Friday, November 21, 2014

തണുപ്പിന്റെ താഴ്വാരങ്ങളിലേക്ക്

പോകാം നമുക്ക് ,തണുപ്പിന്റെ താഴ്വാരങ്ങളിലേക്ക്, ,,
അവിടെ ഒരിക്കലും കൊഴിയാത്ത രണ്ടു മഞ്ഞ മന്ദാരങ്ങളായി പൂത്തു നില്ക്കാം .
തഴുകി കടന്നുപോകുന്ന കാറ്റിനോടൊക്കെയും കിന്നാരംചൊല്ലാം ,
പ്രണയത്തിന്റെ വക്താവായ ഗുൽമോഹറിന് ചോരയുടെ മണമില്ലെന്ന് പറയാം ,
ശവംനാറി പൂക്കളെ ഉഷമലരിയെന്നോമനിച്ചു വിളിക്കാം ,
ഒരു രാത്രികൊണ്ട്‌ തളരുന്ന നിശാഗന്ധിയെ എന്തെങ്കിലും പറഞ്ഞൊന്നാശ്വസിപ്പിക്കാം
യക്ഷികഥകളിൽ നിന്ന് പാലപ്പൂവിൻറെ സൌരഭ്യത്തെ അടർത്തി മാറ്റാം
ശാസ്ത്രത്തിന് കീറിമുറിക്കാനിനി ചെമ്പരത്തി പൂക്കളെ കൊടുക്കാതിരിക്കാം
തണുപ്പുമരിക്കുന്ന സന്ധ്യകളിൽ താഴ്വാരത്തിലെ നീലകുറിഞ്ഞികളെ വേദനയോടെ യാത്രയാക്കാം .
ആ വേദനയിൽ ഒരിതളെങ്കിലും പൊഴിച്ച് വീണ്ടുമൊരു തണുപ്പുകാലത്തിനായി കാത്തിരിക്കാം .
പോകാം നമുക്ക് ,തണുപ്പിന്റെ താഴ്വാരങ്ങളിലേക്ക്,,,,
അവിടെ ഒരിക്കലും കൊഴിയാത്ത രണ്ടു മഞ്ഞ മന്ദാരങ്ങളായി പൂത്തു നില്ക്കാം ....
--കവിത --

ഏകാന്തതയുടെ കവാടങ്ങൾ

ഏകാന്തതയുടെ കവാടങ്ങൾ,,,,,,,
ഏകാന്തതയുടെ കവാടങ്ങൾ സുഭദ്രക്ക് മുൻപിൽ എന്നും തുറന്നു കിടന്നിരുന്നു .ചാറ്റൽമഴ തോർന്ന സായംസന്ധ്യയിൽ ഈറനണിഞ്ഞ സ്വന്തം മുടിയിഴകളെ വിരലുകളാൽ തഴുകി ഉണക്കി മട്ടുപാവിൽ ഉലാത്തുമ്പോൾ സുഭദ്ര ഓർത്തതും അതുതന്നെയാണ് .ഏകാന്തതക്ക് മാത്രം എന്തേ തന്നെ മടുക്കുന്നില്ല ? .
ഏകാന്തതക്ക് മരണത്തിന്റെ ഗന്ധമാണെന്ന് വലിയമ്മ പറയുമായിരുന്നു . കഷായവും കുഴമ്പും മണക്കുന്ന മുറിക്കുള്ളിൽ മാസങ്ങളോളം തനിച്ചു കിടന്നപ്പോൾ വലിയമ്മയും മരണത്തിന്റെ ഗന്ധമുള്ള നിശബ്ദതയെ പ്രണയിച്ചുകാണും .അവിടെ ഒരു കട്ടുറുംബിനെപോലെ ഇടക്ക് എത്തിനോക്കിയത് താൻ മാത്രമായിരുന്നു.
വർണ്ണങ്ങൾ ചാലിച്ചെഴുതിയ ബാല്യവും കൗമാരവും സുഭദ്രയെ പൊന്നുപോലെയാണ് പരിപാലിച്ചത് .
കൂട്ടുകുടുംബം വിട്ട് അച്ഛനമ്മമാരുടെ ലാളനകൾ മറന്ന് സേതുവിൻറെ കൈ പിടിക്കുമ്പോൾ കുറ്റബോധം തെല്ലും അലട്ടാതിരുന്നത് ഇന്നും ഒരമ്പരപ്പായി മനസിലുണ്ട് .സേതുവിൻറെ കുസൃതികൾക്കും പൊട്ടിച്ചിരികൾക്കും ഇടയിൽ എപ്പോഴാണ് നിശബ്ദത തന്നിലേക്ക് പടർന്നു കയറിയത് ? .കൃത്യമായൊരു ദിവസം ഓർത്ത്‌ എടുക്കാനായില്ലെങ്കിലും പിന്നീടെപ്പോഴോ മരണം മണക്കുന്ന ഏകാന്തത സുഭദ്രക്കൊപ്പം നടന്നു തുടങ്ങി .വലിയമ്മയെപോലെ സുഭദ്രയും ഏകാന്തതയെ നിശബ്ദമായി പ്രണയിച്ചു തുടങ്ങി .പക്ഷെ അവർക്കിടയിൽ ഒരു കട്ടുറുമ്പായി എങ്കിലും ,,.,,,,,,,,,,,,,
-----കവിത-----

രാത്രി മഴ നിർത്താതെ പെയ്യുന്നുമുണ്ടായിരുന്നു.

ആ നിമിഷത്തിലെപ്പോഴോ ആകാശത്തിനു ശ്യാമവർണ്ണം കൈവന്നിരുന്നു .
ഒറ്റച്ചിറകുമായൊരു കുഞ്ഞാറ്റക്കിളി തിരികെ പറക്കാനൊരു പാഴ്ശ്രമം നടത്തി .
ഒഴുക്കിൽപ്പെട്ടൊരു കടലാസുവഞ്ചി ദിക്കറിയാതെ ആഴങ്ങളിലേക്ക് താഴ്ന്നു പോയി .
ഞെട്ടറ്റൊരു പൂവിതൾ മണ്ണിലണയാൻ കഴിയാതെ ഇനിയൊരു കാറ്റിനായ് കാതോർത്ത് മരകൊമ്പിലുടക്കി കിടന്നു .
കടലാഴങ്ങളിൽ നിന്നൊരു തിര കരയെ പുണരാൻ കൊതിയോടെ വന്നെങ്കിലും പാതിവഴിയിൽ തളർന്നു വീണു .
അപ്പോഴും രാക്കിളികൾ മധുരമായി പാടുന്നുണ്ടായിരുന്നു.
രാത്രി മഴ നിർത്താതെ പെയ്യുന്നുമുണ്ടായിരുന്നു.
പതിവിലും മനോഹരമായി ,,,,,,,
--കവിത ---

പ്രഭേട്ടത്തി

പ്രഭേട്ടത്തി ഒരു ഗ്രഹമാണ്,
ഹരിയേട്ടന് ചുറ്റും വലം വയ്ക്കുന്ന ഗ്രഹം .
ഹരിയേട്ടന്റെ കാര്യങ്ങൾ അല്ലാത്തതൊന്നും പ്രഭേട്ടത്തി അറിയാറില്ല .
രാവിലെ ഹരിയേട്ടനെ വിളിച്ചെഴുന്നേല്പ്പിച്ച് കാപ്പികൊടുത്ത്,
എണ്ണയും തോർത്തുമായി പിന്നാലെചെന്ന് ,നേരം പോകുന്നുവെന്നോർമിപ്പിച്ച് ,
ഒരുങ്ങുമ്പോൾ കുപ്പായത്തിന്റെ കുടുക്കുകൾ ക്രമത്തിലിട്ടു കൊടുത്ത് ,
പൊതിചോറ് കെട്ടി,
എടുക്കാൻ മറന്ന പേനയുമായി പിന്നാലെ ഓടിച്ചെന്ന്,
കണ്ണിൽ നിന്ന് മറയും വരെ നോക്കിനിന്ന് ,,,

ഹരിയേട്ടനിറങ്ങിയിലാമുണ്ട് പ്രഭേട്ടത്തിക്ക് തിരക്കുകൾ ഒറ്റരാത്രികൊണ്ട് ഹരിയേട്ടനലങ്കോലമാക്കിയ മേശയും,
പുസ്തകം വയ്ക്കുന്ന അലമാരയും അടുക്കിവച്ച് ,
ഹരിയേട്ടന്റെ ഗന്ധം നിറഞ്ഞ കുപ്പായം കഴുകിയുണക്കി, ,ഇസ്തിരിയിട്ട്,,,
ഹരിയേട്ടനിഷ്ട്ടമുള്ള ഇലയട വേവിച്ച് ,അത്താഴത്തിനുള്ളതൊക്കെ ഒരുക്കി ,
"നേരമൊരുപാടായി വന്നു കിടക്കൂ പ്രഭേട്ടത്തീ "
"ഹരിയേട്ടൻ വന്നില്ലമ്മു "
പ്രഭേട്ടത്തി എന്നും ഇങ്ങനെയാണ് ഇനിയൊരിക്കലും വരാത്ത ഹരിയേട്ടനെ വലംവച്ചുകൊണ്ടിങ്ങനെ .....
പ്രഭേട്ടത്തി ഒരു ഗ്രഹമാണ് .
ഹരിയേട്ടന് ചുറ്റും വലം വയ്ക്കുന്ന ഗ്രഹം.
---കവിത ---

അടയാളങ്ങൾ

"കൂട്ടുകാരാ ,
ഞാൻ നിനക്കയച്ച ഏഴാമത്തെ കത്തും ഇന്നലെ തിരിച്ചു വന്നു .
ഇതെന്റെ എട്ടാമത്തെ കത്താണ് അവസാനത്തേതും. മേൽവിലാസക്കാരനെ കണ്ടില്ലെന്നു പറഞ്ഞ് ഇതും തിരിച്ചു വന്നാൽ, ഒപ്പിട്ടുവാങ്ങാൻ ഞാൻ ഉണ്ടാവില്ല .കാരണം ഈ കത്തിനോടൊപ്പം ഞാനും വരികയാണ്‌ ,,കാലങ്ങൾ കഴിഞ്ഞാലും എനിക്കായി നീ കാത്തുനിൽക്കുമെന്നുറപ്പു പറഞ്ഞ ആ വഴിയിലേക്ക് ,,,,,
നീ പറഞ്ഞുവച്ച അടയാളങ്ങളിലൂടെ നിന്നിലേക്ക്‌ ,,,
മഴക്കാലമാണെങ്കിൽ ആ മണ്‍വഴിയിൽ നിൻറെ കാല്പാടുകൾ പുതഞ്ഞു കിടപ്പുണ്ടാവുമല്ലോ , അതവസാനിക്കുന്നിടത്ത് നീയും ,,,,,
വെയിലിൽ വിരിച്ച വഴികളിലാണ് ഞാൻ എത്തുന്നതെങ്കിൽ ,
ഓടി വരേണ്ടത് പന്തലിച്ചു നില്ക്കുന്ന തല്ലിമരത്തിന്റെ തണലിലേക്കാണെന്നറിയാം ,,,,
മഞ്ഞുവീഴുന്ന പ്രഭാതങ്ങളിൽ ആ വഴികളിലാകെ മഞ്ഞു തുള്ളികളെ ഗർഭംധരിച്ച മുക്കൂറ്റികളെ നോക്കി നിൽക്കുകയാവില്ലേ നീ ,,,,,
ഞാൻ വരികയാണ്‌ ,നീ പറഞ്ഞുവച്ച അടയാളങ്ങളിലൂടെ നിന്നിലേക്ക്‌ ,,,
പിന്നെ ഞാനും നീയുമില്ല നമ്മളേ ഉള്ളൂ ,,,
കൂട്ടുകാരാ , ഞാൻ യാത്രയായി എന്നുറപ്പിക്കാൻ ചില അടയാളങ്ങൾ എനിക്കിവിടെ അവശേഷിപ്പിക്കേണ്ടതുണ്ട് ,അതിനു ഉചിതമായത് നിനക്ക് പൂത്ത കറുകയുടെ മണം സമ്മാനിച്ച എൻറെ ഈ ദേഹമാണ് .
കൂട്ടുകാരാ ,ഞാൻ വരികയാണ്‌ ,നീ പറഞ്ഞുവച്ച അടയാളങ്ങളിലൂടെ നിന്നിലേക്ക്‌ ,,,,,,
പിന്നെ ഞാനും നീയുമില്ല നമ്മളേ ഉള്ളൂ ,,,,,"
കവിത

കണ്ണാ

കണ്ണും പൂട്ടി ഇരിക്കല്ലേ കണ്ണാ ,എൻ
കണ്ണീരാൽ നിൻ പാദമേറെ നനഞ്ഞിട്ടും ,
കണ്ണും പൂട്ടി ഇരിക്കല്ലേ കണ്ണാ,,,
കാമിനിയല്ല ഞാൻ ,കഥനങ്ങൾ ഉണ്ടേറേ ,
കാളിന്ദി പോലെന്നുമീ കണ്ണുകളും,

കർമ്മങ്ങളെല്ലാം മർമ്മമറിയാതെ ,
കാറ്റിൻ മർമ്മരമെങ്ങോ കൊണ്ടുപോയീടുന്നു .
കാലങ്ങളോരോന്നും കാക്കാതെ പോകുന്നു,
കാറ്റുകൊണ്ടുപോം കാർമേഘങ്ങളെപോൽ.
കണ്ണും പൂട്ടി ഇരിക്കല്ലേ കണ്ണാ,,,
കേഴുമീ പെണ്ണിനെ കാണാതെ പോവല്ലേ ,
കണ്ണും പൂട്ടി ഇരിക്കല്ലേ കണ്ണാ ,,,,,
കവിത

താരകമായ തൻ പൊന്നമ്മ

മാഘപൌർണമിയിൽ ,
നിലാവിൻ നീലിമയിൽ ,
ആകാശപരപ്പിലൂടൊഴുകുമീ,
തിങ്കൾ തോണി നീ തുഴയവേ ,

വെണ്ണപൂശിയ കൊട്ടാരം ,അതിലേറി നാം -
കുന്നു കണ്ടു കുന്നിൻ ചെരിവു കണ്ടു ,,
കുന്നിൻ ചെരുവിലെപ്പോഴോ മാനം ,
നാണം മറന്നഴിച്ചുവച്ചൊരു നീല ചേല കണ്ടു ,,

മാരിവില്ലിൻ തേരിലേറവേ,
കടലു കണ്ടു അതിൻ പരപ്പുകണ്ടു ,
അതിന്നാഴങ്ങളിൽ സൂര്യനൊളിപ്പിച്ച,
പാതിതുറന്നൊരു കുങ്കുമ ചെപ്പു കണ്ടു ,,

താരകകൂട്ടത്തിലേക്കോടിയിറങ്ങവേ,
പൊയ്പോയ ബാല്യമെനിക്കോർമ്മ വന്നു .

താഴയപ്പഴുമൊരുണ്ണി താരകമായ തൻ
പൊന്നമ്മയെ നോക്കി ചിരിച്ചു നിന്നു ,,
---കവിത --