സന്ധ്യയിൽ വെള്ളപുതപ്പിച്ച് നിന്നെ ഉമ്മറത്ത്‌ കിടത്തും വരെ മഴയും നീയും എന്നെ വല്ലാതെ മോഹിപ്പിച്ചിരുന്നു . പിന്നെയെന്നും മഴയേക്കാൾ നിറഞ്ഞു പെയ്യുന്നത് എന്റെ ഈ മിഴികളാണ് .
(മഴ എന്ന നോവലിൽ നിന്നൊരു ചെറിയ ഭാഗം )

അഭിനവ സാവിത്രിമാർ ,,,

അഭിനവ സാവിത്രിമാർ ,,,
മരണം നിന്നെ എന്നിൽ നിന്നും അടർത്തിയെടുക്കുമ്പോൾ
സാവിത്രിയെ പോലെ പൊരുതണമെന്നും
കാലനെ കബളിപ്പിച്ചു തിരിച്ചയക്കണമെന്നും
മോഹമുണ്ട് അതിനുള്ള കഴിവുമുണ്ട്
പക്ഷെ ജീവിതത്തിലേക്ക് മടങ്ങിവരുന്ന നിമിഷം
നീ ആദ്യം കുരുക്കിടുക ഈ കഴുത്തിലാവും
അതുകൊണ്ടു മാത്രം ഞാനൊന്ന് നോക്കിനിന്നിടട്ടെ ,,,,,

( തൻറെ പതിയുടെ ജീവനെടുക്കാൻ വന്ന കാലനോട്‌ പതിയുടെ ജീവനുവേണ്ടി സാവിത്രി കേണപേക്ഷിച്ചു എന്നും ഒടുവിൽ ഗത്യന്ധരമില്ലതെ ഭർത്താവിന്റെ ജീവനല്ലാതെ മറ്റെന്തു വരം വേണമെങ്കിലും നൽകാമെന്ന് യമരാജൻ സമ്മതിക്കുകയും .ബുദ്ധിമതിയായ സാവിത്രി തനിക്ക് ഭർത്താവിൽ നിന്നും 100 പുത്രന്മാർ ഉണ്ടാകണമെന്ന് ആവശ്യപെടുകയും അങ്ങനെ സത്യവാൻ മരണത്തെ അതിജീവിച്ചു എന്നും പുരാണത്തിൽ ഒരു കഥ ഉണ്ട് )
---കവിത ----

അച്ഛനെല്ലാം കണ്ടറിഞ്ഞു ചെയ്തിരുന്നു

അച്ഛനെല്ലാം കണ്ടറിഞ്ഞു ചെയ്തിരുന്നു ,,,
ഉത്സവപറമ്പിൽ "വർണ്ണ കാഴ്ച്ചകൾ " ഒക്കെയും
അച്ഛന്റെ വിരലിൽ തൂങ്ങിയാണ് ഉണ്ണി കണ്ടു ശീലിച്ചത്
നെറ്റിപട്ടം കെട്ടിയ ആനകളൊക്കെ തലപൊക്കത്തിനു മത്സരിക്കുമ്പോൾ ,
ഉണ്ണിക്ക് കാഴ്ച മറയാതിരിക്കാൻ ഉണ്ണിയെ -
തോളിലിരുത്തി ആനയേക്കാൾ കേമനായ്
തലപൊക്കിപിടിച്ചു നില്ക്കാറുണ്ടച്ചൻ

പഞ്ഞി മിടായി അലിയിച്ച വായ കൊണ്ടച്ചനുമ്മകൾ തന്ന്
കൈവിട്ട ബലൂണിൻ പിന്നാലെ പാഞ്ഞ് ...
മേളം കൊഴുക്കുമ്പോൾ തോളത്തുനിന്നൂർന്നു ഇറങ്ങി
ചെണ്ടക്കൊപ്പം ചോടും വച്ച്
മാനത്ത് മഴവില്ല് വിതറി പടക്കങ്ങൾ പൊട്ടുമ്പോൾ
പേടിച്ച് അച്ഛന്റെ തോളത്തു പറ്റികിടന്ന്,,,
അങ്ങനെയങ്ങനെ അച്ഛനൊപ്പായിരുന്നു ഉണ്ണി എപ്പോഴും,

എന്നിട്ടും ഒടുവിലെപ്പോഴോ ചൂണ്ടാണി വിരലിൽ നിന്ന്
ഉണ്ണീടെ കുഞ്ഞി കൈകൾ ഊർന്നുപോയത് മാത്രം
അച്ഛനറിഞ്ഞില്ലല്ലോ ,,
അല്ലെങ്കിലിങ്ങനെ ഊരുതെണ്ടിയെപോലെന്റെ ഉണ്ണിയെ
തേടി അച്ഛനലയേണ്ടി വരില്ലായിരുന്നുണ്ണീ ,,

Tuesday, April 15, 2014

ഒന്നിറുകെ പുണർന്നിട്ട് കൂടിയില്ല


ഒന്നിറുകെ പുണർന്നിട്ട് കൂടിയില്ല 
എന്നിട്ടും  ഹൃദയം നിന്നോടോട്ടിയപോലെ ,,,
ഒരു ചുംബനം തന്നിട്ട് കൂടിയില്ല 
എന്നിട്ടും മധുരമേറെ അറിഞ്ഞപോലെ,,, 
മുടിയിഴകളിൽ വിരലൊന്നോടിച്ചിട്ടില്ല 
എന്നിട്ടും പതിവായ്‌ തഴുകുന്നപോലെ,,

എന്റെ പ്രണയം അക്ഷരങ്ങളായ്‌ പകർത്താനെനിക്കറിയില്ല .
അതിനർത്ഥം എന്റെയുള്ളിൽ പ്രണയമില്ലെന്നല്ല,നിന്റെയാ കണ്ണുകളിൽ ഞാൻ എന്റെ പ്രണയം ഒളിപ്പിക്കുന്നു നമുക്ക് പരസ്പരം വായിക്കാനായി  .പരസ്പരം വായിച്ചെടുക്കുന്നവ നീ എൻറെ ഹൃദയത്തിലെക്കും ഞാൻ നിന്റെ ഹൃദയത്തിലെക്കും പകർത്തിയെഴുതും .അതുവരെ നിനക്കിതിനെ സൌഹൃദമായ് കാണാം .അപ്പോഴും ഞാൻ ഇതെന്റെ പ്രണയമെന്ന് ഉറക്കെയുറക്കെ പറഞ്ഞുകൊണ്ടിരിക്കും .
സ്നേഹത്തോടെ ,,,,,

കവിത