Wednesday, April 16, 2014

അച്ഛനെല്ലാം കണ്ടറിഞ്ഞു ചെയ്തിരുന്നു

അച്ഛനെല്ലാം കണ്ടറിഞ്ഞു ചെയ്തിരുന്നു ,,,
ഉത്സവപറമ്പിൽ "വർണ്ണ കാഴ്ച്ചകൾ " ഒക്കെയും
അച്ഛന്റെ വിരലിൽ തൂങ്ങിയാണ് ഉണ്ണി കണ്ടു ശീലിച്ചത്
നെറ്റിപട്ടം കെട്ടിയ ആനകളൊക്കെ തലപൊക്കത്തിനു മത്സരിക്കുമ്പോൾ ,
ഉണ്ണിക്ക് കാഴ്ച മറയാതിരിക്കാൻ ഉണ്ണിയെ -
തോളിലിരുത്തി ആനയേക്കാൾ കേമനായ്
തലപൊക്കിപിടിച്ചു നില്ക്കാറുണ്ടച്ചൻ

പഞ്ഞി മിടായി അലിയിച്ച വായ കൊണ്ടച്ചനുമ്മകൾ തന്ന്
കൈവിട്ട ബലൂണിൻ പിന്നാലെ പാഞ്ഞ് ...
മേളം കൊഴുക്കുമ്പോൾ തോളത്തുനിന്നൂർന്നു ഇറങ്ങി
ചെണ്ടക്കൊപ്പം ചോടും വച്ച്
മാനത്ത് മഴവില്ല് വിതറി പടക്കങ്ങൾ പൊട്ടുമ്പോൾ
പേടിച്ച് അച്ഛന്റെ തോളത്തു പറ്റികിടന്ന്,,,
അങ്ങനെയങ്ങനെ അച്ഛനൊപ്പായിരുന്നു ഉണ്ണി എപ്പോഴും,

എന്നിട്ടും ഒടുവിലെപ്പോഴോ ചൂണ്ടാണി വിരലിൽ നിന്ന്
ഉണ്ണീടെ കുഞ്ഞി കൈകൾ ഊർന്നുപോയത് മാത്രം
അച്ഛനറിഞ്ഞില്ലല്ലോ ,,
അല്ലെങ്കിലിങ്ങനെ ഊരുതെണ്ടിയെപോലെന്റെ ഉണ്ണിയെ
തേടി അച്ഛനലയേണ്ടി വരില്ലായിരുന്നുണ്ണീ ,,

No comments:

Post a Comment