Thursday, January 29, 2015

മാഘപൌർണമിയിൽ ,
നിലാവിൻ നീലിമയിൽ ,
ആകാശപരപ്പിലൂടൊഴുകുമീ,
തിങ്കൾ തോണി നീ തുഴയവേ ,
വെണ്ണപൂശിയ കൊട്ടാരം ,അതിലേറി നാം -
കുന്നു കണ്ടു കുന്നിൻ ചെരിവു കണ്ടു ,,
കുന്നിൻ ചെരുവിലെപ്പോഴോ മാനം ,
നാണം മറന്നഴിച്ചുവച്ചൊരു നീല ചേല കണ്ടു ,,
മാരിവില്ലിൻ തേരിലേറവേ,
കടലു കണ്ടു അതിൻ പരപ്പുകണ്ടു ,
അതിന്നാഴങ്ങളിൽ സൂര്യനൊളിപ്പിച്ച,
പാതിതുറന്നൊരു കുങ്കുമ ചെപ്പു കണ്ടു ,,
താരകകൂട്ടത്തിലേക്കോടിയിറങ്ങവേ,
പൊയ്പോയ ബാല്യമെനിക്കോർമ്മ വന്നു .
താഴയപ്പഴുമൊരുണ്ണി താരകമായ തൻ
പൊന്നമ്മയെ നോക്കി ചിരിച്ചു നിന്നു ,,
---കവിത --

അഞ്ചു നുണകൾ ;

അഞ്ചു നുണകൾ ;
1.സ്വർഗം
ചുമരടർന്ന വീട്ടിൽ ,ഇത്തിരി ചാണകംത്തേച്ച തറയിൽ ,
വിരലുകൊണ്ട് ചിത്രംവരച്ചച്ചനോട് ഇതാണ് -
നമ്മുടെ സ്വർഗമെന്ന് നുണ പറഞ്ഞിരുന്നമ്മ.
2.കാലിചാക്ക്
റേഷൻകടക്കാരനോട് തൊഴുത്ത്മറക്കാനെന്ന് നുണ,
പറഞ്ഞിരന്നു വാങ്ങിയ കാലിചാക്കുകൊണ്ട് ,
എന്നേം അനിയനേം പുതപ്പിച്ചുറക്കിയിരുന്നമ്മ .
3.നല്ല പുതപ്പ്
വൃശ്ചിക പുലരിയിൽ തണുപ്പരിച്ചിറങ്ങവേ ,
കാലിചാക്കിനാൽ മൂടിപുതപ്പിച്ചുകൊണ്ട്,
ഈ തണുപ്പിലിതിലും നല്ലൊരു ,
പുതപ്പുവേറെയില്ലെന്നു പിന്നെയും നുണപറയുമായിരുന്നമ്മ .
4.പ്രാതൽ
അധികം വരുന്ന പ്രാതലുമായി ദേവി ചെറിയമ്മ ,
കേറിവരുമ്പോഴൊക്കെ "കുട്ടികളുണ്ടതിൻ ബാക്കിയിവിടന്ന് ,
അങ്ങോട്ടെടുക്കാൻ തുടങ്ങുകയായിരുന്നു ",
ഞാനെന്ന് വീണ്ടും നുണ പറഞ്ഞിരുന്നമ്മ .
5.കഞ്ഞി പുരാണം
തിരികെ അടുക്കളയിലേക്കോടിവന്നിട്ട് ,
കാലത്തെ അരവയറെങ്കിലും കഞ്ഞികുടിക്കുമ്പോൾ ,
കിട്ടുന്ന രുചിയും ഗുണവും ,
അതൊന്ന് വേറെതന്നെയെന്നമ്മ .
6.ഞാൻ !
ആ വേറിട്ട രുചിയും ഗുണവും അമ്മ വേണ്ടെന്ന് വച്ചതെന്തിനായിരുന്നെന്നെ -
നിക്കറിയാമായിരുന്നപ്പോഴേ ,,
7.അനിയൻ !
നമ്മളെല്ലാരും പോയി കഴിയുമ്പോളമ്മ ,
ദേവി ചെറിയമ്മേടെ വീട്ടിന്ന് ,
രുചിയില്ലാത്ത പ്രാതല് കഴിക്കണുണ്ടാകുമെന്ന-
അനിയന്റെ സന്ദേഹം ഓർത്തിട്ടെനിക്കിപ്പോൾ കണ്ണുനിറഞ്ഞിട്ടും വയ്യമ്മേ .,
---കവിത ----

നോവുകളുടെ കൂട്ടുകാരി ,,,,ആമി ,,,

"നിലച്ച ഘടികാരങ്ങൾ ,നിരർത്ഥക ജല്പനങ്ങൾ ,
അകത്തളങ്ങളിൽ മൃതി തോറ്റുപോകുന്ന തണുപ്പ് ,
ഓർമ്മകളിലേക്ക് മടങ്ങുമ്പോൾ തൊണ്ടയിൽ കുരുങ്ങുന്നൊരോക്കാനം!
ഇവിടെ നിന്നുമാണ് അമ്മയുടെ ആമി ഇനി എഴുതുക ,,,,"
"നിങ്ങൾക്കറിയുമോ ആമിയെ ,
നോവുകളുടെ കൂട്ടുകാരി ,,,,ആമി ,,,
ആദ്യമായവളെഴുതിയ അക്ഷരമുത്തുകൾക്ക് ബാല്യത്തിന്റെ തെറ്റലുണ്ടിപ്പോഴും .എന്നിട്ടും,
ആദ്യാനുരാഗം പോലെ അതിന്നും ആമിക്കൊപ്പമുണ്ട് ,
മധുരമായരോർമ്മ പോലെ ,,
ആമിയുടെ ഉള്ളിലൊരു മരമുണ്ട്,
എന്നും നിറയെ പൂക്കുന്ന ഒരൊറ്റ മരം .
ചില്ലയിലാകെ നോവു മാത്രം പൂക്കുന്ന നോവ്മരം .
നിങ്ങൾക്കറിയോ ?
നോവിന്റെ പൂക്കൾക്ക് നിറമുണ്ടെന്ന് ,
ചോരയുടെ ചുവപ്പാണാ പൂക്കൾക്ക്
ഉപ്പു രുചിക്കാറുണ്ടാ പൂക്കളെ ,
എങ്കിലും വാടിയ സ്വപ്നങ്ങളുടെ വാസനയാണവയ്ക്ക് ,
അതാണ്‌ ആമിക്ക് ഏറെ ഇഷ്ടം!
നിങ്ങൾക്കറിയോ ?
ആമിക്കൊരു സ്വപ്നമുണ്ടെന്ന് ,
നോവുമരത്തിലാകെ പല വർണ്ണ കിളികളെകൊണ്ട് നിറയണം ,
അതിലൊരു മുത്തശ്ശി കിളിയും ഒരു മുത്തശ്ശൻ കിളിയും വേണം .
പിന്നെയൊരൊമ്മ കിളി ,
ആമിയുടെ അമ്മയെ പോലെ മനസു നിറച്ചും സ്നേഹമുള്ളോരമ്മക്കിളി,
അമ്മക്ക് തണലായൊരാണ്‍ കിളിയും ,,
പിന്നെയുമൊരുപാട് കുഞ്ഞികിളികളും വേണം ,
ഓരോ ചില്ലയിലും അറിയാതെ പൂക്കും നോവിനെ
നോവാതെ നുള്ളിയെറിയാൻ ,,,
പിന്നെയും പിന്നെയും ഒരുപാട് കുഞ്ഞിക്കിളികൾ ,"
--കവിത ---