Thursday, June 26, 2014

പാലകാട്ടുകാരി അമ്മു

വഴിയോരത്ത് മുല്ലപ്പൂ വിൽക്കണ
അമ്മുവിനെ അറിയുമോ ?

അരയാലിനോട് ചേർന്നുള്ള ആ കൊച്ചുപൂക്കട ,

ദാവണിയുടുത്ത് നിറയെ കുപ്പിവളകൾ അണിഞ്ഞ്,
നീളമുള്ള മുടി ഭംഗിയായി മെടഞ്ഞ് ,
തമിഴ് ചുവയുള്ള മലയാളം പറയുന്ന ,
നിഷ്കളങ്കമായി എപ്പോഴും പൊട്ടിച്ചിരിക്കുന്ന ,
ആ പാലകാട്ടുകാരി അമ്മു ! ...

അവൾക്കു കൊടുക്കാൻ കുറച്ചു പൂക്കൾ വേണം
മുല്ലയും പിച്ചിയും ജമന്തിയും ഒക്കെ വേണം

വേഗം വേണം ,വേഗം,,,

അതെല്ലാം ചേർത്ത് വട്ടത്തിലൊന്ന്
കോർത്ത് എടുത്തോ ,ഒരു റീത്ത് പോലെ ,,

വേഗം വേണം , വേഗം ,,,,,,,"

--കവിത --

അവൾ ,ആ നാടോടി പെണ്ണ്

ആളോഴിഞ്ഞ ബസിൽ ഒറ്റയ്ക്കിരിക്കുമ്പോൾ,
അടുത്തേക്ക് വന്നു അവൾ,
ആ നാടോടി പെണ്ണ് ,

ശംഖു മാലകളും വർണ്ണ ചാന്തുകളും നിറച്ച പെട്ടി -
തുറന്നു വച്ച് പ്രതീക്ഷയോടെ എന്നെ നോക്കി .

പല വർണ്ണത്തിലുള്ള ചാന്തുപൊട്ടിന്റെ മണം,
ഒരുനിമിഷം നിന്നെ ഓർമ്മിപ്പിച്ചു .അതുകൊണ്ടുമാത്രം,
അതിലൊന്നെടുത്ത്‌ അവളാവശ്യപെട്ട മുപ്പതു രൂപ കൊടുത്തു ....

എന്നിട്ടും അവളവിടെ തന്നെ നിന്നപ്പോൾ ഇനിയൊന്നും വാങ്ങില്ലെന്നുറപ്പിച്ച് നഗരത്തിന്റെ തിരക്കുകളിലേക്ക് കണ്ണോടിച്ച് ഞാനും ഇരുന്നു .
വണ്ടി പുറപ്പെടാൻ ഇനിയുമുണ്ട് സമയം .

"നല്ല മണം .സോപ്പിന്റെയാ ? " അവളുടെ ചോദ്യം എന്നെ ഞെട്ടിച്ചു .എങ്കിലും പറഞ്ഞു .

"നിന്റെയീ മുഷിഞ്ഞ മണമെനിക്കൊന്നു കടം തന്ന്, പകരമീ വിലകൂടിയ
സുഗന്ധം നീയെടുത്തോ , ,അകത്ത് വേദനകളും ആകുലതകളും കുമിഞ്ഞു കൂടി നാറിതുടങ്ങിയിരിക്കുന്നു .എന്റെ മനസിന്റെ മണത്തിനു നിന്റെ ഈ മുഷിഞ്ഞ മണമാകും ചേരുക .നിന്റെ മനസിന്റെ നിഷ്കളങ്ക്തക്ക് എന്റെയീ വിലകൂടിയ സുഗന്ധവും ചേരും ."

പാവം അവൾക്കൊന്നും മനസിലായില്ല .ബസിൽ നിന്നിറങ്ങി അവളൊന്നു തിരിഞ്ഞു നോക്കി .പിന്നെ നഗരത്തിന്റെ തിരക്കിൽ അലിഞ്ഞില്ലാതായി .

---കവിത ---

വെള്ളാരം കല്ലുകൾ

ആദ്യമായ് കാണാൻ വരുമ്പോൾ അമ്മക്കെന്താണ് കൊണ്ടുവരേണ്ടത് ?
"ഒരുപിടി വെള്ളാരം കല്ലുകൾ " എന്നമ്മ പറഞ്ഞപ്പോൾ മനസൊന്നു കുളിരുകോരി .
വെള്ളാരം കല്ലുകളിൽ തൊട്ടപോലെ,,,,

കമല

നീർമാതളത്തിന്റെ ചില്ലയിൽ പലനിറത്തിലുള്ള കുപ്പിവളകൾ,,
കമലയുടെ പ്രിയപ്പെട്ടവർ അവൾക്കായി അണിയിച്ചവ,
ഇളം തെന്നലൊന്ന് തലോടിയപ്പോൾ ആ വളകളൊക്കെയും
പൊട്ടിച്ചിരിച്ചു ,
കമലയെ പോലെ ,,,
അഞ്ചുവർഷം കേൾക്കാതെ പോയ ചിരി ,,,
മുത്ത്‌വാരി വിതറും പോലെയാണ് കുപ്പിവളകൾ ചില്ലകളിൽ കൂട്ടിമുട്ടി സ്വരമുതിർത്തത് ..
കമല എല്ലാം കണ്ടു ,കേട്ടു .ഒടുവിൽ കൈവീശി യാത്ര പറഞ്ഞ് പോയി ,
വെളുത്ത മേഘക്കെട്ടുകൾക്കിടയിലൂടെ കമലയുടെ മാത്രം ലോകത്തേക്ക് ,
പ്രണയം മരിക്കാത്ത താഴ്വരങ്ങളിലേക്ക് ,,,
--കവിത ---

നിന്നെയാണെനിക്ക് അതിലും ഇഷ്ട0

പട്ടികളെയാണ് ഏറെ ഇഷ്ടമെന്ന്-
പെണ്ണുകാണാൻ വന്നപ്പോൾ-
ആവർത്തിച്ചു പറഞ്ഞിരുന്നതാണ് .
കെട്ടുകഴിഞ്ഞ് വലതുകാൽ വച്ചതും
കൂട്ടിലൊരു പട്ടികുരച്ചു.
"കേട്ടില്ലേ എന്റെ പട്ടിയാ " ...
ഗർവ്വോടെ അവന്റെ കണ്ണുകളാണത്‌ പറഞ്ഞത് .

മുഖംകുനിച്ചകത്തു കയറിയപ്പോൾ തൊട്ട്,
കാതിൽ മന്ത്രിച്ചുകൊണ്ടിരുന്നു ,
 
"നിന്നെയാണെനിക്ക് അതിലും ഇഷ്ട"മെന്ന് ,

ആദ്യമൊന്നും വിശ്വസിച്ചില്ലെങ്കിലും,
അടച്ചുപൂട്ടിയ മുറിക്കകത്തിരിക്കുമ്പോൾ
അവനെന്നെയും ഒരുപാടിഷ്ടമാണെന്നറിഞ്ഞു ഞാനും,,

മരിച്ചവർ തിരിച്ചുവന്നാൽ

മരിച്ചവർ തിരിച്ചുവന്നാൽ ,,,,,
മാസങ്ങൾക്ക് ശേഷമാണ് വീട്ടിലേക്കൊന്നു പോകാനായത്‌ .അമ്മയുടെയും ഭർത്താവിന്റെയും മകളുടെയും ബന്ധുക്കളുടെയും കണ്ണീരെങ്ങനെ തുടയ്ക്കുമെന്നും അവരെ എന്തു പറഞ്ഞൊന്നു ആശ്വസിപ്പിക്കുമെന്നും എനിക്കറിയില്ലായിരുന്നു .യാത്രയിലുടനീളം അതിനെക്കുറിച്ചു മാത്രമാണ് ചിന്തിച്ചത് .അവരുടെ സങ്കടം കണ്ടുനില്ക്കാനാവാത്തോണ്ട് മാത്രമായിരുന്നു യാത്ര കുറച്ചു വൈകിച്ചത് .ഇതിപ്പോൾ മാസങ്ങൾ കുറച്ചായി .അവരെല്ലാം എൻറെ തിരിച്ചുവരവ് എങ്ങനെയാവും ആഘോഷിക്കുക .ഒരു വിസ്മയം പോലെ അവരെന്നെ നോക്കി നിൽക്കുമ്പോൾ .ഞാൻ മരിച്ചിട്ടില്ലെന്നും ,നിങ്ങളില്ലാത്തോരു ലോകത്ത് ഒറ്റയ്ക്കെനിക്ക് വയ്യെന്നും പറയണം .,,,,
വിരഹം വൃദ്ധനാക്കിയ ഭർത്താവിനെ ആശ്വസിപ്പിച്ച് ,വാടി തളർന്ന മോളുടെ നെറ്റിയിൽ ഉമ്മ കൊടുത്ത് ,അടുക്കളപ്പടിയിൽ തളർന്നിരിക്കുന്ന അമ്മയെ പുറകിലൂടെച്ചെന്നൊന്ന് പുണർന്ന് ,,,,,,,,കുറച്ചു നേരമെങ്കിലും അവർക്ക് സന്തോഷം മടക്കി നൽകണം ,,,,,
മുള്ളുവേലി കടന്ന് മുറ്റത്തേക്ക് കാലുവച്ചതും കണ്ടു പ്രസരിപ്പോടെ ഓടി നടക്കുന്ന മോളെ ,സമാധാനമായി എൻറെ കുറവ് അദ്ദേഹം സ്വന്തം വേദന മറച്ചുവച്ചും നികത്തുന്നുണ്ടല്ലോ ,
മുറ്റത്തുണക്കാൻ വിരിച്ച തുണികൾ ഓരോന്നായി അമ്മ മടക്കിയെടുക്കുന്നത് അപ്പോഴാണ് ശ്രദ്ധിച്ചത് .അതിൽ എൻറെ ഒരു നീല സാരിയും! .മരണ വീടല്ലേ ബന്ധുക്കൾ ആരെങ്കിലും മാറി ഉടുത്തതാവും .അകത്തലമാരയിൽ എനിക്കേറെ ഇഷ്ടമുള്ള ഒരു സാരി ഉണ്ട് കറുപ്പിൽ ചുവന്ന പൂക്കൾ ഉള്ള സാരി .ഞാൻ അതുടുക്കുന്നതാണ് അദ്ധേഹത്തിനേറെ ഇഷ്ടം .കഴിഞ്ഞ വർഷം കാവിലെ പൂരത്തിന് വിരുന്ന് വന്ന ലതചിറ്റക്കതൊന്നു മാറിയുടുക്കാൻ കൊടുത്തതിന് രണ്ടു ദിവസം എന്നോട് മിണ്ടാതെ നടന്നു .അന്നുറങ്ങാൻ നേരം കാര്യമായിത്തന്നെ പറഞ്ഞു നീയല്ലാതെ വേറെ ആരും നിൻറെ വസ്ത്രം ഉടുക്കുന്നതെനിക്ക് ഇഷ്ടമല്ലെന്ന് .
കണ്ണുകൾ ആകെ തിരഞ്ഞു ആ ക്ഷീണിത മുഖം തേടി .കണ്ടില്ല ,പുറത്തെവിടെ എങ്കിലും പോയതാകും വരുമ്പോൾ അലമാരയിൽ നിന്ന് കറുപ്പിൽ ചുവന്ന പൂക്കളുള്ള ആ സാരി എടുത്തുടുത്ത്‌ മുന്നിൽ ചെന്നുനിന്ന് അദ്ധേഹത്തെ ഒന്നു ഞെട്ടിക്കണം .അലമാര മുഴുവൻ പരതിയിട്ടും ആ സാരി കിട്ടിയില്ല .
"അമ്മേ ,,,,"
പിന്നിൽ മോളുടെ ശബ്ദം , രക്തബന്ധത്തെ അകറ്റാൻ ഒരു മരണത്തിനും കഴിയില്ല . കണ്ടില്ലേ എൻറെ മോളെന്നെ തിരിച്ചറിഞ്ഞത് ,മോളെ എന്നുറക്കെ വിളിച്ചു എങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല .
" അമ്മേ അച്ഛനെപ്പോ വരും ? "
"അച്ഛനിന്നു നേരത്തെ വരും ,എന്നിട്ട് അമ്മയ്ക്കും മോൾക്കും അച്ഛനും കൂടെ പുറത്തുപോകാമെന്ന് രാവിലെ പോകുമ്പോൾ പറഞ്ഞിരുന്നു "
അതും പറഞ്ഞ് മോളെ ചേർത്തു പിടിച്ച ആ മുഖം , കണ്ണുനീർ എൻറെ കാഴ്ച്ച മറച്ചതുകൊണ്ട്‌മാത്രം വെക്തമായ് കാണാനായില്ല , എങ്കിലും കറുപ്പിൽ ചുവന്ന പൂക്കൾ ഉള്ള സാരിയിൽ അവരൊരു ദേവതയെപോലെ തോന്നിച്ചു ...
---കവിത ---