Friday, February 28, 2014

എന്താണ് ഒരു ഹൈക്കു ?


ഹൈക്കു എന്നത്  ജാപ്പനീസ് കവിതയുടെ ഒരു രൂപമാണ് .
ഹൈക്കുവിന്റെ  പ്രത്യേകത എന്താണ് ?
മൂന്നുവരികൾ ഉള്ളതും 17  അക്ഷരകൂട്ടങ്ങളിൽ  (വാക്കുകൾ , syllables )
ഒതുങ്ങുന്നതുമായ കവിതകളെ ഹൈക്കു വിഭാഗത്തിൽ പെടുത്താം .
ആദ്യത്തെ വരിയിൽ 5 , രണ്ടാമത്തെ വരിയിൽ 7 ,അവസാന വരിയിൽ വീണ്ടും 5 ഇങ്ങനെയാണ് 17 വാക്കുകൾ വരിക .മാത്രമല്ല ഈ വരികൾ 
സമാനപദങ്ങൾ (rhyme ) ആകാനും പാടില്ല .
പതിനേഴാം  നൂറ്റാണ്ടിൽ ആദ്യമായി  ഇത് ഉപയോഗിച്ചത് ജാപ്പനീസ് കവിയായ ബാഷോ ആണ് .അദ്ദേഹത്തിന്റെ യഥാർത്ഥ പേര് Matsuo Munefusa എന്നാണ് .ലൗകികജീവിതത്തിൽ   നിന്ന് പിൻതിരിഞ്ഞ്  ഒരു കുടിലിൽ (ഒരുതരം ഇലകളാൽ നിർമ്മിച്ച ഈ കുടിലുകളെ പറയുന്ന 
 പേരായ basho -un എന്നത് പിന്നീട് അദ്ദേഹത്തിന്റെ പേരായി മാറുകയാണ് ഉണ്ടായത് )  
 ധ്യാനവും  എഴുത്തുമായി അദ്ദേഹം ജീവിച്ചു .
അദ്ദേഹത്തിന്റെ പ്രശസ്തമായ ഒരു ഹൈക്കു താഴെ വിവരിക്കുന്നു .
 
Now the swinging bridge (now the swing ing bridge =5  syllables )
is quieted with creepers (is quiet ed wi th creep ers =7 syllables )
like our tendrilled life (like our tendril ed  life =5 syllables )
 
(കടപ്പാട് Rachel Redford & Oxford University Press )
 
കവിത 

മറക്കരുത്

ആരൊക്കെയോ ബാക്കി വച്ചു പോയതിനെ
കൊള്ളയടിച്ച് സ്വയം തോറ്റു മണ്ണിലേക്ക് തന്നെ മടങ്ങാൻ 
മനുജൻറെ കൊള്ള സംഘത്തിലേക്ക് 
ഓരോ പിറവിയും ആളെ ചേർത്തുകൊണ്ടിരിക്കുന്നു"

 അതുകൊണ്ടല്ലേ ഓരോ പിറവിക്കും മുന്പേ 
പ്രകൃതി  ഒന്ന് വിങ്ങി കരയുന്നത്‌ !
മേഘങ്ങളിങ്ങനെ കറുത്തിരുണ്ട് ,
കടലിങ്ങനെ ക്ഷോഭിച്ച് ഇളകി  മറിഞ്ഞ്, 
പുഴയിങ്ങനെ കുത്തിയൊലിച്ച്, 
കാടും മലയും ചെറു മരകൂട്ടങ്ങളും  ആടി ഉലഞ്ഞ് 
ഭൂമി സ്വയം മാറ് പിളർന്ന് ,,,,,
 നാശത്തിന്റെ വരവറിയിക്കും പ്രകൃതി 
കർഷകൻറെ മണ്ണോരുക്കം  പോലെ 
പ്രകൃതിയുടെ മുന്നൊരുക്കം 
കേട്ടില്ലെന്നു നടിച്ചാലും
 ഒരു സുനാമി പോലെയോ ഹയാൻ പോലെയോ 
ആഞ്ഞടിച്ച്  കേൾപ്പിച്ചിട്ടെ  വിടു 

 
മറക്കരുത് ഒന്നാഞ്ഞടിച്ചാൽ  തീരും ഞാനും നീയും  !


കവിത  
 

കാതങ്ങൾ അകലെയാണെങ്കിലും

കാതങ്ങൾ അകലെയാണെങ്കിലും 
കാതിലൊരു നിശ്വാസത്തിന്റെ അകലം മാത്രം 
പ്രണയത്താൽ കൂമ്പിയ മിഴികൾക്ക് മുകളിലൊരു 
മൃദു ചുംബനത്തിന്റെ ചൂട് 
ഒരുടലായി ചേർന്ന് നിൽക്കവേ 
ഹൃദയമിടിപ്പിന്റെ താളം പോലും  വേർതിരിച്ചറിയാനാവുന്നില്ല
ഒഴുകി വന്ന കാറ്റിന് നമുക്കിടയിലൂടെ കടന്നു പോകാനാവാതെ 
വഴി മാറി പോകേണ്ടി വന്നു  
ഇനിയൊരു തിരിച്ചു പോക്കെനിക്ക് അസാധ്യം 
നിനക്കോ ?
 
 
കവിത 

വർഷയുടെ ഡയറിയിൽ നിന്ന്


28  .02  .2009 
ഇന്ന് ശമ്പള ദിവസമാണ് .എല്ലാം കഴിഞ്ഞ് 8976 രൂപ കിട്ടി .വീട്ടു വാടക , മോൾടെ സ്കൂൾ ഫീസ്  ബസ്‌ ഫീസ്‌ ,വീട്ടാവശ്യത്തിനുള്ള സാധങ്ങൾ ,കറന്റ്‌ ,ഗ്യാസ് ,തുടങ്ങി (മോൾക്ക് പാലിഷ്ടമല്ലാത്തതുകൊണ്ടും എനിക്ക്  പത്രം വായിക്കാൻ ഇഷ്ടമില്ലാത്തത് കൊണ്ടും ആ കാശ് ലാഭം ,ഇങ്ങനെ കുറെ ഇഷ്ടകേടുകൾ ഉണ്ട് എനിക്കും മോൾക്കും ആ വകയിൽ ലാഭിക്കുന്ന തുക ചെറുതല്ല  ) ഒഴിവാക്കാനാകാത്ത എല്ലാത്തിനുള്ളതും എടുത്ത് മാറ്റിവച്ചു .ബാക്കിയുള്ള 2530 രൂപയിൽ  ഒരു മാസത്തെ എൻറെ ബസ് കൂലിയും ഓട്ടോ കൂലിയും കഴിഞ്ഞാൽ ബാക്കി എന്തുണ്ടാകും ! പിന്നി തുടങ്ങിയ  ഈ ബാഗോന്നു മാറ്റണമെന്നുണ്ട് .പക്ഷെ ഇപ്രാവിശ്യവും ,,,,,,,,,,,,,,,
 ഈ ബാഗിന് നാലറയുണ്ട് .പക്ഷെ വന്നുവന്ന് ഏതു അറയിൽ എന്തിട്ടാലും ഒരു മാന്ത്രിക ബാഗ്‌ പോലെ എല്ലാ അറയിലൂടെയും അത് പുറത്തെടുക്കാമെന്നായി .പോരാത്തതിനു ലഞ്ച് റൂമിലെത്തിയാൽ "ഇങ്ങനെ പിശുക്കാതെ ഒരു പുതിയ ബാഗ്‌ വാങ്ങു വർഷാ "
എന്നുള്ള ഉപദേശവും .
ഓരോന്ന് ആലോചിച്ച് ഇറങ്ങേണ്ട സ്റ്റോപ്പ്‌ എത്തിയതറിഞ്ഞില്ല .തിരക്കിട്ട് ഇറങ്ങി നടന്നു .നല്ല തിരക്കുള്ള ജംഗഷൻ ആണ് ഞങ്ങളുടെത് .ഇരുട്ട് വീണുതുടങ്ങിയ വഴിയേ ഒറ്റയ്ക്ക് നടക്കുമ്പോൾ ഞാൻ അത്ഭുതത്തോടെ ഓർക്കുകയായിരുന്നു  .പണ്ട് കോളേജ് വിട്ടുവരാൻ പതിവിലും രണ്ടു മിനിട്ട് വൈകിയാൽ ആധിപിടിച്ച് ഉമ്മറത്ത്‌ കാത്തുനില്ക്കണ അമ്മയുടെ മുഖം .
ഇന്നിപ്പോൾ എത്ര ഇരുട്ടിയാലും ആധി പിടിച്ചു കാത്തുനിൽക്കാൻ  നാട്ടിലെ  സദാചാര പോലിസുകാരല്ലാതെ വേറെ ആരുമില്ല .വഴിയിൽ ഇരുട്ട് കൂടുംതോറും കാലുകളുടെ വേഗവും കൂടിവന്നു .

കവിത 

ജാതി പറയരുത് ചോദിക്കരുത്

പണ്ട് തറവാട്ടിൽ മുറ്റമടിക്കാൻ വന്നിരുന്നത് കല്യാണി എന്ന് പേരുള്ള ഒരു സ്ത്രീ ആയിരുന്നു .ജാതി പറയരുത് ചോദിക്കരുത് എന്നൊക്കെ വലിയ വായിൽ പ്രസംഗിക്കും എങ്കിലും അവരെ ഞങ്ങൾ കുട്ടികൾ അടക്കം ജാതിപേര് ചേർത്താണ് വിളിച്ചിരുന്നത്‌ .അമ്മമ്മയുടെ അടുത്ത് പ്രായമുള്ള അവരാകട്ടെ ഞങ്ങൾ പിള്ളേരോട് പോലും ബഹുമാനത്തോടും വിനയത്തോടും കൂടിയാണ് പെരുമാറിയിരുന്നത് .വീട്ടിലെ പറമ്പിൽ തെങ്ങ് കയറാൻ വന്നയാളെ 
കാലം മാറിയതറിയാതെ തറവാട്ടിലൊരാൾ ജാതിപേര് ചേർത്ത് വിളിച്ചതും അദ്ദേഹം ശക്തിയുക്തം അതിനെ എതിർത്ത് സംസാരിച്ചു ജയിച്ചതും ഇപ്പോഴും ഓർമ്മയിലുണ്ട്‌ .തറവാട്ടിൽ മുത്തച്ഛനായിരുന്നു 
ജാതിഭ്രമം കൂടുതൽ .മൂപ്പർക്ക് പ്രായം കൂടുംതോറും ഈ ഭ്രമവും കൂടിവന്നു .മുത്തച്ഛന്റെ ആണ്മക്കൾക്കൊന്നും ഇങ്ങനെ ഒരു വേർതിരിവ് ഇല്ലായിരുന്നുതാനും .ആയിടക്കാണ്‌ അമ്മാവന്മാരും വല്യേട്ടന്മാരും ഒക്കെ ഒരു സംഘടനയിൽ സജീവമായി പ്രവർത്തിച്ചു പോന്നത് .അതു മുത്തച്ഛനു പിടിച്ചില്ല .അതിനു മൂപ്പർ പറഞ്ഞ കാരണം ഇതായിരുന്നു ."കണ്ണിൽ കണ്ട കൂട്ടങ്ങളുടെ കൂടെ കൂടി  കണ്ട വീടുകളിൽ പോയി കയ്യിട്ടു വാരി തിന്നാൻ തല്ലുകൊള്ളികൾ കണ്ട സൂത്രമാണ് ആ സംഘടനയും അതിൻറെ പ്രവർത്തനവും എന്നായിരുന്നു ."
അങ്ങനെയിരിക്കെ ഒരു ഓണക്കാലത്ത് അമ്മാവന്റെ കൂടെ കുറച്ചു കൂട്ടുകാർ വീട്ടിൽ ഓണമുണ്ണാൻ വന്നു .നാക്കില ഇട്ട് ചമ്രം പടിഞ്ഞിരുന്ന് സദ്യ ഉണ്ട് പകുതിയായപ്പോഴാണ് ചില സിനിമകളിലെ തിലകന്റെ രംഗപ്രവേശം പോലെ മുത്തച്ഛന്റെ വരവ് .മൂപ്പരെ മുന്നിൽ കണ്ടതും പോത്ത്‌കണക്കെ വളർന്ന അമ്മാവന്മാരുടെ വിശപ്പ്‌ ഉണ്ണാതെ മാറി .അടുത്തിരുന്ന കൂട്ടുകാർക്ക് എന്തുചെയ്യണം എന്ന് ആലോചിക്കാൻ സമയം കിട്ടും മുൻപ് മുത്തച്ഛൻ അവരെ എഴുനേൽപ്പിച്ചു വിട്ടു .
ചെയ്ത തെറ്റിന്റെ ആഴം അധ്യാപകൻ കൂടിയായിരുന്ന മുത്തച്ഛന് അന്ന് മനസിലാകാതെ പോയെങ്കിലും പിന്നീട് ഓർമ്മകുറവിന്റെ രൂപത്തിൽ ഈശ്വരനത് മനസിലാക്കി കൊടുത്തു .അതുകൊണ്ടാണല്ലോ സ്വന്തം വീടെന്നു കരുതി മൂപ്പരുടെ ഭാഷയിൽ താണജാതിക്കാരന്റെ കൂരയിൽ ചെന്ന് ഒരു ഗ്ലാസ്‌ വെള്ളം ചോദിച്ചു വാങ്ങി കുടിച്ചത്‌ .അതുകൊണ്ടും തീർന്നില്ല ഒരുപാട് അംഗങ്ങൾ ഉള്ള തറവാട്ടിൽ നിന്ന് ഒരുദിവസം ആരോടും പറയാതെ അല്ലെങ്കിൽ ആരും കാണാതെ ഇറങ്ങിപോയ മുത്തച്ഛൻ പിന്നീടിതുവരെ തിരിച്ചു വന്നിട്ടും ഇല്ല .അമ്മമ്മ മരിക്കും വരെ എന്നേലും ഒരു ഓർമ്മ തെറ്റൊടെ എങ്കിലും മുത്തച്ഛൻ കയറി വരുമെന്ന് എല്ലാരേയും പോലെ ഞാനും പ്രതീക്ഷിച്ചിരുന്നു .പിന്നീടിങ്ങോട്ടു അമ്മമ്മക്ക് ബലിചോറ്  ഉരുട്ടുമ്പോൾ അമ്മയും കൂടപിറപ്പുകളും  ഒരു ഉരുള അധികം കരുതിപോരുന്നു .
 
 
കവിത 

പാറുതള്ള

എൻറെ നാട്ടിലൊരു പാറുതള്ള ഉണ്ടായിരുന്നു .ഭർത്താവ് മരിച്ചുപോയി ഒറ്റ മകൻ .മകന്റെ ഭാര്യയെ കണ്ണെടുത്താലും ഇല്ലെങ്കിലും കണ്ടു കൂടായിരുന്നു ഇവർക്ക് .പലപ്പോഴും അയൽവക്കത്തെ വീടുകളിൽ മരുമകളുടെ കുറ്റം പറഞ്ഞ് അവിടന്ന് ഉണ്ടും ഉറങ്ങിയുമാണ് അവർ ദിവസങ്ങൾ നീക്കിയിരുന്നത്‌ .അങ്ങനെ ഇരിക്കേ മകനും കുടുംബവും എന്തോ കാരണം കൊണ്ട് ആ വീട് വിറ്റ് വേറെ നാട്ടിലേക്ക് പോയി .മനസില്ലാ മനസോടെ പാറുതള്ളയും കൂടെ  പോയി .വയസായി എങ്കിലും ബസൊക്കെ കയറി അവർ ഇടക്ക് ഞങ്ങൾ അയൽക്കാരെ കാണാൻ വരും .ഞങ്ങളെ കാണുക എന്നതിലുപരി മരുമോള്ടെ അനുസരണക്കേട്‌ പങ്കുവയ്ക്കൽ ആയിരുന്നു ഉദ്ദേശം .പറയാൻ  വന്നത് ഇതൊന്നും അല്ല  .എൻറെ ചേട്ടന്റെ കല്യാണം നിശ്ചയിച്ച സമയം .ഞങ്ങൾ ഉമ്മറത്തിരുന്ന് ക്ഷണിക്കാനുള്ളവർക്ക് കത്ത് എഴുതുക ആയിരുന്നു .അപ്പോഴായിരുന്നു പാറുതള്ള അവിടേക്ക് വന്നത് .അവരേയും കല്യാണം ക്ഷണിച്ചു ."ഞാൻ വരും എന്നാലും എന്റെ മോൻ ഷാജിക്ക്  നിങ്ങ ഒരു കത്തയക്കണം കെട്ടാ "പാറുതള്ളയുടെ ആവശ്യപ്രകാരം ഒരു കുറി എടുത്ത് ഞാൻ അഡ്രസ്‌ എഴുതാനിരുന്നു .
"വല്യമ്മാ ഷാജിടെ അഡ്രസ്‌ പറയു "
"എഴുതിക്കോ , ഇവിടന്ന് മാഞ്ഞാലി ബസ് പിടിച്ച് കടവ് സ്റ്റോപ്പിൽ ഇറങ്ങണം അവിടന്ന് ആരോട് ചോദിച്ചാലും കാണിച്ചു തരും പാറു തള്ളേടെ മോൻ ഷാജിടെ വീട് ,"
അന്തം വിട്ട് കുന്തം വിഴുങ്ങി ഇരുന്ന എന്നെ നോക്കി പാറുതള്ള പറഞ്ഞു 
"അഡ്രസ്‌ എഴുതികഴിഞ്ഞു എങ്കിൽ മോള് ചെന്നിത്തിരി കഞ്ഞി വെള്ളം എടുത്ത് താ ,ആ മൂധേവി എനിക്കൊന്നും തരാറില്ല തന്നാലും ഞാൻ കഴിക്കാറുമില്ല.പാറു തള്ളക്ക്  അഭിമാനമാ  വലുത് " 

അന്നമ്മച്ചി

എന്നതാ അന്നമ്മച്ചി രാവിലെ തന്നെ മൊബൈലും ആയിട്ടൊരു ഗുസ്തി " .

"അല്ലട  കൊച്ചനേ ,നമ്മുടെ ജോസുമോൻ എപ്പോ നോക്കിയാലും ഇതും നോക്കിയിരുപ്പാന്നേ ,
ചോദിച്ചാൽ പറയും ഫെയ്സ് ബുക്കിൽ നോക്കുകയാന്ന് ,ഇതിനകത്ത് എവിടെയാ അങ്ങനെയൊരു പുസ്തകം ?, നീയൊന്ന് നോക്കിയേടാ കൊച്ചനേ  ,"

മുൻപ് ആൻസി മോളു കോളേജിൽ പഠിച്ചസമയത്ത്  അവള് പുസ്തകത്തിൽ ഈ  മൊബൈല് കുന്ത്രാണ്ടം ഒളിപ്പിച്ച് വച്ചത് അവടപ്പൻ വറീത് കയ്യോടെ കണ്ടുപിടിച്ചിട്ടുണ്ട് , നല്ല നാല് തല്ല് കൊടുത്തിട്ടും ഉണ്ട് .
ഇതിപ്പോൾ ഇതിന്റെ അകത്തുള്ള പുസ്തകം എന്ന്  പറയുമ്പോൾ അത് എന്തോരം ചെറുതായിരിക്കും ,അതിനകത്ത് ഇത്ര മാത്രം വായിച്ചിരിയ്‌ക്കാൻ എന്നതാ ഉള്ളതെന്റെ കർത്താവേ, "
" ദാ  നീയൊന്ന് നോക്കിയെടുത്ത് തന്നേടാ കൊച്ചനേ ,ഇനി വല്ല മിശിഹാ പുരാണം ആണേൽ സമയം പോലെ എനിക്കും ഒന്ന് വായിക്കാലോ "

"അന്നമ്മച്ചിയേ ,എനിക്ക് കൊറച്ച് തെരക്കെണ്ട് , ഞാൻ പോയിട്ടിപ്പ വരാം .എന്നിട്ട് നമുക്ക് നോക്കാട്ടാ  "
"പെട്ടന്ന് വരാനൊക്കത്തില്ലേടാ ,ജോസുമോൻ ഉണർന്നാൽ പിന്നെ ഒന്നും നടക്കുകേല "
"ഇപ്പൊ വരാന്നേയ് 
Escapeeeeeeeeeeeeeeeeeeeeee,,,,," 

--------കവിത -------

കോന്ഗോ (രണ്ടാം ഭാഗം )



കോന്ഗോയിലെ നിയമങ്ങളെ കുറിച്ചു പറയുകയാണ് എങ്കിൽ
" നിയമങ്ങൾ കഷ്ടം നിയമപാലകരുടെ അവസ്ഥ അതിലേറെ കഷ്ടം" എന്നു വേണം ഒറ്റവാക്കിൽ പറയാൻ .ലോകത്ത് ഏറ്റവും കൂടുതൽ ആളെ കുഴപ്പത്തിലാക്കുന്ന എല്ലാ നിയമങ്ങളും ഇവിടെ ഉണ്ട് എന്നുകേൾക്കുമ്പോൾ പേടിക്കാൻ വരട്ടെ , കാരണം ഈ നിയമങ്ങൾ എല്ലാം ലഘിക്കപെടാൻ വേണ്ടി മാത്രം ഉണ്ടാക്കിയതാണ് എന്ന് അടിവരയിട്ടു പറയിപ്പിക്കും ഇവിടത്തെ ജീവിതം. പലതരം വേണ്ടതും വേണ്ടാത്തതുമായ നികുതികൾ ഉണ്ട് ഇവിടെ .ഉദാഹരണത്തിന് നമ്മുടെ സ്വന്തം സ്ഥാപനത്തിന്റെ ശോചനാലയം വൃത്തിയില്ലെന്ന് പറഞ്ഞും നമ്മുടെ മുറ്റത്ത്‌ പുല്ലു വളർന്നു നിൽക്കുന്നു എന്നുപറഞ്ഞും നികുതി പിരിക്കുന്നുണ്ട് ഇവിടെ. ഈ ആവശ്യമില്ലാത്ത നികുതികൾ പേടിച്ചിട്ടു തന്നെയാണ് സന്മനസുള്ള പലരും ഒരു നല്ല സ്കൂളോ ആശുപത്രിയോ ഇവിടെ നിർമ്മിക്കാൻ തയ്യാറാകാത്തത് .നാടൻ ചൊല്ല് പോലെ നായ ഒട്ടു തിന്നുകയുമില്ല പശുനെ കൊണ്ടൊട്ടു തീറ്റിക്കുകയുമില്ല .അതാണ് സത്യം . ഇവിടത്തെ ഒരു നിയമം എനിക്ക് വളരെ ഇഷ്ടപ്പെട്ടു .നമ്മുടെ പറമ്പിലെ ഒരു മരം നമുക്ക് മുറിച്ചുമാറ്റണം എന്നിരിക്കട്ടെ , ഒരു മരത്തിനു 100 അമേരിക്കൻ ഡോളർ എന്ന നിരക്കിൽ പിഴ അടച്ചാലേ അതിനു സാധിക്കൂ , പക്ഷെ 100 ഡോളർ അടച്ചിട്ടു പത്തു മരങ്ങൾ വെട്ടി നിയമത്തെ പറ്റിക്കുന്നവരാണ് അധികവും, ഈ നിയമം നമ്മുടെ നാട്ടിലേക്ക് എത്തിക്കാൻ എന്തേലും വഴിയുണ്ടെങ്കിൽ അതിനു ശ്രമിക്കണം എന്നുണ്ട് .രസമുള്ള മറ്റൊരു വസ്തുത ഇവരുടെ ഒരു ഫോട്ടോ പോലും വിദേശികൾക്ക് എടുക്കാൻ അനുവാദമില്ല എന്നതാണ് .അങ്ങനെ എടുക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ ആ വഴിക്കും കാശു കുറച്ചു പോകും .ഇങ്ങനെ ഫോട്ടോയെടുക്കുന്നതിലുടെ ഇവിടത്തെ ജനതയുടെ "ഇല്ലാത്ത സമാധാനവും സുരക്ഷിതത്വവും "പോകും എന്നൊരു നുണ കഥ പ്രചരിപ്പിച്ചത് ഈ ദുരവസ്ഥ പുറംലോകം അറിയരുതെന്ന ഭരണകൂടത്തിന്റെ നിർബന്ധ ബുദ്ധിയാണ് . ഇവിടത്തെ പോലീസിനെ കുറിച്ച് കേട്ടപ്പോൾ ആദ്യം വിശ്വാസം തോന്നിയില്ല ,പിന്നീടങ്ങോട്ടു നേരിൽ കണ്ടത് കൊണ്ട് മാത്രം വിശ്വസിച്ചു .ഏറ്റവും കഴിവ് കുറഞ്ഞവരുടെ (മറ്റൊരു ജോലിക്കും പോകാൻ കഴിയാത്തവർ ) ഏക ആശ്വാസമാണ് ഇവിടത്തെ പോലീസ് സ്ഥാപനം ,ഏറ്റവും കുറഞ്ഞ ശമ്പളം പറ്റുന്ന ഏറ്റവും ദുർബലരായവരുടെ കൈകളിൽ നിയമം എല്പ്പിച്ചത് അറിവില്ലയ്മയൊന്നും അല്ല ,ഇവിടെ ഇങ്ങനെയൊക്കെ മതി എന്നചിലരുടെ തീരുമാനം മാത്രം ആണ് .ഇവിടെ വന്ന ആദ്യദിവസം എൻറെ വണ്ടിക്ക് പോലീസ് കൈ കാണിച്ചപ്പോൾ ഞാനൊന്നു പേടിച്ചു .ഡ്രൈവർ വണ്ടി നിർത്തിയതും ആ രണ്ടു പോലീസുകാർ ഒരു തകർപ്പൻ സല്യൂട്ട് തന്നു എനിക്ക് ,ഇതെന്താ ഇങ്ങനെ എന്ന് ആലോചിക്കാനുള്ള ഇടവേളക്ക് മുന്പേ ഡ്രൈവർ പറഞ്ഞു ,കാശ് ഉണ്ടെങ്കിൽ ഒരു അഞ്ഞൂറ് ഫ്രാങ്ക് (അര ഡോളറിനു സമം) കൊടുക്ക്‌ , അല്ലെങ്കിൽ ഇന്നവർ വിടില്ല "അതിനു നമ്മൾ ട്രാഫിക് തെറ്റിച്ചില്ലല്ലോ , എല്ലാ രേഖകളും കയ്യിലില്ലേ ? എൻറെ മറു ചോദ്യം കേട്ട് " ഇതെവിടന്നു വന്നെടാ എന്ന മട്ടിൽ ഡ്രൈവർ എന്നെയൊന്നു തറപ്പിച്ചു നോക്കി , ഞാൻ കാശ് ഇല്ലെന്നു പോലീസിനു നേരെ ആഗ്യം കാണിച്ചു പിന്നെ ഞെട്ടിയത് ഞാനായിരുന്നു "ഒരു നൂറു ഫ്രാങ്ക് എങ്കിലും കൊടുക്കാൻ അവര് പറയുകയും വിശക്കുന്നു എന്ന് വയറിൽ തട്ടി ആഗ്യം കാണിക്കുകയും ചെയ്തു , ഒടുവിൽ കാശ് കൊടുത്തു പോരേണ്ടി വന്നു .പിന്നിടങ്ങോട്ട് എല്ലാം ശീലമായി .പോലീസിനെ കൂടാതെ പട്ടാളക്കാരും സദാ ജാഗരൂകരാണ് കോന്ഗോയിൽ ,ജാഗ്രത വേണ്ടത് തന്നെ പക്ഷെ എടുത്താൽ പൊങ്ങാത്ത ആയുധങ്ങളുമായി ജാഗ്രതയോടെ നില്ക്കുന്നത് പത്തു ദിവസം പട്ടിണി കിടന്നവനാണ് എങ്കിൽ അതുകൊണ്ട് എന്ത് കാര്യം ? ഒരു വലിയ ആശ്വാസമായി യു എൻ പട്ടാളം ഉണ്ടെന്നത് എടുത്തു പറയേണ്ട ഒന്നാണ് .

പുണ്യം ചെയ്തവരാണ് നിങ്ങൾ ഇന്ത്യക്കാർ

രൂപം കൊണ്ട് തിരിച്ചറിഞ്ഞിട്ടെന്നപൊലെ ആ വൃദ്ധൻ ചോദിച്ചു .

"നിങ്ങൾ ഇന്ത്യൻ ആണല്ലേ ? "
"അതെ "
"നിങ്ങൾ എത്ര ഭാഗ്യം ചെയ്തവരാണ് .ലോകം ആരാധിക്കുന്ന ഒരു മഹാത്മാവിന്റെ നാട്ടിൽ ജനിക്കാൻ സാധിച്ചില്ലേ , പുണ്യം ചെയ്തവരാണ് നിങ്ങൾ ഇന്ത്യക്കാർ "
ഒരിക്കൽ എങ്കിലും സ്വയം ചിന്തിക്കുകയോ അഭിമാനം കൊള്ളുകയോ  പോലും ചെയ്യാത്ത കാര്യം  അദ്ദേഹത്തിന്റെ  വാക്കുകളിൽ കൂടി കേട്ടപ്പോൾ എന്തോ ഒരു ഫീൽ തോന്നി .

"ഒരു ഇന്ത്യൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു "എന്ന് സ്കൂൾ പഠന കാലത്ത് പ്രതിക്ഞ ചൊല്ലുമ്പോൾ വെറുതെ ഉരുവിട്ട് പോന്നിട്ടിട്ടുണ്ട്  എന്നല്ലാതെ ആ വരികളുടെ അർത്ഥമൊന്നും ചിന്തിക്കുകയൊ  അറിയാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല  നാളിതുവരെ .
കുറച്ചു സമയം അദ്ധേഹത്തോടൊപ്പം ചിലവഴിച്ചു ,ഒടുവിൽ യാത്ര പറഞ്ഞ് പിരിയാൻ നേരം അദ്ധേഹം, ഗാന്ധിജിയുടെ ഒരു വലിയ ചിത്രം നാട്ടിൽ പോയി വരുമ്പോൾ കൊണ്ട് വന്ന് കൊടുക്കാൻ അഭ്യർഥിച്ചു .ശരിയെന്നു സമ്മതിച്ചപ്പോൾ ഒരു ചോദ്യം കൂടി ചോദിച്ചു ."നിങ്ങളുടെ എല്ലാവരുടെയും വീട്ടിൽ മഹാത്മാവിന്റെ കുറെ ചിതങ്ങൾ ഉണ്ടാകുമല്ലോ ,ദൈവത്തിന്റെ സ്ഥാനത്ത്  പൂജിക്കാനും പ്രാർത്ഥിക്കാനും ഒക്കെ ആയിട്ട് അതിലൊന്ന് തന്നാലും മതി" .വെറുതെ തലയാട്ടികൊണ്ട് യാത്ര പറഞ്ഞ് പുറത്തേക്ക് ഇറങ്ങുമ്പോൾ മനസ്സിൽ ഞാൻ വെറുതെ എന്നോട് തന്നെ ചോദിച്ചു ,നമ്മളെന്തേ ഒരിക്കൽ പോലും നമ്മുടെ രാഷ്ട്ര പിതാവിന് അർഹിക്കുന്ന പരിഗണന കൊടുക്കുന്നില്ല .ആൾ ദൈവങ്ങൾക്കിടയിൽ  ഒരു മൂലയിൽ എങ്കിലും ഒരു ചിത്രം നമുക്കും തൂക്കി കൂടെ ?.നോട്ടുകെട്ടുകളിലും  സർക്കാർ ഓഫിസുകളിലെ  മുഷിഞ്ഞ ചുമരുകളിലും  നിന്നൊരു സ്ഥാനകയറ്റം നമ്മുടെ പ്രാർത്ഥനാ മുറികളിലേക്ക് അല്ലെങ്കിൽ  സ്വീകരണ മുറികളിലേക്ക് എങ്കിലും ,,,,,,,

കവിത 

Wednesday, February 26, 2014

ഒരു ദുബായ് യാത്രാ ,,

ഈ കഥയ്ക്കും കഥപാത്രത്തിനും മരിച്ചുപോയ ആരുമായും ഒരു ബന്ധവും ഇല്ല .ജീവിച്ചിരിക്കുന്ന ആർക്കെങ്കിലും സ്വന്തം കഥയാണെന്ന് തോന്നിയാൽ അതെന്റെ കുറ്റവും അല്ല "

ഫീലിംഗ് ഇഷ്ടപെട്ട ഒരാൾക്ക് എട്ടിന്റെ പണികൊടുക്കുന്നതിന്റെ സുഖം !

ഇങ്ങക്ക് ഒരു കഥ കേക്കണോന്ന് ,എൻറെ ഒരു ചങ്ങായിക്ക്‌ പറ്റിയ ഒരു അബദ്ധാന്ന് മ്മള് പറയാൻ പോണത് . ഓൾ ആദ്യത്തെ അബദ്ധം എന്നോട് പറഞ്ഞില്ലേ .അങ്ങന നോക്കുമ്പ ഓൾക്ക് ഒന്നല്ല രണ്ട് അബദ്ധം പറ്റ...ിയേക്കണ്.
ഓളൊരു പാവാന്ന് ,ഓളാധ്യായിട്ടു ദുഫായിക്ക് പോയപ്പ നടന്നതാണിത് .ബീട്ടുകാരെ പിരിഞ്ഞു നാട്ടിലുള്ളവർക്ക് സുബർക്കം പണിയാനെകൊണ്ട് ഓള് ദുഫായിലൊരു ജോലി കണ്ടെത്തി
ഓളങ്ങനെ ബിമാനം കേറണ സ്ഥലത്ത് എത്തി .അവിടെ നിരന്നിരുന്ന കുറേ പേര് ഓൾടെ കയ്യിലെ ഭാണ്ടകെട്ടൊക്കെ എടുത്ത് ഒഴുകണ ആ വണ്ടീലേക്കിട്ടു ,അതുകണ്ടതും ഓള് ചാടി ആ ഭാണ്ടത്തിനു മേലേ ഇരിക്കാൻ നോക്കി .
"അത് പൊക്കോളും വിമാനം ഇറങ്ങുമ്പോൾ നിങ്ങക്ക് അതവിടെ കിട്ടുമെന്ന് അവര് പറഞ്ഞിട്ടും മ്മടെ ചങ്ങായിക്ക് ബെജാർ മാറിയതുമില്ല .എങ്കിലും ഓളത് പുറത്ത് കാട്ടിയില്ല .
ഈ നേരിട്ട് നാട്ടിന്നു കയറിയാ ദുഫായിലെറക്കണ ബിമാനം അല്ലാന്നു ഓൾക്ക് കിട്ടിയത് .അത് എടയിലെങ്ങാണ്ടും നിർത്തും .എന്നിട്ട് ബേറെ ബിമാനത്തിൽ കേറി പോണം .ഓൾക്കിതൊന്നും അറിയുലാർന്ന് .അങ്ങനെ ഓളു കേറിയ ബിമാനം ഏതോ ഒരു കൊളംബിൽ നിർത്തി .ആളുകളൊക്കെ എറങ്ങി .ഓളോടും എറങ്ങാൻ കുഞ്ഞുടുപ്പിട്ട ഒരു പെങ്കൊച്ചു വിനയത്തോടെ പറഞ്ഞു .

"ഇതാണാ ദുഫായ് ?" ഓള് നിഷ്കളങ്കമായി ചോദിച്ചു .

"അല്ല പക്ഷെ നിങ്ങൾ ഇവിടെ ഇറങ്ങണം "

"പറ്റുല്ലാന്ന് എനക്ക് ദുഫായിലാ പോണ്ടത്‌ ,ദാ ടിക്കറ്റ്‌ "

"what ? yes I know ,but you should take another flight from here "

"അള്ളോ ഇംഗ്ലീഷ് !" ഓൾടെ കണ്ണു രണ്ടും പുറത്തേക്ക് ഒറ്റ ചാട്ടം .എങ്കിലും ഇല്ലാത്ത ധൈര്യം സംഭരിച്ചു ഒറ്റ കാച്ച്

"no no iam going to dufai "

വേഗം ആ പെങ്കൊച്ചു ചിരിച്ചു കൊണ്ട് ഓൾടെ കൈയ്യിൽ കയറി പിടിച്ചു, ബിമാനത്തിന്നു ഇറക്കാൻ നോക്കി .

ഓൾക്ക് ദേഷ്യവും സങ്കടവും വന്നു ഒപ്പം അറിയാവുന്ന ഇംഗ്ലീഷും "uuu please touch me my hand , I no like this ഹും "

പാവം പ്ലെയ്നിൽ ജോലിയെടുക്കണ ആ പെങ്കൊച്ചു പേടിച്ചു കൈ എടുത്തു .എന്നിട്ട് സാവധാനം കാര്യം പറഞ്ഞ് മനസിലാക്കി .

അപ്പോഴാണ് ഓൾക്ക് പറ്റിയ അമളി മനസിലായത് .ഓള് കരുതിയത്‌ ഈ ബസൊക്കെ ഒരു സ്റ്റാൻഡിൽ കയറി അവിടന്നും ആളേ കയറ്റി വേറെ സ്റ്റാൻഡിൽ പോകുന്നമാതിരി ഈ ബിമാനവും പോകുമെന്നായിരുന്നു.

അങ്ങനെ ഒരു യുദ്ധത്തിന്റെ ഒടുവിൽ മ്മടെ ചങ്ങായി ആ കൊളംബിൽ ഇറങ്ങാൻ തയ്യാറായി .അപ്പൊ ദാ വരണ് അടുത്ത പുലിവാല്‌

"എന്താ ഇറങ്ങുകയല്ലേ ?"

"എറങ്ങാം .പക്ഷേങ്കി എൻറെ അച്ചാറും പത്തിരീം ഒക്കെ ബച്ചേക്കണ ബാഗ്‌ ഈ ബിമാനത്തിലാ ഓര് കേറ്റിയത് ,അതിങ്ങട് തന്നോളീ "

പിന്നെ എന്തുണ്ടായിന്ന് ഇങ്ങക്ക് കേക്കണാ ?ഇതു വായിച്ചിട്ട് ഓളെന്നെ കൊന്നില്ലെങ്കിൽ ഇനിയോരീസം അത് പറയാന്ന് .ഓളിവിടെയോക്കെ തന്നെ ഒണ്ടെന്ന് !

---കവിത---

അമ്പലമുറ്റവും ആൽത്തറയും

അമ്പലമുറ്റത്തെ കൽവിളക്കിലും ചുറ്റുമതിലിലും ദീപാരാധനക്ക് മുൻപേ തിരി തെളിയിക്കാൻ എന്നും വൈകുന്നേരങ്ങളിൽ പോകാറുണ്ടായിരുന്നു . വാര്യരമ്മാവനോട് തിരിയൊക്കെ വാങ്ങി മണ്‍ചിരാതുകളിൽ ഒരുക്കി വയ്ക്കുമ്പോഴും കണ്ണുകൾ ആരെയോ പ്രതീക്ഷിച...്ച് ആൽത്തറ മുഴുവൻ വലം വയ്ക്കുകയാകും.
തേടിയ മുഖം കൂട്ടുകാരുടെ ഇടയിൽ ആൽത്തറയിൽ ഇരുപ്പുറപ്പിക്കും വരെ കണ്ണുകളിൽ നിന്ന് അക്ഷമ ഒഴിയാറില്ല .
പിന്നെ കൽവിളക്കിലേക്ക് ഒഴിക്കുന്ന എണ്ണ മണ്ണിനെ കുതിർത്തതൊന്നും അറിയാതെ ഒരേ നിൽപ്പാണ് .

"കഴിഞ്ഞില്ലേ അമ്മുവേ ? " എന്ന വാര്യരമ്മാവന്റെ ചോദ്യമൊന്നും പലപ്പോഴും കേൾക്കാറു കൂടിയില്ല .
കണ്ണുകൾ തമ്മിൽ കഥ പറഞ്ഞു തീരും മുൻപേ കൈവിരൽ തുമ്പിൽ ഒരു തവണ എങ്കിലും കത്തിച്ച തിരികൾ കുസൃതി കാണിക്കാറുണ്ട് .

"കൈ പൊള്ളിക്കണ്ട അമ്മുവേ ,ശ്രദ്ധിച്ച് ചെയ്യൂ "
വാര്യരമ്മാവൻ അത് പറയുമ്പോൾ ആൽത്തറയിൽ കണ്ണുകൾ കൊണ്ട് എന്നെ ഉഴിഞ്ഞ് ഒരു ചിരിയോടെ കാലുകളാട്ടി ഇരിക്കുകയാകും നീ .

ദീപാരാധനക്ക് നട അടക്കുമ്പോൾ തൊട്ടു പിന്നിലായി നിൽക്കുന്ന നിന്റെ സാന്നിദ്ധ്യം ഒരു ചുടുനിശ്വാസമായും വേഗമേറിയ ഹൃദയതാള സ്വരമായും ആ സന്ധ്യകളിൽ ഞാൻ തിരിച്ചറിയുമായിരുന്നു .

തൊഴുത്‌ മടങ്ങുമ്പോൾ ചെറുതായ് ഇരുട്ട് വീണ വഴികളിലൂടെ പേടിയില്ലാതെ നടന്ന് നീങ്ങിയത് പിന്നിലായി കേൾക്കുന്ന നിൻറെ കാലൊച്ചകൾ കൂട്ടിനുള്ളത് കൊണ്ടായിരുന്നു .പടിപ്പുര വാതിലിനടുത്ത് എത്തുമ്പോൾ എന്നത്തേയും പോലെ ഒന്ന് തിരിഞ്ഞ് നോക്കും .ഒരു ചിരി സമ്മാനിച്ച്‌ പടിപ്പുര കടന്ന് ഞാൻ അകത്തുകയറിയെന്ന് ഉറപ്പാക്കിയിട്ടെ നീ തിരിച്ച് നടക്കാറുള്ളൂ.

---കവിത --

സീമന്ത രേഖയിലൊരു അരുവി

സീമന്ത രേഖയിലൂടെ ഒരു കുഞ്ഞരുവി,
നെറ്റിക്ക് മുകളിൽ നിന്നും നെറുക വരെ മാത്രം നീളമുള്ളത് .
നാണം കൊണ്ട പെണ്ണിന്റെ കവിളിലെ അരുണിമയെ,
തോൽപ്പിക്കും വിധം ചുവന്നൊഴുകുന്ന ഒരു കുഞ്ഞരുവി.
അതൊഴുകുമ്പോൾ പാറി പറന്നിരുന്ന കുറു നിരകൾ,
താനേ വഴി മാറി നില്ക...്കുന്നു !

പെണ്ണിന്റെ പ്രതീക്ഷയിൽ നിന്നാരംഭിച്ച്‌ ,
ചിലപ്പോഴെങ്കിലും നിരാശയിലേക്ക് ,
ഒഴുകി തീരുന്ന ചുവന്ന അരുവി.

ചെറുപ്പത്തിൽ കൊതിയോടെ,
നോക്കി നിന്നിട്ടുണ്ട് നിന്നെ ഞാൻ .
സ്വന്തമാക്കണം എന്ന് മോഹിച്ചിട്ടുണ്ട് .
പിന്നെ ആരും കാണാതെ നെറ്റിയിൽ ,
തനിയെ കുസൃതി കാട്ടിയിട്ടുണ്ട് .
അഴയിൽ തൂങ്ങിയ തോർത്തെടുത്ത് അമർത്തി തുടച്ചിട്ടും
അന്ന് മുഴുവൻ ഒരു അടയാളം അവശേഷിപ്പിച്ചിരുന്നു നീ ,,
--കവിത --

മരിച്ചു കിടക്കുമ്പോൾ ,,

നീളത്തിലൊരു വാഴയില വെട്ടണം ,
വലിയ സ്വീകരണ മുറിയുടെ ,
ഒത്ത നടുവിലൊന്ന് നിവർന്ന് കിടക്കണം
വെള്ള പുതപ്പ് കൊണ്ട് കഴുത്ത് വരെ മൂടണം ,
പെരുവിരലുകൾ തമ്മിൽ കൂട്ടി കെട്ടണം .
അറിയാതെ ശ്വാസം എടുക്കാതിരിക്കാൻ,
മൂക്കിൽ പഞ്ഞി തിരുകണം .
ഒളി കണ്ണിട്ടു നോക്കി ചുറ്റും കൂടി നില്ക്കുന്നവരെ,
പേടിപ്പിക്കാതെ ഇരിക്കാൻ കണ്ണുകൾ തിരുമ്മി അടയ്ക്കണം.
...
"എന്ത് നല്ല തങ്കപ്പെട്ട സ്വഭാവമുള്ള കൊച്ചായിരുന്നു. "
എന്ന് നാണിതള്ള അടക്കം പറയുമ്പോൾ ,
ഉള്ളിൽ ഒന്ന് അമർത്തി ചിരിക്കണം .

ആത്മഹത്യ തന്നെ എന്ന് പിറുപിരുക്കുന്നവരോട്,
മെത്തക്കടിയിൽ ഒളിപ്പിച്ച് വച്ചിരിക്കുന്ന ,
ഡയറി എടുത്ത് വായിച്ചിട്ട് ഉറപ്പിക്കാൻ പറയണം.

കൊലപാതകമാണോ എന്ന് സംശയിക്കുന്നവരോട് ,
എരി തീയിൽ എണ്ണ പോലെ ,
കഴുത്തിൽ സ്വന്തം നഖം കൊണ്ട മുറിവ് ,
കാണും വിധം വെള്ള തുണിയൽപ്പം താഴേക്ക് വലിക്കണം.

ഒന്നും പറയാതെ മൂക്കത്ത് വിരൽ വച്ച് നിൽക്കുന്നവരോട് ,
ആരുടെ എങ്കിലും പക്ഷം ചേരാൻ പറയണം.

തലയ്ക്കൽ ഇരുന്ന് രാമായണം വായിക്കുന്ന,
എഴുപത് കഴിഞ്ഞ ശങ്കുണ്ണി അമ്മാവനോട് ,
അടുത്ത ഊഴം നിങ്ങടെ ആണെന്ന് അടക്കം പറയണം .

ഒടുവിൽ ബോഡി എടുക്കുകയല്ലേന്ന്
കരയോഗക്കാർ അനുവാദം
ചോദിക്കുമ്പോൾ ബോധം കെട്ട് വീണ അമ്മയോട്
ഞാൻ എന്ത് ആശ്വാസം പറയും ?
---കവിത ---

യക്ഷി

ഉടലുപോലുമില്ലാത്തവൾ
ഉടുത്തൊരുങ്ങി നടന്നു

ഉടയാട കണ്ട് ഉടല് തേടി ചെന്നവനെ
പാല മരച്ചോട്ടിൽ കടിച്ച് തുപ്പിയിട്ടു
...
പിറ്റേന്ന് വെളിച്ചത്തിൽ പലരും പറഞ്ഞു
പാവം ചെക്കനെ പക പോക്കിയാരോ കൊന്നെന്ന്

തലേന്നാൾ ഇരുട്ടിൽ ചെക്കന് കിട്ടേണ്ടത്
കിട്ടിയതാണെന്ന് ആരറിയാൻ !

---കവിത ---

എന്ന് ,അടിച്ചുതളിക്കാരിജാനു,ഒപ്പ്,,,

ബഹുമാനപ്പെട്ട മനുഷ്യാവകാശ കമ്മീഷൻ മുൻപാകെ മലയാള കരയിൽ പാലക്കാട് ജില്ലയിൽ ചിറ്റൂർ ദേശത്ത് താമസിക്കും കണാരൻ മകൾ ജാനു എന്ന് വിളിക്കുന്ന ജാനകി 76 വയസ്സ് സമർപ്പിക്കുന്ന സങ്കട ഹർജി .

നാളിതുവരെ മലയാളികളായ മലയാളികളുടെ വീട്ടിലെ അടിച്ചുതളിക്കാരിയായി...ട്ട് ജോലിയെടുത്ത് വരികയാണ് ഞാൻ .എന്നെകൊണ്ട് അവർ കഠിനമായി ജോലി എടുപ്പിച്ചു.
കൂടാതെ അവരുടെ സങ്കൽപ്പങ്ങളിൽ , സിനിമ ,നാടകം ,കഥ , കവിത തുടങ്ങി ഏതു മേഖലയിൽ മലയാളികൾ പോയാലും അവിടെയെല്ലാം നാളിതുവരെ ഞാനായിരുന്നു അടിച്ചുതളിക്കാരി .എന്നാൽ ഇതുവരെ എനിക്ക് കിട്ടാനുള്ള വേതനമോ ശമ്പളമോ ഒരു മലയാളിയും തന്നിട്ടില്ല .ഇവരുടെ ഒക്കെ വീടുകളിലും സങ്കൽപ്പങ്ങളിലും ഞാൻ അടിച്ചുതളിച്ചു എന്നതിന്റെ തെളിവിലേക്കായി കുറെ സിനിമാ സി ഡി കളും ബുക്കുകളും ഞാൻ ഹാജരാക്കുന്നു .കൂടാതെ കൂടുതൽ തെളിവുകൾ മുഖ പുസ്തകം പരിശോധിച്ചാൽ കമ്മീഷന് ലഭിക്കുന്നതാണ് .യോ യോ പിള്ളേർ മുതൽ വല്യപ്പൻമാർ വരെ വിഹരിക്കുന്ന മുഖ പുസ്തകത്തിലും ഞാൻ തന്നെയാണ് അടിച്ചുതളിക്കാരി .
എനിക്ക് കിട്ടാനുള്ള വേതനം കുടിശിക സഹിതം മലയാളികളിൽ നിന്ന് ഈടാക്കി തരണമെന്നും ഇനിയുള്ള കാലം അടിച്ചുതളിക്കാൻ മറ്റാരെ എങ്കിലും കമ്മീഷൻ ഇടപ്പെട്ട് കണ്ടെത്തണം എന്നും ഹൃദയത്തിന്റെ ഭാഷയിൽ താഴ്മയായ് അപേക്ഷിച്ച് കൊള്ളുന്നു .

എന്ന്
അടിച്ചുതളിക്കാരിജാനു
ഒപ്പ്

കാക്കാത്തി

കാറ്റുണരും മുൻപേ കുന്നിറങ്ങി വരും

കാട്ടുപൂക്കൾ ചൂടിയ മുടിയും
മുറുക്കി ചുവന്ന ചുണ്ടുകളും
കണ്മഷി പടർന്ന കണ്ണുകളും
സൂര്യനെ വരച്ചു ചേർത്ത നെറ്റിയും
കരിവളകൾ ഇട്ട കയ്യും
നിറയെ കിലുങ്ങുന്ന മണികൾ ഉള്ള കൊലുസും
പട്ടു ചേലയിൽ പൊതിഞ്ഞ ഉടലും
തുണി കൊണ്ട് കെട്ടിയുണ്ടാക്കിയ ...
മാറാപ്പു തൂക്കിയ തോളും
കയ്യിലെന്തിനും പോന്നൊരു വടിയും
ചറ പറ ചിലയ്ക്കുന്ന നാക്കും
കുന്തം കൊണ്ട് കുത്തണ പോലുള്ള നോട്ടവും
ആയിട്ടൊരു കാക്കാത്തി

എന്നും കാറ്റുണരും മുൻപേ കുന്നിറങ്ങി വരും
---കവിത ---

ജാതകദോഷം

ഐ സി യു വിൻറെ പുറത്ത് കരച്ചിലടക്കി ,
നിൽക്കുമ്പോൾ പ്രാർത്ഥിക്കാൻ പോലും മറന്നു

കൂടെ നിന്നവർ ഒന്നും മറന്നിരുന്നില്ല
ശാപവാക്ക് ആവർത്തിച്ച് ഉരുവിടുകയും
ജാതക ദോഷം പേറുന്നവളെ
വാക്കുകൾ കൊണ്ട് തീയിടുകയും ചെയ്ത്,
എന്നത്തേയും പോലെ അവരിതും
ആഘോഷിച്ചു
...
ജാതകത്തിൽ ചെറിയ പൊരുത്തകേടുണ്ടല്ലോ
ഓ ,ഇപ്പഴത്തെ കാലത്ത് അതിലൊന്നും
ഒരു കാര്യവുമില്ലെന്ന് ചെറുക്കൻ കൂട്ടർ
അവരൊക്കെ നല്ല വിവരമുള്ള കൂട്ടരാ
കേട്ടില്ലേ പറഞ്ഞത് ,കാരണവൻമാരുടെ
മുഖത്തഭിമാനം .

"ബോധം വീണിട്ടുണ്ട് ഒരാൾക്ക് കേറി കാണാം
ഭാഗ്യം കൊണ്ടാ രക്ഷപ്പെട്ടത്"
എല്ലാരും കണ്ടിറങ്ങി
അകത്ത് കിടന്ന് ആ കണ്ണുകൾ
ആർത്തിയോടെ തിരഞ്ഞത്
ജാതകദോഷം പേറിയ ഈ മിഴികളായിരുന്നു

---കവിത ---

ഇവിടെ പകലുപോലും വല്ലാത്തിരുട്ടാണ്

ഇവിടെ പകലുപോലും വല്ലാത്തിരുട്ടാണ് .ഈ കൂറ്റൻ മതിലുകൾക്കപ്പുറം ഞാൻ കാണാത്ത മനോഹരമായൊരു ലോകമുണ്ടത്രേ .അവിടെ പകലുകളും രാത്രികളും തിരിച്ചറിയാൻ പറ്റും .പക്ഷികളും മരങ്ങളും പൂമ്പാറ്റകളും പിന്നെ കുറെ മനുഷ്യരും ഒക്കെ ഉണ്ടെന്നാ അമ്മ പറഞ്ഞത് .ഇതിനകത്ത്... കുറെ മരങ്ങളൊക്കെ ഉണ്ട് പക്ഷെ ഒന്നിനും ഒരു ചന്തമില്ല .വാടി തളർന്ന് ഒക്കെയും ഇവിടത്തെ അമ്മമാരേ പോലെ തന്നെ ! എനിക്കിഷ്ടം ചിത്രശലഭങ്ങൾ ഒക്കെ വന്നിരിക്കുന്ന നിറയെ പൂക്കൾ ഉണ്ടാകുന്ന കൊച്ചു കൊച്ച് ചെടികളാണ് .നിറയെ പക്ഷികളെ കാണാൻ എനിക്ക് ആഗ്രഹമുണ്ട് .പക്ഷെ ഈ മതിലിനും മേലെ പറക്കുന്ന പരുന്തിനെ മാത്രേ ഞാൻ ഇതുവരെ കണ്ടിട്ടുള്ളു .

പിന്നെ ഇടക്ക് വിമാനം കാണാറുണ്ട് കേട്ടോ .ആദ്യം വിചാരിച്ചത് അതൊരു പക്ഷിയാണെന്നാ ,പിന്നെ നൂറ്റിഒൻപതിലെ മേരി അമ്മയാ പറഞ്ഞത് അതിന്റെ പേര് വിമാനം എന്നാണ് , ആളുകൾക്ക് കുറെ ദൂരെയുള്ള സ്ഥലത്തോക്കെ പോകാൻ അതിൽ കയറിയാൽ മതിയെന്നും ഒക്കെ .ഈ മേരി അമ്മേടെ ഒരു മോൻ അതിൽ കയറി ജോലിക്ക് പോയിട്ടുണ്ടത്രേ !

അമ്മ അവരെയൊക്കെ വെട്ടണ്ടായിരുന്നു .അല്ലെങ്കിൽ എനിക്കും ഇതിനപ്പുറത്തുള്ളതൊക്കെ കാണാമായിരുന്നു .എന്റെ അമ്മയൊരു പാവമാ .ഒരു ദിവസം അമ്മ നൂറ്റിഒൻപതിലെ മേരിയമ്മയോട് പറയണ കേട്ടു .സഹിക്കാൻ പറ്റാതെ ആയപ്പോൾ ചെയ്ത് പോയതാന്ന് .എന്നിട്ട് അമ്മ ഒരുപാട് കരഞ്ഞു .

അയ്യോ സമയമായി ഞാൻ പോട്ടേട്ടോ .സന്ധ്യക്ക് മുൻപ് സെല്ലിൽ കയറണം എന്ന് പോലീസ് ആൻറി പറഞ്ഞിട്ടുണ്ട് .

---കവിത ---

ജീവിതം

ബാല്യത്തിൽ പെറുക്കി കൂട്ടിയ
മഞ്ചാടി മണികൾക്ക് കണക്കില്ല
കവ്മാരത്തിൽ കണ്ടുകൂട്ടിയ ......
സ്വപ്നങ്ങൾക്കും കണക്കില്ല
യഔവനം നല്കിയ
സന്തോഷത്തിനും കണക്കില്ല
വാര്ധ്യക്കത്തിലെ ഈ
അലച്ചിലിനും കണക്കില്ല ...
ഇനിയൊരു പത്തുനാൾ മൂത്തോൾടെ കൂടെയാ
അതാ കണക്ക് !

---കവിത ---

ലിവിംഗ് ടുഗെതെർ

അന്ന്

അമ്മ അന്നൊരുപാട് ചോദിച്ചു ...
എന്താണീ ലിവിംഗ് ടുഗെതെർ എന്ന്
യഔവനത്തിന്റെ തിരക്കിൽ മുങ്ങിനിന്നിട്ടും 
അവൾ വാതോരാതെ ഒരുപാടു പറഞ്ഞു
എന്നിട്ടും മനസിലാകാതെ പോയ
അമ്മയുടെ അറിവില്ലായ്മയെ
നടിപ്പിന്റെ ചെറു ചിരികൊണ്ട്
തോല്പ്പിച്ചിട്ടു അവളാ പടിയിറങ്ങി
പിന്നിലപ്പോൾ തളർന്നുവീണ സ്വപ്നങ്ങളെ
ആരെങ്കിലും താങ്ങിയിട്ടുണ്ടാവുമോ ? .



ഇന്ന്
ഈ റയിൽവേ പ്ലാറ്റ്ഫോമിലെ
തണുത്തു മരവിച്ച സിമൻറ് ബഞ്ചിൽ
പണ്ടേ മരവിച്ച മനസുമായി എങ്ങോട്ടെന്നറിയാതെ
ഇരിക്കുമ്പോൾ അവളോരുപാട് ആലോചിച്ചു
എന്തായിരുന്നാ ലിവിംഗ് ടുഗേതെർ എന്ന്
അതിനുള്ള ഉത്തരം കൊണ്ടവളുടെ
കവിളുകൾ വീണ്ടും കുതിർന്നു ,,,,,,,,,
---കവിത ---

പ്രണയത്തെ കുറിച്ചെഴുതാതെ എന്ത് കവിത !

പ്രണയത്തെ കുറിച്ചെഴുതാതെ എന്ത് കവിത !

ഒടുവിൽ പരാതി തീർക്കാൻ മരുന്നിനു എങ്കിലും

ഒന്ന് എഴുതാനിരുന്നതെ ഉള്ളൂ ....

അപ്പോഴാണ് അമ്മ വന്നു പറഞ്ഞത് ആരോ

കാണാൻ വന്നിരിക്കുന്നു എന്ന്

പരാതികാരനോ അതോ കാരിയോ

മൂളിപാട്ടും പാടിയാണ് പൂമുഖത്തേക്കു

നടന്നത് .കാരനല്ലിതു പരാതികാരിയാണ്‌

സങ്കടം തിങ്ങുന്ന ആ മുഖത്തേക്ക് നോക്കാതെ പറഞ്ഞു

"വിഷമിക്കാതിരിക്കു , ഞാൻ ഇനി പ്രണയത്തെ കുറിച്ചെഴുതാൻ

പോകുകയാണ് ".



"നിങ്ങളിനി എഴുതേണ്ടത് പ്രണയമല്ല ഞങ്ങളെ കുറിച്ചാണ്"

പെട്ടന്നായിരുന്നു അവരുടെ ശബ്ദം കനച്ചത്

"അത് പറയാനാ ഞാൻ വന്നതും നിന്നതും "

"നിങ്ങളെ കുറിച്ച് ഞാൻ എന്തെഴുതാൻ

തോന്നിയത് എഴുതിയാൽ തന്നെ ആരതു വായിക്കാൻ "

"അതൊന്നും എനിക്കറിയണ്ട ,എന്നെ കെട്ടാൻ വരണ ആൾക്ക്

ഫെയ്സ് ബുക്കിൽ ഒരു അക്കൗണ്ട്‌ എങ്കിലും ഉണ്ടാവൂലോ ,

പുള്ളിക്കാരനത് വായിച്ചാൽ എനിക്കെന്റെ പഠിത്തം തുടരാലോ ,"

കണ്ണിൽ കുസൃതി ഒളിപ്പിച്ചതുപറഞ്ഞതും വീണ്ടും ശബ്ദം കനത്തു

"നിങ്ങളെ വിശ്വസിച്ച് ഞാനിപ്പോ പോണ് , പക്ഷേങ്കി ...."

"അയ്യോ അങ്ങനെയങ്ങ് പോയാലോ "

"പിന്നെ പോകാതെ എനിക്കടുക്കളയിൽ നൂറുകൂട്ടം പണിയുണ്ട് പെണ്ണേ

എണീറ്റു വന്നു എന്നെയൊന്നു സഹായിക്കാൻ നോക്ക് "

ഞെട്ടിയെനീറ്റ് കണ്ണുംതിരുമ്മി ചുറ്റും നോക്കി

"അമ്മേ , അവളെവിടെ ,?"

"നിനക്ക് തളം വെക്കാൻ നെല്ലിക്ക മേടിക്കാൻ പോയി

ഇന്നു കാലത്തേ തുടങ്ങിയോ വട്ട് !"

അമ്മ പിറുപിറുത്തുകൊണ്ട് അടുക്കളയിലേക്ക് ,,,,,,,,,,,,,,,,

കണ്ട സ്വപ്നത്തിന്റെ ബാക്കിയെ തേടി ഞാൻ പുതപ്പിനടിയിലെക്ക് ,,,,,

---കവിത ---

പാഴ്‌ശ്രുതി

മനസിൻറെ മടിയിലോളിപ്പിച്ച ഈ

മലിയിൽപീലി ഇനി വിടരുമോ കണ്ണാ

മനസിലായ് പാടുന്ന താരട്ടിനോക്കെയും ...

ഒരു മറുചിരി നൽകാനവൻ ഇങ്ങ് എത്തുമോ കണ്ണാ

നോവുമീ പാൽകുടത്തിനു

പാൽചിരി ഒന്നു നുണയാനവുമോ കണ്ണാ

മിഴികളിൽ പെയ്യുന്ന നിർവൃതി തൻ മഴകൊണ്ട്‌

ആ നെറ്റി നനക്കുകാനവുമോ കണ്ണാ

കണ്ണീരല്ലാതൊരു നേദ്യം എൻ കൈയാൽ

നിൻ പാദത്തിലണയുമോ കണ്ണാ

പാഴ്‌ശ്രുതി മീട്ടുമീ ഗാനത്തിൻ

ശ്രുതിയൊന്നു നീ ചേർക്കില്ലേ കണ്ണാ ,,,,

---കവിത ---

മനസിലപ്പോഴും നിർത്താതെ മഴപെയ്തുകൊണ്ടേയിരുന്നു

"സന്ധ്യ രാവിൻറെ മാറിലേക്ക് തലചായ്ച്ചു

സൂര്യൻ കടലിൽ മുങ്ങിമയങ്ങി

മരചില്ലകളിലെവിടെയോ ഇണകുരുവികൾ ...

മുഖമുരുമ്മുന്ന നേർത്ത ശബ്ദം

മഴയേറ്റ്‌ നനഞൊട്ടിയ പുൽനാമ്പ്

നാണത്താൽ മുഖം കുനിച്ചു

കാറ്റൊന്നു വിരൽ തൊടവേ

ജാലകവിരികൾ കോരിത്തരിച്ചു

മനസിലപ്പോഴും നിർത്താതെ

മഴപെയ്തുകൊണ്ടേയിരുന്നു "

---കവിത ---

അപ്പുപ്പൻ താടി

മനസിന്റെ മടിയിലോളിപ്പിക്കാൻ പറഞ്ഞു അന്നു നീതന്ന മയില്പീലിയെക്കാൾ എനിക്കിഷ്ടമായത്‌ അതുതരുമ്പോൾ നീ കണ്ണിലൊളിപ്പിച്ച കുസൃതി ആയിരുന്നു . ആ കണ്ണുകളിലെ കുസൃതി എന്നും എന്റെതായിരുന്നെങ്കിലെന്നു വെറുതെ ഞാൻ മോഹിച്ചു .അർഹതയില്ലാതെ ഓരോന്നുമോഹിക്കുമ്പോൾ ഒരുഅപ്പുപ്പൻതാടിയുടെ മനസായിരുന്നു എനിക്ക് .

യാത്ര പോകാൻ കൊതിക്കുമ്പോഴൊക്ക ഒരു അപ്പുപ്പൻതാടിയാകാൻ കൊതിച്ച് ,,,,

...നിൻറെ സാമീപ്യം എന്നിലെയെന്നെ

ഒരു അപ്പുപ്പന്താടിയാക്കി മാറ്റി

നിൻ നിശ്വാസമേറ്റ് ഭാരമേതുമില്ലാതെ

പറന്നു പറന്നുയർന്ന് ,,,

ഒരു കാറ്റുവന്നു വിളിച്ചാൽ പോലും

വഴിയൊന്നു മാറിപോകാതെ

ഒടുവിലായി മുള്ളുവേലികെട്ടുകളിലോന്നിൽ

ഉടക്കി ചിറകൊടിഞ്ഞു താഴേക്ക്‌ പതിച്ച്

പിന്നെയും ഒരു നിശ്വാസത്തിനായ്‌ കാത്ത് ..

---കവിത --- 

അച്ഛൻ

ഭിത്തീലെ ഫോട്ടോയിൽ അമ്മയോട് ചേർന്നിരിക്കുന്ന

ആളുടെ പേരാണ് അച്ഛനെന്നു ആരും കേൾക്കാതെ

അമ്മമ്മ പറയാറുണ്ട്‌ ...

ഫോട്ടോയിൽ നിന്നും ഇറങ്ങിവരുന്ന ദിവസം

അച്ഛനെയും കൂട്ടി അപ്പൂൻറെ വീട്ടിലൊന്നു പോണം

അവനാണ് സ്കൂളിൽ എല്ലാവരോടും ഉണ്ണിക്കച്ചനില്ലെന്നു

പറഞ്ഞത്

അന്ന് രാത്രി അമ്മയോടവൻ ആദ്യമായി അച്ഛനെ തിരക്കി

ഉത്തരം ഒന്നും പറഞ്ഞില്ലെങ്കിലും അന്നും രാത്രി അമ്മ

കരഞ്ഞാണ് ഉറങ്ങിയത്

പിറ്റേന്ന് രാവിലെ ഭിത്തീലെ ഫോട്ടോയിൽ നിന്ന്

  അച്ഛനിറങ്ങി പോയിരുന്നു ,,,,,,

--കവിത ----

അടുപ്പ്

"പുകയാത്ത അടുപ്പിൽ ഊതിയൂതി
അമ്മ ശ്വാസം കിട്ടാതെ മരിച്ചു
അമ്മയുടെ ശ്വാസം കൊണ്ട് അടുപ്പ്
നിറഞ്ഞിട്ടും അതീന്ന് ഇത്തിരി പോലുമെന്റെ
അമ്മക്ക് നീ കടം കൊടുത്തില്ലല്ലോ അടുപ്പേ ,,"

--കവിത ----

ഓർമ്മ പൂക്കൾ

ഒരു മടക്കയാത്ര ,  പിന്നിട്ട വഴികളിലൂടെ വീണുകിടക്കുന്ന ഓർമ്മകളെ പെറുക്കിയെടുത്തുകൊണ്ട് ,,,,,,,,
ഓർമ്മകളുടെ പൊള്ളലിൽ അരികിലെത്തിയ കാറ്റുപോലും തഴുകാൻ മറന്ന പോലെ ,,,,,,,,
കലാലയത്തിന്റെ പടികെട്ടുകൾ  തനിയെ കയറുമ്പോൾ ഓടികിതച്ച് നീ പിന്നിലെത്തിയ പോലെ ,,,,,,
ഒരു നിമിഷം നീ അരികിലുണ്ടെന്നോർത്ത് നിറം മങ്ങിയ ഈ  ചുമരു നോക്കി വെറുതെ ചിരിച്ചു ,,,,,,,
നമ്മുടെ ക്ലാസ്സ്‌മുറിയുടെ മുന്നിലെത്തിയപ്പോൾ അകത്ത് മലയാള കവിതയേയും കവിയേയും കുറിച്ച് വാചാലനായ രാജീവ്‌ സർ ,ഇന്നും വൈകി വന്നതിന് 
കുറെ വഴക്ക് പറഞ്ഞ പോലെ ,,,,
അവസാനത്തേതിന്റെ  മുന്നിലെ ബഞ്ചിൽ ആദ്യത്തെ സീറ്റിൽ ഇരുപ്പുറപ്പിച്ചതും ,
പിന്നിൽ നിന്നൊരു തോണ്ടൽ ,തിരിഞ്ഞു നോക്കാതെ കൈ പിന്നിലേക്ക്‌ നീട്ടി ,,,
"എന്താ വൈകിയേ " ഒരു  കൊച്ചു കടലാസ്സിൽ ക്ഷമയില്ലാത്ത നിൻറെ ചോദ്യം .
"പിന്നെ പറയാം " രാജീവ്‌സാറിന്റെ   കണ്ണുകളെ വെട്ടിച്ച് ആ മറുപടി വേറൊരു കടലാസ് തുണ്ടിലൂടെ ഒന്നുമറിയാത്ത മട്ടിൽ ബഞ്ചിനടിയിലൂടെ കൈമാറി  .
"എനിക്കൊരു കാര്യം പറയാനുണ്ട്‌ " അടുത്ത തോണ്ടലിൽ കിട്ടിയ കുറിപ്പിതായിരുന്നു .
"വൈകിട്ട് പറയാം ,സർ ശ്രദ്ധിക്കുന്നു , ഇതിനു മറുപടി വേണ്ടാ " കൈകൾ വീണ്ടും പിന്നിലേക്ക് ,,,,
"ആഹ്ഹ് , "വേദനകൊണ്ട് ശബ്ദം അറിയാതുയർന്നു 
 എന്താ അവിടെ എന്ന രാജീവ്‌ സാറിന്റെ  ചോദ്യത്തിന് പോസ്റ്റുമാൻ പണി സഹിക്ക വയ്യാതെ മീര പേന കൊണ്ട് കുത്തിയതാണെന്ന് പറയാതെ ബഞ്ചിലെ ഇല്ലാത്ത ആണിയിൽ കൈ തട്ടിയെന്ന് കള്ളം പറഞ്ഞു ..
  ഇപ്പോൾ വിശക്കണില്ലെന്നു പറഞ്ഞ്  ലഞ്ച് ബ്രേക്കിന് കൂട്ടുകാരുടെ ഇടയിൽ നിന്ന് മാറി നിനക്കായ്‌ കാത്തുനിന്നു ,,,
ഒടുവിലവസാനമായ്   ചെറിയൊരു പിണക്കത്തിന്റെ കൂട്ട് പിടിച്ച് തിരിഞ്ഞുപോലും നോക്കാതെ നീ നടന്നകന്നപ്പോൾ ഈ മുറ്റത്ത്‌ വച്ചാണ് ഞാൻ വീണ്ടും തനിച്ചായി പോയത് എന്നന്നേക്കുമായ് ,,,,,
ഇന്നും ഞാൻ പെറുക്കിയെടുത്ത ഈ ഓർമ്മകൾക്കൊക്കെ നിൻറെ മണമാണ് ,ഒരിക്കൽ എൻറെ മാത്രം സ്വന്തമായിരുന്ന നിൻറെ മണം ,,,,,,,,,,,

--കവിത ---
  

Monday, February 24, 2014

ബാലവേല

ഹർത്താലുകൾക്കിടയിലെ ഇടവേള

കൂടിപോയെന്ന തോന്നലിൽ അവർ

ബാലവേലയെന്ന മഹാവിപത്തിനെതിരെ ...

പോരാടാൻ തീരുമാനിച്ച നേരം

ഒന്ന് രണ്ടു ഫോണ്‍ വിളികൾ

അങ്ങോട്ടും ഇങ്ങോട്ടും

ഒടുവിൽ ബാക്കിയുള്ള ചില പോസ്റ്ററുകൾ

അടിക്കാനായ് മുക്കിലുള്ള അച്ചടികടയിലേക്ക് ,,,



രാത്രി പതിനൊന്നു കഴിഞ്ഞപ്പോൾ ഒന്നു

മയങ്ങാൻ ഇടം കിട്ടിയനേരത്താണ്‌

പതിവുതെറ്റാതെ മുതലാളിയുടെ വിളിച്ചുണർത്തൽ

"മണിയാ എഴുന്തിരെടാ കൊഞ്ചം വേലയിരുക്കെടാ "

ഞെട്ടി എഴുന്നേറ്റ് കണ്ണും തിരുമ്മി

മുതലാളിക്ക് മുൻപേ ഓടുമ്പോൾ

ഒട്ടിയവയറിൽ ഒട്ടാതെകിടന്ന

വള്ളിനിക്കർ ഒന്നു വലിച്ചുകേറ്റാൻ

അവൻ പാടുപെടുന്നുണ്ടായിരുന്നു ,,,,,,,,,,,

---കവിത ----

അണ്ണാറകണ്ണനും അമ്മൂട്ടിയും

അണ്ണാറകണ്ണാ നീ അറിഞ്ഞോ ,അമ്മൂട്ടിക്ക് ഇനി സ്കൂളിൽ പോവാനൊന്നും പറ്റില്ല
അമ്മൂട്ടിനെ പറ്റിയാ ഇപ്പൊ എല്ലാരും പറയണെട്ടോ ,
അമ്മൂട്ടിന്റെ ഫോട്ടോ എല്ലായിസോം ഇപ്പൊ ടിവില് കാട്ടണൊന്ടല്ലോ ...
പക്ഷേങ്കി അമ്മൂട്ടിന്റെ പടം വരുമ്പോഴോക്കെ അമ്മൂട്ടിന്റെ അമ്മക്ക്
കരച്ചിലാട്ടോ ,അമ്മൂട്ടിടേം അമ്മേടേം കൂടിയുള്ള ഫോട്ടോ കൊടുത്താ മതിയായിരുന്നു ,,,അമ്മൂട്ടിടെ അച്ഛൻ ഇപ്പൊ അമ്മൂട്ടിന്റെ അടുത്ത് വരാറെ ഇല്ലാട്ടോ ,അച്ഛനോട് ചോദിക്കാണ്ടാവും അമ്മൂട്ടിന്റെ ഫോട്ടോ മാത്രം ടിവില് കാട്ടണത്
അമ്മൂട്ടിന്റെ വീട്ടിലിപ്പോ ആര്ക്കും ഒരു സന്തോഷോം ഇല്ലാത്തകാണുമ്പോൾ അമ്മൂട്ടിക്കു തോന്നണ് ഉണ്ടെട്ടോ ആ മാമനന്നു വിളിച്ചപ്പോൾ പോകണ്ടായിരുന്നു എന്ന് , പക്ഷേങ്കി അമ്മൂട്ടിക്കു ഒരുപാടിഷ്ടമുള്ള ഒരു പാവേനെ തരാന്നുപറഞ്ഞോണ്ടാട്ടോ അമ്മൂട്ടി ആരോടും പറയാണ്ട് പോയെ .അമ്മൂട്ടിക്കു പാവ ഒന്നും തരാതോണ്ടാല്ലട്ടോ അമ്മൂട്ടി കരഞ്ഞതും ഒച്ചവച്ചതും ,,അമ്മൂട്ടിക്കു ഒത്തിരി വേദനിച്ചോണ്ടാട്ടോ ,ഇല്ലെങ്കിൽ അമ്മൂട്ടിന്റെ മേത്തുന്നു ഒക്കെ ചോര വരോ ?
ഇപ്പഴും അമ്മൂട്ടിക്ക് മേലൊക്കെ നോവണ് ഉണ്ട് എന്നാലും അമ്മൂട്ടിക്ക് സ്കൂളിൽ പോണം എന്നുണ്ട് ,അമ്മൂട്ടിന്റെ ഫോട്ടോ ടിവില് വന്നകാര്യം പാറുനോടും അപ്പുനോടും പറയാലോ ,,

--കവിത ---

യെത്തീം

യെത്തീമിൻ നൊമ്പരമറിയുന്നോനെ

യെത്തീമാക്കിയെന്നെ മാറ്റിയോനെ

എള്ളോളം നൊമ്പരം തങ്ങാത്ത ഖൽബിനു ...

കുന്നോളം വേദന തന്നതെന്തേ

നിസ്ക്കാര പായേല് പടച്ചോനെ കാണുമ്പം

ഉപ്പാടെ മുഖമെനിക്ക് ഓർമ്മ വരും

ഉമ്മാടെ സ്നേഹവും ഓർമ്മ മാത്രം,,

 ---കവിത ---

നീ ,,,

മനസൊരു മഴക്കായ് കൊതിച്ചപ്പോൾ
നീ സ്വയം പെയ്തിറങ്ങി
ചായാനൊരു ചില്ല തേടുമ്പോൾ ...
ഒരു മരമായി നിന്നു നീ
ഇരുട്ട് എന്നിൽ നിറയുമെന്നായപ്പൊൾ
വെളിച്ചമായ് നീ മാറി
നിറങ്ങളെ കറുപ്പ് ഒറ്റക്ക്
വിഴുങ്ങിയപ്പോൾ കറുപ്പിൽ
മഴവില്ല് തീർത്തു നീ
നിൻറെ വിരലുകളിൽ തൂങ്ങി
നാടുകണ്ട് നടക്കുമ്പോൾ
അറിയുന്നു ഞാൻ എന്റെ കാഴ്ചയെ


---കവിത ---

എൻറെ പരിഭവം

എൻറെ ഓർമ്മകൾക്ക് ചിറകുമുളക്കുമ്പോഴോക്കെ ആദ്യമത് ഓടി പോകുന്നത് ആ പടികെട്ടുകൾ ഇടിഞ്ഞുകിടക്കുന്ന കുളപടവുകളിൽ ഒന്നിലേക്കാണ് .
എൻറെ പകലുകൾ പകുതിയും അവിടെ ചെന്നു വെറുതെ മുഖം നോക്കിഇരിക്കാറുണ്ടായിരുന്നു .
അപ്പോഴൊക്കെ വെറുമൊരു കല്ലുകൊണ്ട് നീ എൻറെ മുഖമിളക്കി മറിച്ചിട്ടുണ്ട് .
ഉടഞ്ഞ മുഖംനോക്കി പരിഭവിച്ചപ്പോഴോക്കെ ഒരു കണ്ണുപൊത്തലിൻറെ ഇടവേളയിൽ നീയതു നേരെയാക്കി തന്നു .
ഇന്നു ഉടഞ്ഞത് എൻറെ മനസാണ് ഒരുകാലടിയോച്ചയിൽ അതിനി നേരെയാകുമോ,,,,,

---കവിത ---

മാറ്റം

മകളായി ജീവിച്ചു മടുത്തു
സഹോദരിയുടെ വിരസതയും മടുപ്പിച്ചു
കൊതിപ്പിക്കുന്ന ഒരു നോട്ടത്തിനുമപ്പുറം
കാമുകിയുടെ കസേര
അതിലൊന്നമരും മുന്പേ ഭാര്യയാവാനുള്ള തിടുക്കം ...
ആരുടേയും അനുവാദത്തിനു കാത്തുനിന്നില്ല
നാടിൻറെ അതിർത്തികടന്നപ്പോഴാണ് ശ്വാസം നേരെ വീണത്‌
ഇന്നാണ് ആ സുദിനം,,,,,
താലികെട്ടാൻ നീട്ടിയ കഴുത്തിൽ
അവനൊരു സാരിത്തുമ്പ് ചുറ്റി .
--കവിത ---

സദാചാരം

കണ്ണുകൾ തീർത്ത ശക്തമായ വേലികെട്ടുകൾക്കുള്ളിൽ
അവളെന്നും" സുരക്ഷിത" ആയിരുന്നു
ആ വലിയ വീട്ടിൽ ഒരുചെറു ഇല അനങ്ങിയാൽ പോലും ...
അവരതറിഞ്ഞിരുന്നു , എന്നിട്ടും
അവൾക്കൊരു പനി വന്നതാരുമറിഞ്ഞില്ല
നിന്നു പെയ്ത തുലാവർഷം നിർത്താതെ
അവളെ നനച്ചതും ,പട്ടിണിയെ അവളപ്പാടെ
വിഴുങ്ങിയതും ഒന്നുമവരറിഞ്ഞില്ല എങ്കിലും
അന്നു സന്ധ്യക്ക് അവളെത്തേടി അവൻ
വന്നത് എല്ലാരുമറിഞ്ഞു .
അവനിപ്പോൾ അടുപ്പിച്ചു രണ്ടുനാളായി
വന്നുപോകുന്നു ,,,





---കവിത---

ബട്ടർഫ്ലൈ !

മകനൊരു ബട്ടർഫ്ലൈയെ വേണമെന്നു പറഞ്ഞപ്പോൾ ഇതാണോ ഇത്രവലിയ കാര്യം എന്നാണ് ആദ്യം ചിന്തിച്ചത് .നോക്കി ഇറങ്ങിയപ്പോഴല്ലേ കാര്യം പിടികിട്ടിയത് ഈ ചിത്രശലഭങ്ങൾക്കും വംശനാശം പിടിപെട്ടിട്ടുണ്ട് .പേരിനു പോലും ഒന്നിനെ കാണുന്നില്ല . ഈ ഓർക്ഡിലും ആന്തുരിയത്തിലും ഒന്നും തേൻ ഇല്ലാത്തോണ്ടാണോ അതോ ആ തേൻ പിടിക്കാത്തോണ്ടാണോ എന്തോ ഈ സാധനം നമ്മുടെ ഫ്ലാറ്റിൽ ഇല്ല .ഇനി മ്യുസിയത്തിലെങ്ങാൻ ,,,,,,,,,,,,,,,,,,ഹേയ് അത്രക്കൊന്നും കേരളം മാറിയിട്ടില്ല .കാണും എവിടെ എങ്കിലും !

"എനിക്ക് വിശക്കാൻ തുടങ്ങി ,ഇനി ...നാളെ നോക്കാം . "

"നിൽക് മോനെ നമുക്കാ പാർക്കിലൂടെ ഒന്നു നോക്കാം ,അവിടെ കുറെ പൂക്കള് കാണും അപ്പോ മോന്റെ ബട്ടർഫ്ലൈയും അവിടെ കാണും "സ്വയം സമാധാനിച്ചതാണോ അതോ മോനെ സമാധാനിപ്പിച്ചതാണോ എന്നു എനിക്കുതന്നെ അറിയില്ല .

പാർക്കിൽ നിന്നു തിരിച്ചുപോരുമ്പോൾ മകനോന്നും ചോദിച്ചതുമില്ല !

അവനവിടെ കുറെ സിമന്റ്‌ ബഞ്ചുകളും ഭംഗിയിൽ വെട്ടിനിർത്തിയ ചെറുമരങ്ങളും പിന്നെ കുറെ പതിവ് കാഴ്ചകളും കണ്ടുമടങ്ങി .

തിരികെ വീട്ടിലേക്ക് മടങ്ങുമ്പോൾ മനസ്‌ കൂടെപോന്നില്ല .മനസ് മടങ്ങിയിടത്ത് എന്നും സന്ധ്യാവിളക്ക് തെളിയുന്ന ഉമ്മറപടിയും തുളസിത്തറയും മനസുപോലെ നിറഞ്ഞ തൊടിയും പിന്നെ തൊടിയിലാകെ കണ്ണുപൊത്തികളിക്കുന്ന കുറെ ചിത്രശലഭങ്ങളും !
--കവിത ---


ആണ്‍മക്കളെ പെറ്റവയർ ആലില പോലെ,

ആണ്‍മക്കളെ പെറ്റവയർ ആലില പോലെയാണത്രേ ". ഇതുവായിക്കുമ്പോൾ സ്ത്രീ സൌന്ദര്യം വർണിക്കാൻ പോകുകയാണെന്ന് തെറ്റിദ്ധരിക്കാൻ വരട്ടെ , പണ്ട് മുത്തശ്ശി പറഞ്ഞതാ ഇത് .മുത്തശ്ശിക്ക് നാലു ആണ്മക്കൾ ആയിരുന്നു .അവരൊക്കെ പോത്തുപോലെ വളർന്നിട്ടും അവർ വരുന്നനേരമോന്നു തെറ്റിയാൽ പിന്നെ നെട്ടോട്ടമോടും ആ പെറ്റ വയർ .ഇരിക്കാനും പറ്റില്ല നില്ക്കാനും പറ്റില്ല , തൊണ്ട വരണ്ടുണങ്ങിയാലും തുള്ളി വെള്ളമിറക്കില്ല അന്നതുകാണുമ്പോൾ ഒരു തമാശ ആയിരുന്നു .അപ്പൊ മുത്തശ്ശി പറയും ."ആണ്‍മക്കളെ പെറ്റവയർ ആലില പോലെയാ" , അതെപ്പോഴും അവരെ ഓർത്തു വിറച്ചുകൊണ്ടേ ഇരിക്കും .കുറച്ചു നേരത്തേക്ക് എങ്കിലും ഒന്നു വിറക്കാതെ ഇരിക്കണേൽ അവരടുത്തു വേണം .അല്ലെങ്കിലീ മണ്ണീന്നു പോണം .

സമർപ്പണം ആണ്മക്കളുള്ള അമ്മമാർക്ക് (പെണ്മക്കൾ പിണങ്ങരുതേ !)

--കവിത ---

പൊങ്ങച്ചം

എനിക്കീ പൊങ്ങച്ചം പറയുന്നവരെ കാണുന്നതേ ഇഷ്ടമല്ല .അതിനി ആണു പറഞ്ഞാലും പെണ്ണു പറഞ്ഞാലും ! അല്ലെങ്കിൽ തന്നെ എന്നാത്തിനാ ഇങ്ങനെ പൊങ്ങച്ചം പറയണത് .ചിലർക്കത് പറയുമ്പോ ഒരു സുഖം .പക്ഷെ എനിക്കങ്ങനെ അല്ലാ .
അല്ലെങ്കിൽ നിങ്ങൾക്ക് കേൾക്കണോ എൻറെ വീട്ടിലുള്ളത്ര സാധനങ്ങൾ ഈപ്പറയുന്നവരുടെ ആരുടേലും വീട്ടിൽ കാണാനൊക്കുമൊ ? കാറിനു കാർ ,ടിവിക്ക് ടിവി ,പത്തുദിവസതേക്കുള്ള ചോറും കറിം ഒന്നിച്ചു ഉണ്ടാക്കി വക്കണ പെട്ടിയില്ലേ -അതിനത്‌ , പിന്നെ ഏ സിക്ക് ഏ സി , അതു എത്രയാന്നാ വിചാരം , പറഞ്ഞു വരുമ്പോൾ വീട്ട...ിലെ പത്തിരുപതു മുറീലൊക്കെ നെരത്തി വച്ചിട്ടും ബാക്കി .ഈ ബാക്കി വന്നത് വല്ല പാവങ്ങൾക്കും കൊടുക്കാൻ പറ്റുമോ ?പറ്റത്തില്ല ,കൊടുത്ത അവരു വിചാരിക്കും അന്നാമ്മച്ചി ഗമ കാണിക്കാൻ ചെയ്തതാന്ന് .ഇല്ലിയോ ? എനിക്കതൊന്നും കേൾക്കാൻ വയ്യെന്റെ കർത്താവെ ,,,
ആ കർത്താവിനെ വിളിച്ചപ്പഴാ ഒരു കാര്യം ഓർത്തെ ,ഇന്നാള് ബിഷപ്പ് ആളെ അയച്ചു വിളിപ്പിച്ചിട്ടു പറയാ , അന്നമ്മേടെ അറിവില് വല്ല നല്ല അച്ചൻ മാരൊണ്ടെങ്കിൽ ഒന്നു അരമനേലോട്ടു പറഞ്ഞു വിടാൻ . എന്നാത്തിനാന്നു ചോദിക്കണ്ടായോ , ചോദിച്ചപ്പ പറയാ , അടുത്ത മാർപാപ്പയാക്കാനാന്ന് .ഞാനായിട്ട് വിട്ടില്ല കേട്ടോ .ഈ വയസാം കാലത്ത് അന്നാമ്മച്ചിക്ക് ഇതിന്റെ പിന്നാലെ പോകാനൊന്നും വയ്യാ . കാര്യം ശരി കണ്ടാൽ പ്രായമൊന്നും തോന്നത്തില്ല എന്നുവച്ച് ,,,,,,,,
ആ പ്രായത്തെ പറ്റി പറഞ്ഞപ്പോളാ ഒരു കാര്യം ഓർത്തെ , ഇന്നാള് ഞാനും എന്റെ മരുമോള് ആൻസിം കൂടെ പള്ളില് നിൽക്കുമ്പോൾ ഒരുത്തനെന്നെ തിരിഞ്ഞും മറിഞ്ഞും ഒരു നോട്ടം ..അവനടുത്തു വന്നു ആൻസിമോളോട് ചോദിച്ചു,"കൊച്ചിന്റെ ചേച്ചിയാണോന്ന് "ഞാനാകെ വല്ലാണ്ടായി . അതിൽ പിന്നെ അവളെന്റെ കൂടെ പുറത്തു വരികേലാ .അല്ലേലും അവക്കടെ കൂടെ പോകനെനിക്കും ഇഷ്ടമില്ല .അവള് കുറെ പഠിച്ചിട്ടുണ്ടേ , അതിന്റെ പത്രാസാ അവൾക്ക് ,ആ പഠിപ്പിന്റെ കാര്യം പറഞ്ഞപ്പഴാ ഓർത്തെ , എൻറെ അത്ര ,,,,,,,,,,
" ഓ ,,,വിളിച്ചു കൂവണ്ട എൻറെ കൊച്ചെ , നിൻറെ തൊണ്ട കീറും "
അതേയ് അന്നാമ്മച്ചി പോയിട്ട് വരാം .അല്ലെങ്കിലവള് കലിതുള്ളും.ബാക്കി അന്നാമ്മച്ചി നാളെ പറയാം .
ആ നാളത്തെ കാര്യം പറഞ്ഞപ്പഴാ ഓർത്തെ , നാളെ ഇവിടെ ,,,,,,,,,,,,,,,,
"ഓ,,, സമ്മതിക്കേല ,,,ഈ കാലും വച്ചൊന്നു അങ്ങൊട്ടെത്തെണ്ടേ ആൻസികൊച്ചെ ,,,,കർത്താവെ ,,,,,,,,,,
---കവിത ----

മാറ്റം അകലെയല്ല ,,

മാറ്റം അകലെയല്ല ,,
കുറെ പാടുകൾ നോക്കി ഇതിലെ ഒരു പുഴ ഒഴുകിയിരുന്നെന്നു പറയും വരും തലമുറ .
മണൽ മാഫിയ ബാക്കിവച്ച കുഴികളിൽ വീണു താഴ്ച്ചകളിലേക്ക് പതിക്കും നീയും ഞാനും .
മനുഷ്യ മനസിലെ അഴുക്കുപോലെ കുമിഞ്ഞു കൂടുന്നൂ മാലിന്യമിവിടെ ,
എൻറെ നാടെ ,നിനക്കിതാ മാലിന്യം കൊണ്ടൊരു മല ....
മുകളിൽ കത്തി ജ്വലിക്കുന്ന സൂര്യനു ഇനി ദയയില്ല .
തേടി അലയാം നമുക്ക് നാം വെട്ടിയ മരങ്ങളെ ,തണലിനെ ,
വേരോടെ പിഴുതപ്പോൾ നാളേക്ക് മുറിക്കാനായെങ്കിലും എന്തേ ഒരു നാമ്പ് നാം നട്ടില്ല .
വനം കാണാൻ പുറപ്പെടുന്ന കുട്ടികൂട്ടങ്ങൾ ശുന്യമായ മണ്ണിൽ ഓടികളിച്ചു മടങ്ങും .
അതിർത്തിയിൽ പൈലീൻ ആഞ്ഞടിക്കുമ്പോൾ നീ ഓർക്കുക മാനം മുട്ടിയ നിൻറെ ഫ്ലാറ്റ് വയലിനു മീതെയാണെന്ന് .
അതൊന്നു നിലം പൊത്താൻ ഒരു നല്ല കാറ്റ് മതി .
രാഷ്ട്രിയമെന്ന് നേരെ എഴുതാനറിയാത്തവരും മേയുന്നീ കഴുതകളുടെ മേലെ .
ചാനലിൽ പീഡനം നൂറാം എപ്പിസോടൊക്കെ എന്നേ കഴിഞ്ഞു .
അച്ഛൻ മകളെ അമ്മയായും അമ്മ തിരിച്ചും കാണുന്ന കാലം വിദൂരമല്ലെന്നു ഓർക്കുമ്പോഴേ ഭൂമി പിളർന്നോന്നു പോകാനാശിക്കുന്നു .
ആർക്കും വേണ്ടാത്ത ജന്മങ്ങൾ അനാഥമെന്ന മേൽവിലാസവും പേറി തെരുവുകൾ തോറും അലയുന്നു .
അറുപതു കഴിഞ്ഞവരെ ദയാവധത്തിനു അനുവാദം നല്കികൊണ്ടുള്ള ബില്ലുകൾ പാസാക്കാൻ കക്ഷി ഭേദമന്യേ ഓടുന്നൊരു കാലം .
ഇനിയെന്തു പറയാൻ പറഞ്ഞിട്ടെന്തു കാര്യം .
മനുഷ്യാ നിൻറെ ഉള്ളിലെ കാട്ടളത്തത്തിനു പാവം മൃഗങ്ങളെ പഴിചാരല്ലേ .
മൃഗീയതയും മനുഷ്യത്വവും പരസ്പരം വച്ചു മാറേണ്ട സമയം എന്നേ കഴിഞ്ഞു !
---കവിത ----

സത്യം !

തെളിവുകൾ കൊണ്ട് മുറി നിറഞ്ഞു
ഒറ്റപ്പെട്ടു നിൽക്കുന്ന സത്യത്തെ ആരും കാണുന്നില്ല
ഞാൻ എങ്ങനെ കാണും ...
എൻറെ കണ്ണുകൾ ഈ കറുത്ത തുണിയാൽ മൂടിയിരിക്കുകയല്ലേ
കയ്യിലെ ത്രാസിൽ സത്യവും തെളിവുകളും കയറി ഇരുന്നു
സത്യത്തിൻറെ തട്ട് പൊങ്ങി പോകുന്നു
തെളിവുകളുടെ ഭാരം താങ്ങാതെ തട്ടിതാ താഴുന്നു
കണ്ണുകെട്ടിയിരിക്കുകയാണ് എന്നിട്ടും അക കണ്ണിലൂടെ
കണ്ട കാഴ്ച്ചയിൽ ഉയർന്ന തട്ടിൽ തലയുയർത്തി നില്ക്കുന്ന സത്യമേ നീയാണ് വിജയി .
കണ്ണുതുറന്ന് പിടച്ചവർ അപ്പാടെ ഓതുന്നു
"എന്തോരം തെളിവാ, സത്യം കള്ളനാ , കണ്ടോ ഒറ്റയ്ക്ക് ,,,! "
ഈ നീതിദേവതക്ക് മുന്നിൽ ഒരിക്കൽ കൂടെ തോറ്റ്
സത്യം പുഞ്ചിരിയോടെ പടിയിറങ്ങി .


---കവിത ----

മരണത്തിലേക്കൊരു യാത്ര ...

മരണം ജീവിതത്തിൻറെ തുടർച്ചയാണത്രേ !
എങ്കിൽ ഒരു യാത്ര പോണം
ജീവിതത്തിൽ നിന്ന് മരണത്തിലേക്കൊരു യാത്ര ...
ആദ്യമേ പറയട്ടെ നടുറോഡിൽ നോക്കുകുത്തികൾക്ക്
നടുവിൽ കിടന്നു പിടഞ്ഞൊരു യാത്ര ഇല്ല
കാലുകൾ നിലത്തുറക്കാതെ മെല്ലെ ആടിയാടി !
അതോ മുങ്ങാം കുഴിയിട്ട് അനന്തതയിലേക്ക്
ഒഴുകിയൊഴുകി ,,,!
പാഞ്ഞുവരുന്ന അടുക്കിവച്ച കുറെ പെട്ടികൾക്ക്
മുന്നിലൊന്നു നെഞ്ച് വിരിച്ചു നിന്ന് -
ഒരു നിമിഷംകൊണ്ട് ചിതറി തെറിച്ചുതെറിച്ച് ,,
പക്ഷെ ,
ഞാൻ കൂടുതലും യാത്ര പോയിട്ടുള്ളത്
എൻറെ മാത്രം സ്വപ്നങ്ങളിലാണ്‌
ഈ യാത്രയും അങ്ങനെ മതി സ്വപ്നം കണ്ടുകണ്ട് ..
ഇടക്കുണരാതിരിക്കാൻ കുറച്ചു ഉറക്കഗുളിക കഴിച്ചു
ആഹാ! കണ്ണുകളടയുന്നു മെല്ലെ മെല്ലെ ......................

----കവിത ----

കൂട്ട്

കാലിലിപ്പൊ ലേശം നീര് കൂടുതലാ
നടക്കാൻ തീരെ പറ്റണില്ല
എങ്കിലും നടക്കാണ്ട് വയ്യല്ലോ
മൂന്ന് വീടുകളിലെ മുറ്റമടിക്കണ്ടേ
തേഞ്ഞു തീർന്ന നട്ടെല്ല് കുനിയുമ്പോ പൊട്ടണ വേദനയാ ...
ലേശം കൂന് ഉണ്ടെങ്കിലും കയ്യിലെ ചൂല് -
കരിയില തൊടാൻ പിന്നേം കുനിയണ്ടേ
പിന്നി തുടങ്ങിയ ഈ മുണ്ട് ഷാരത്തുന്ന്
കഴിഞ്ഞ ഓണത്തിനു കിട്ടിയതാ
ജെംബറിന്റെ തുണിം കിട്ടിട്ടോ
പക്ഷെ അറിയാലോ എനിക്കിഷ്ടം നല്ല നീല കളറാന്ന്
കടലിൻറെ നീല , ആകാശത്തിന്റെ നീല
ഇതിപ്പോ ഒരു ജാതി കളറാട്ടോ
തുന്നാൻ കൊടുത്ത അതൊന്നു ഇതുവരെ വാങ്ങാൻ ഒത്തില്ലേയ്
തുന്നാനൊക്കെ എന്താപ്പോ കൂലി
ഈ മാസം എന്തായാലും അത് തുന്നി വാങ്ങണം

അയ്യോ ,നെഞ്ചിലൊക്കെ കരിയില വീണു നിറഞ്ഞുലോ
എല്ലാ ദിവസോം വരാത്തോണ്ട് ദേഷ്യം ഉണ്ടോ എന്നോട്?
ആഗ്രഹമില്ലാഞ്ഞിട്ടല്ല
എങ്ങനെയാ വല്ലോരുടെയും പറമ്പിൽ എന്നും കയറി ഇറങ്ങണേ ,
അതോർത്തിട്ടാ വരവിപ്പോ വല്ലപ്പോഴും ആക്കിയതേയ് ,
ഓർക്കണുണ്ടോ പണ്ട് കുട്ട്യോൾടെ പഠിപ്പിനു വേണ്ടി ഈ പറമ്പ്പണയപ്പെടുത്തുമ്പോ ഞാൻ പിണങ്ങി ഇരുന്നത്
അന്നെന്താ എന്നോട് പറഞ്ഞേന്ന് വല്ല ഓർമമയും ഉണ്ടോ
കുട്ട്യോളൊക്കെ ഒരു കരക്കെത്തിയാൽ നീ ഈ നാട്ടിലെ മഹാറാണി ആവില്ലേ ,അപ്പോ ഈ മണ്ണ് മാത്രം അല്ല ഈ നാട് മൊത്തം നിനക്കാ മീനക്ഷിയേന്ന് ,
കുട്ട്യോൾക്ക് ഒക്കെ ഈ നാട് വാങ്ങാനുള്ള ഗതിയായി ,
എന്നിട്ടും മീനാക്ഷി ഇപ്പോഴും വല്ലോന്റെ ചായപ്പിലാട്ടോ ഉറങ്ങണെ !
കുറച്ചീസം കൂടെ കാത്താൽ മതീന്നാ തോന്നണേ,
അപ്പോഴേക്കും ഞാൻ ഇങ്ങട് പോരും
കറണ്ടിലാവുമ്പോൾ പെട്ടന്ന് കഴിയുമത്രേ
ഈ മണ്ണ് കൈവിട്ടു പോയതുകൊണ്ട്
ഒരുമിച്ചു ഉറങ്ങാൻ പറ്റില്ലാ, എന്നാലും
അടുത്തുണ്ടാവുലോ എപ്പഴും ,,,

---കവിത ---

ഭ്രാന്ത്

കാതിൽ വണ്ടുകൾ മൂളിപറക്കുന്നു
അതാ ആ ശബ്ദം കൂടി കൂടി വരുന്നു
അയ്യോ കാതുകൾ പൊത്തിയിട്ടും ,,,...
ചെവി പറിച്ചെറിയാൻ ശ്രമിച്ചിട്ടും ,,

കണ്ണിനു മുന്നിലൊരു കഠാര
അറിയാതെ കണ്ണുകൾ ഇറുക്കിയടച്ചുപോയി ,
അടഞ്ഞ മിഴികൾക്കപ്പുറം
കഠാരയുടെ നിഴലാട്ടം ഇപ്പോഴും ,,
ഇല്ല , തുറക്കില്ല ,,

ഒരുപാടുപേർ മുന്നിലെക്കടിവച്ചടിവച്ചിതാ
പിന്നിലേക്ക് പോകാതെ വയ്യ
അയ്യൊ , കുതറി മാറാൻ ആവുന്നില്ല

ഇപ്പോൾ എല്ലാം ശാന്തമാണ്‌
മുന്നിൽ ഇരുമ്പഴികളും
കാലിൽ ചങ്ങലയും മാത്രം


---കവിത ---

കൊതിയോടെ പുണരുന്ന പ്രണയം

എൻറെ മനസിലുണ്ടൊരു പ്രണയം
ഈ മഴപോലെ അഴകുള്ളോരു പ്രണയം
ഈ കാറ്റു പോൽ തഴുകുന്നൊരു പ്രണയം
ഇളം മഞ്ഞു പോൽ കുളിരുന്നൊരു പ്രണയം
ഒരു പുഴപോലെ ഒഴുകുന്നൊരു പ്രണയം...
ഈ പൂവിൻറെ മണമുള്ളോരു പ്രണയം
എൻറെ മനസിലുണ്ടൊരു പ്രണയം
ഈ കവിത പോൽ സുഖമുള്ളൊരു പ്രണയം
എന്നെ കൊതിയോടെ പുണരുന്ന പ്രണയം

--കവിത ---

ഒരുത്സവത്തിൻറെ ഓർമ്മ ,,,,,,,,,,,,,,

കുഞ്ഞുനാളിലോക്കെയും അമ്മമ്മ പറഞ്ഞു കൊതിപ്പിച്ച ...
നാട്ടിലെ ഉത്സവം കാണാൻ പുറപെട്ടതായിരുന്നു .നഗരത്തിൻറെ
വേവിൽ നിന്നും നന്മയുടെ ഇത്തിരി മണ്ണിലേക്കുള്ള യാത്രയിൽ പിന്നിട്ട
നാട്ടുവഴികളൊക്കെയും പട്ടണത്തിൻറെ പണയമുതൽ പോലെ തോന്നിച്ചു .
വഴിയിലൊന്നും അമ്മമ്മ പറഞ്ഞ കാഴ്ചകളായിരുന്നില്ല ,പാടത്തൂടെ ഏറെ
നടക്കണം , നടവരമ്പിലെ വളവുതിരിയുമ്പോൾ കാളികുട്ടീടെ പശു കെട്ടഴിഞ്ഞു വന്നു കുത്താതെ നോക്കണം ,കുട്ടികുറുംബൻമാരുടെ മടല് ബാറ്റിനാൽ പാറുന്ന
സിക്സ്സർകൊണ്ട് മേലുനോവാതെ നോക്കണം , ആൽ തറചോട്ടിലെത്തുമ്പോൾ
കാണുന്ന സൌഹൃ ദങ്ങൾ കണ്ടു നിന്നുപോകരുത് ,,,,

നേരെ തറവാട്ടിലേക്ക് പോകതിരുന്നതിനു ഒരുകാരണമേ ഉള്ളൂ ,
അമ്പലപറമ്പിലെ ആൾകൂട്ടതിനിടയിലൂടെ അമ്മമ്മയുടെ മുന്നിൽചെന്നു നിന്ന് ഒന്നു ഞെട്ടിക്കണം .അമ്മമ്മ പറഞ്ഞത് വച്ചുനോക്കുമ്പോൾ ആ തിരക്കിൽ അതൊരു സാഹസം ആയിരിക്കും .


ഉത്സവപറമ്പിൽ തിരക്കാകുന്നതെ ഉള്ളൂ ,ആനകളും വാദ്യമേളക്കാരും കുറച്ചു ചെത്ത്‌പിള്ളേരും പിന്നെ ദേവിയും മാത്രേ അപ്പൊഅവിടെ ഉണ്ടായിരുന്നുള്ളു
,പിള്ളേർ സെറ്റിനു ആളൊന്നുക്ക് ഓരോ സെറ്റപ്പ് മൊബൈലും , സത്യം പറയാലോ കയ്യിലിരുന്ന കുറച്ചു പഴയ മൊബൈൽ എന്നെനോക്കി ഒന്നു കളിയാക്കി ചിരിച്ചപോലെ എനിക്ക് തോന്നി ,ഇതുകണ്ടാൽ അമ്മമ്മ പറയും "നീയും മുത്തച്ചനെ പോലെ പിശുക്കിയാണ് "
പിള്ളേരോക്കെ ഉത്സവം മൊബൈലിൽ ഷൂട്ട്‌ ചെയ്യുന്ന തിരക്കാണ് .ഇവരും എന്നെപോലെ ദൂരേന്നു വന്നതാവുമോ , കണ്ടിട്ടങ്ങനെ തോന്നിയില്ലെങ്കിലും വെറുതെ അങ്ങനെയും ചിന്തിച്ചു .
സമയം ഒരുപാടു കഴിഞ്ഞിട്ടും അമ്മമ്മ പോലും വന്നില്ലല്ലോ! , വർഷത്തിലൊരിക്കൽ പോലും നാട്ടുകാരെ ഒരുമിച്ചു കാണാത്ത വേദനയിൽ ദേവി അകത്തുകയറി നടയടച്ചു .
തിരിച്ചു തറവാട്ടിലേക്ക് നടക്കുമ്പോൾ മനസിനു വല്ലാതെ ഭാരം കൂടിയിരുന്നു ,എന്തിനെന്നറിയാതെ ഒരു വേദന മനസ്സിൽ ശേഷിച്ചു .
തറവാട്ടിലെ പടിപ്പുര കടക്കുമ്പോഴേ അകത്തുനിന്നു കേട്ടു വാദ്യമേളത്തിന്റെ കാതടിപ്പിക്കുന്ന ശബ്ദം .ഒന്നുംമനസിലാവാതെ സ്വീകരണമുറിയിലേക്ക് കയറിയ എൻറെ മുഖത്തൊന്നു നോക്കുകപോലും ചെയ്യാതെ അമ്മമ്മ പറഞ്ഞു ,"നമ്മുടെ അമ്പലത്തിലെ ഉത്സവമാ , നീ കണ്ടിട്ടില്ലല്ലോ ഇതുവരെ , ദേ ടിവില് ലൈവാ ",

ഒന്നുംപറയാതെ വെറുതെ മുറ്റത്തേക്ക് ഇറങ്ങുമ്പോൾ അടഞ്ഞ വാതിലിന്റെ അപ്പുറത്തെ ദേവിയുടെ മനസായിരുന്നു എനിക്കും .

--കവിത ----

സത്യഭാമയും ഊർമിളയും ,,,

സത്യഭാമയുടേയും ഊർമിളയുടേയും വിധി എന്നേയും പിൻതുടരുന്നപോലൊരു തോന്നൽ ,അതുകൊണ്ടാണ് ഈ നേരംകെട്ട നേരത്ത് പൂജാമുറിയുടെ വാതിൽ തുറന്ന് അകത്തുകയറിയത് .പീഠത്തിനു മുകളിലിരിക്കുന്ന ഇതിഹാസ ഗ്രന്ഥങ്ങളിൽ വെറുതെ ഒന്നു തൊട്ടുനോക്കി .മനസിലൂടപ്പോൾ കടന്നുപോയകാലത്തിന്റെ ബാക്കിപത്രംപോലെ ഒരു തുള്ളി കണ്ണിൽ നിന്നും അടർന്നു വീണു .
വേണ്ടാ , ഇനി കരയില്ലെന്ന് പണ്ടേ ഉറപ്പിച്ചതാണ് .
തിരിച്ചിറങ്ങാൻ ഒരുങ്ങവേ ഉടുത്തിരുന്ന സെറ്റ് സാരിയുടെ തുമ്പ് പീഠത്തിലുടക്കി , മെല്ലെ അതൊന്നു വിടീച്ചെടുക്കവേ അടച്ചുവച്ച പുസ്ത...കകെട്ടുകളിൽ നിന്നും അടക്കിപിടിച്ച തേങ്ങലുകൾ കേട്ട് ഞെട്ടലോടെയാണ് ചോദിച്ചത് ,
"നിങ്ങളിപ്പോഴും !"
"അതേ ഈ പുസ്തകകെട്ടിനകത്ത് കൃഷ്ണ പത്നിയെന്ന പേരിൽ ഞാനും അതാ അവിടെ ലക്ഷ്മണ പത്നിയായി ഊർമിളയും വീർപ്പുമുട്ടി പിടയുകയാണ് .ഒരിക്കലെങ്കിലും , ഒരുനിമിഷമെങ്കിലും കൃഷ്ണനും സത്യഭാമയും പോലെന്നു ആരെങ്കിലും പറഞ്ഞിട്ടുണ്ടോ , ഇനി പറയുമോ ?കണ്ണനുള്ളിടത്തെല്ലാം രാധയുണ്ട് , അക്ഷരങ്ങളിൽ പോലും അവർ ഒരുമിച്ചാണ് , എന്നിട്ടും രാധ വിരഹിണിയാണത്രേ ,,!
ഊർമിളക്ക് നിഷേധിച്ചതിനൊക്കെയും എന്താണ് ന്യായം ?
കഷ്ടം തന്നെ , ഇനിയും ഇങ്ങനെ എത്രയോപേർ , ഒടുങ്ങട്ടെ എല്ലാം ഇങ്ങനെ നീറി നീറി ..."

--കവിത ---

ദാനം

ഞാൻ മരിച്ചു പോയി
പക്ഷെ എൻറെ കണ്ണുകളിപ്പോഴും കാണുന്നു
ദാ , ആ കുട്ടീടെ കണ്ണുകൾ ഒരിക്കൽ എന്റേതായിരുന്നു
ആ കണ്ണുകൾ അന്ന് ബാക്കിവച്ചത്‌ കൊണ്ട്
ഇന്നും എൻറെ പ്രിയപ്പെട്ടവരെ ഞാൻ കാണുന്നു ...

ഞാൻ മരിച്ചു പോയി
എൻറെ ദേഹം ഒരു പിടി ചാരമായി ഇതാ
ഈ മണ്ണിൽ അലിഞ്ഞ് ചേർന്നിരിക്കുന്നു
എന്നിട്ടും എൻറെ ഹൃദയം മിടിക്കുന്നുണ്ട്‌
അവനെ കണ്ടില്ലേ ?,അവളെയവൻ പ്രതിഷ്‌ടിച്ചിരിക്കുന്നത്
എൻറെ ഹൃദയത്തിലാ ,,
ആ ഹൃദയത്തിൽ ഞാൻ ഒളിപ്പിച്ച സ്നേഹവും
നൊമ്പരങ്ങളും ഇപ്പോഴുമങ്ങനെയുണ്ട്‌

ഞാൻ മരിച്ചു പോയി
എൻറെ വൃക്കയുമായി ആ അമ്മ
സന്തോഷത്തോടെയാണ് ഞാൻ ഉറങ്ങുന്നിടത്ത് വന്നത്
തിരിച്ചു പോവുമ്പോൾ ആ അമ്മയുടെ കണ്ണുകൾ
നിറഞ്ഞത്‌ ആരും കണ്ടില്ല

ഞാൻ മരിച്ചു പോയി
ഒരു നിമിഷം കൊണ്ട് ചാരമായോ
പുഴുക്കൾക്ക് ആഹാരമായോ
മാറാൻ എൻറെ ഈ ദേഹം മതി
അതിലെ അവയവങ്ങൾ വേണ്ട
അതുകൊണ്ട് മരിച്ചിട്ടും ഞാൻ ഇങ്ങനെ ജീവിക്കുന്നു
---കവിത ----

ഗംഗ

ഗംഗയുടെ പുണ്യമാണോ ആഴമാണോ സ്വന്തം ജടയിലൊളിപ്പിക്കാൻ അങ്ങ് ശ്രമിച്ചത്‌ ? തടകെട്ടി നിർത്തിയിട്ടും ഒഴുകുന്ന എൻറെ പ്രണയത്തെ വിട്ടുകളയാൻ മഹേശ്വരന് എന്തേ മനസുവരുന്നില്ല ?
ചില പ്രണയങ്ങൾ അങ്ങനെയാണ് ,ജീവനേക്കാൾ വിലപെട്ടതാണ് എങ്കിലും മൂടിവക്കപെടെണ്ടതും കൂടിയാണ് .വെളിച്ചം കാണാത്ത സൃഷ്ടി പോലെ മൂടിവക്കപെട്ട പ്രണയവും വേദന തന്നെ പ്രഭോ ,എങ്കിലും ഈ ഗംഗ എന്നും അങ്ങേക്ക് പ്രിയംങ്കരി തന്നെ .ശിരസ്സിലണിയുക എന്നാൽ അഭിമാനകരം തന്നെ , എങ്കിലും എൻറെ ഒഴുക്കുപോലെ എൻറെ കാഴ്ചയും താഴേക്ക് തന്നെയെന്നത് സങ്കടക...രമാണ് .പരിഭവമില്ലിവൾക്ക് കാരണം രാജാവിന്‌ സിംഹാസനത്തെക്കാൾ പ്രൗഡി കിരീടം തന്നെ .പ്രഭാതത്തിലെ എൻറെ ചൂടും അരുണൻ വിടവാങ്ങിയ ശേഷമുള്ള കുളിരും എന്നും അങ്ങേക്ക് മാത്രം .രാത്രിയിൽ എനിക്ക് വല്ലാത്ത ശാന്തതയും കുളിരുമാണ് .എങ്കിലും പ്രഭാതങ്ങളിലെ ചൂട് അങ്ങയിലേക്കും കൂടി അരിച്ചിറങ്ങുമ്പോൾ ധാര ആയിരം കുടത്തിലൊതുങ്ങിയാൽ മതിയോ . ശിരസ്സിലിരുന്നു കൊണ്ട് എങ്ങനെ ഈയുള്ളവൾ ആ പാദസേവ ചെയ്യും ?എല്ലാ അഴുക്കും നെഞ്ചിലേറ്റി സ്വയം മലിനമായി യാത്ര തുടരുകയാണ് .
ഒരുനാൾ ഒരുനിമിഷമെങ്കിലും ഞാനൊന്നു ഒഴുകട്ടെ സ്വതന്ത്രമായി ,,

--കവിത ---








കോന്ഗോ (ഭാഗം ഒന്ന് )

പട്ടിണിതിന്ന് ജീവിക്കാൻ പറ്റുമോ ? പറ്റും അല്ലെങ്കിലീ ജനത എന്നേ മണ്ണ് അടിഞ്ഞേനെ , ആഫ്രിക്ക എന്ന് കേൾക്കുമ്പോഴേ ദാരിദ്ര്യം എന്ന വാക്കും വിളിക്കാതെ കയറിവരും .പക്ഷെ ദാരിദ്രത്തിന്റെ അറ്റം കാണാനായത് ഇവിടെ ഈ കോന്ഗോയിൽ ആണ് .ലോകത്തിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രത്തിലാണ് ഇന്ന് ഏറ്റവും കൂടുതൽ പട്ടിണി മരണങ്ങൾ നടക്കുന്നത് .കാരണം നിധിക്ക് മേലെയാണ് ഉറങ്ങുന്നത് എന്ന് ഈ പാവങ്ങൾക്ക് അറിയില്ല , അതറിയുന്നവർ പറഞ്ഞുകൊടുക്കാൻ തയ്യാറുമല്ല, ലോകത്തിൽ ഏറ്റവും അധികം സ്വര്ണം,വജ്രം , കൊബാൾട്ട് പിന്നെ എണ്ണ ..., ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമൃദ്ധമായ നദി എല്ലാം കോന്ഗോക്ക് സ്വന്തമാണ് , ഒപ്പം പട്ടിണിയും ,

ഇനി ബോധവൽക്കരണം പഠനമുറികളിൽ നിന്ന് ആരംഭിക്കാം എന്നു വച്ചാലോ , സ്കൂൾ വരാന്തയിൽ സ്വന്തം കുഞ്ഞുങ്ങളെ കിടത്തിയിട്ട് ക്ലാസ്സുകളിലേക്ക് പഠിക്കാൻ പോകുന്ന ഈ അനിയത്തിമാരോട് എന്ത് പറഞ്ഞു തുടങ്ങണം എന്ന് അറിയില്ല .

ഇവിടെ ഒരു വീട്ടിൽ പത്തും പന്ത്രണ്ടും കുട്ടികളാണ് ഏറ്റവും കുറവെന്നു പറയുമ്പോൾ ഇത് ഒരു എഴുത്തുകാരിയുടെ ഭാവനയായി കാണില്ലല്ലോ , എങ്ങനെ ഇത്രയും അംഗങ്ങളെ പോറ്റുന്നു എന്നു വെറുതെ എൻറെ ഇവിടത്തെ കൂട്ടുകാരനോട് ചോദിച്ചു ,ഉത്തരം ഞെട്ടിപ്പിക്കുന്നതായിരുന്നു ,"ഇന്ന് രണ്ടു കുട്ടികൾക്ക് ഭക്ഷണം കൊടുത്താൽ നാളെ അടുത്ത രണ്ടു പേർക്ക് പിന്നത്തെ ദിവസം അടുത്ത രണ്ടുപേർ "
വിശപ്പടക്കാനുള്ള ഊഴവും കാത്തിരിക്കുന്ന ആ കുരുന്നുകളെ ഓർത്ത് അവനോടു പറഞ്ഞു
"ഒരു വീട്ടിൽ രണ്ടോ മൂന്നോ കുട്ടികൾ മതി" ,
അതിനു പറഞ്ഞ മറുപടി ഇതായിരുന്നു .
"ഇവിടത്തെ ജനസംഖ്യ വളരെ കുറവാണ് , അതുകൊണ്ടു പ്രസിഡന്റ്‌ പറയുന്നത് ജനസംഖ്യ ഉയർത്തണമെന്നാണ്"

" എങ്കിൽ ആ പ്രസിഡന്റിനോട് നല്ല തൊഴിലും വരുമാനവും ആവശ്യപ്പെട്ടുടെ ?ഈ മണ്ണിനടിയിൽ നിങ്ങളുടെ പത്തിലധികം തലമുറക്ക്‌ ഇരുന്ന് ഉണ്ണാനുള്ള വകയുണ്ട് ,എന്നിട്ടും നിങ്ങളതറിയുന്നുണ്ടോ ? ഈ സ്വത്തെല്ലാം കൊള്ളയടിക്കപെടുകയാണ് ആദ്യകാലങ്ങളിൽ പോർച്ചുഗീസുകാർ പിന്നെ ബെൽജിയം ഒടുവിൽ 1960 ൽ സ്വാതന്ത്രം പേരിനു കിട്ടി ,എന്നിട്ടും ഇവിടെ ജോലിചെയ്യുന്ന വിദേശികളുടെ ചെരുപ്പ് തുടച്ചും വിഴുപ്പലക്കിയും പാഴാവുന്നു നിങ്ങളുടെ ജന്മം "

കാലങ്ങൾക്ക് മുൻപ് കെനിയൻ വംശജനായ ജോമോ കെനിയത്തിന്റെ നേതൃത്തത്തിൽ ഒരു കൂട്ടം സാമൂഹ്യ പ്രവർത്തകർ ഭാരതത്തിലേക്ക് വന്നതായി എവിടെയോ വായിച്ചതായി ഓർക്കുന്നു .തൊട്ടടുത്ത ഈ പ്രദേശം അവരുടെയൊന്നും കണ്ണിൽപെടാതെ പോയതിലെ വൈരുദ്ധ്യം എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല .ഇന്നും കോന്ഗോ തോക്കിൻ മുനയിലാണ് , ഇപ്രാവിശ്യം തൊട്ടടുത്ത കുഞ്ഞു രാഷ്ട്രമായ റുവാണ്ടയാണ് ഈ പാവങ്ങളുടെ ഉറക്കം കെടുത്തുന്നത് .

ഇപ്പറയുന്നതെല്ലാം ഇവിടത്തെ ഭൂരിഭാഗം വരുന്ന കോന്ഗോളിയുടെ അവസ്ഥയാണ്‌ .എങ്കിൽ നാടുവിട്ട് ജോലിതേടി ഇവിടെ എത്തുന്ന ഏത് നാട്ടുകാരനും ഇവിടം പറുദിസയാണ് .ഇവിടെ അവന് സ്വപ്നം കാണാനാകാത്ത വരുമാനവും ജീവിതസൗകര്യങ്ങളും സാധ്യമാകുന്നു .
--കവിത ---






കാലം തെളിഞ്ഞാൽ ,,,,,,,,,

ഒരുനാൾ കാലം തെളിയുമത്രേ ,
അപ്പോൾ കാലമിപ്പോൾ കലങ്ങിയിരിക്കുകയാണോ ?
ആരാ കാലത്തെ ഇങ്ങനെ കലക്കി മറിച്ചത് ?
തെളിനീരു പോലെ കാണണ്ടേ കാലമേ നിന്നെ ?
നിന്നിൽ ഇരുട്ടല്ലാതെ ഒന്നുമെനിക്ക് കാണാനാവുന്നില്ല ...
നീയിനി എന്ന് തെളിയും ?
നാളെയോ , അതുകഴിഞ്ഞോ , എന്നാണെങ്കിലും
നീയൊന്നു തെളിയൂ , കാണട്ടെ ഞാൻ എൻറെ മുഖമൊന്നു
നിലാവുപോലെ ,,,,,,,,

---കവിത ----






തോരാതെ പെയ്യുന്ന മഴ,,,,,

തോരാതെ പെയ്യുന്ന മഴ മുഴുവൻ കണ്ടിരുന്നു .ഒടുവിൽ മഴ തോർന്നിട്ടും പെയ്തു തീരാതെ ഉമ്മറത്തെ ഓടിൻ വക്കിൽ നാണിച്ചിരുന്ന മഴത്തുള്ളികൾ ഓരോന്നായി മെല്ലെ ഇറ്റുവീഴാൻ തുടങ്ങി .മുഖത്തേക്ക് ആ ഒറ്റ തുള്ളികൾ ഓരോന്നായി മെല്ലെ തെറിച്ചു വീഴുന്നത് എനിക്ക് പണ്ടേ ഇഷ്ടമുള്ള വിനോദമായിരുന്നു .ഓരോ തുള്ളിക്കും ഞാൻ മുഖമങ്ങനെ കാട്ടി കൊടുക്കും .നെറ്റിയിലും കണ്ണിലും കവിളിലും വീഴുന്ന മഴത്തുള്ളികൾ വെറുതെ മനസിനേയും തണുപ്പിച്ചു കൊണ്ടിരിക്കും .ഒടുവിൽ അവസാനതുള്ളിയും തീർന്നാൽ ഓടിപോകുന്നത് വടക...്കേ മുറ്റത്തെ നിറയെ വെള്ളപൂവുണ്ടാകുന്ന ആ മരച്ചോട്ടിലേക്കാണ് .എന്നിട്ട് രണ്ടു കൈ കൊണ്ടും അതിൻറെ ഏറ്റവും താഴത്തെ കൊമ്പ് പിടിച്ചു കുലുക്കി പിന്നെയും കുറെ നനയും .അപ്പോഴേക്കും അമ്മയുടെ വിളി പാഞ്ഞു വന്നിട്ടുണ്ടാകും പിന്നാലെ,
പട്ടുപാവാട വാരിപിടിച്ച് ഓടി അകത്തു കയറുമ്പോൾ കാലിലെ ചെളിയൊന്നും കഴുകാൻ ഓർക്കാറില്ല .കെട്ടിക്കാറായിട്ടും പെണ്ണിന് കുട്ടികളി മാറിയിട്ടില്ലെന്ന അമ്മയുടെ പതിവ് പരാതി കേൾക്കുമ്പോഴും എൻറെ മനസ് അടുത്ത മഴയ്ക്ക് വേണ്ടി കാത്തിരിക്കുകയാവും ,വെറുതെ വീണ്ടും വീണ്ടും നനയാൻ ,,,


--കവിത ---

ഗിയറും സ്ടീരിങ്ങും പിന്നെ ആശാനും

ഇപ്പൊ വൈകുന്നേരങ്ങൾ ബഹു രസം തന്നെ .
എങ്ങനെ രസാവഹമാകാതെ ഇരിക്കും.
ഞങ്ങൾ ആരാ മക്കൾ !നാലുപേരും തുനിഞ്ഞു ഇറങ്ങിയിരിക്കുകയല്ലേ!
തട്ടകത്തിൽ കയറിയാൽ പിന്നെ എൻറെ സാറെ
ചുറ്റുള്ളതൊന്നും കാണാനൊക്കൂല ! സൈടീന്നുള്ള ആശാന്റെ പഠിപ്പീരും ബാക്കീന്ന് മൂന്നു മണ്ടികളുടെ കയ്യടിം മാത്രം ....
ഫ്രണ്ട്സ് ആയാൽ ഇങ്ങനെ വേണം
ഉള്ളതുപറയാലോ ആശാൻ ഒരുവഴിക്കായി.
"ഇടതുകാൽ മെല്ലെ എടുത്തിട്ട് വലതു കാൽ ആക്സിലേറ്ററിൽ മെല്ലെ അമർത്തുക .വലത് കൈ വളയത്തിൽ പിടിച്ചിട്ടു ഇടതു കൈ കൊണ്ട് ഗിയറുമാറ്റുക "
ശ്രമിക്കാഞ്ഞിട്ടാണോ? ,ഒറ്റകൈ കൊണ്ടൊന്നും അത് നടകൂലപ്പാ ഞങ്ങളു ഗിയറുമാറ്റും വരെ ആശാന് വളയം പിടിചൂടേന്നാ ശ്രീ ടെ സംശയം .അതിലും കാര്യമുണ്ടെന്നു ഡീന കൊച്ചിന്റെ കമന്റും , പോരെ ?
"പിന്നെ വളവു തിരിയുമ്പോ ഹോണ്‍ അടിക്കണം " ആശാൻ അതുപറയുമ്പോഴെ ഞാൻ ഉറപ്പിച്ചതാ മാമയെ(ഇവിടെ വീട്ടിൽ സഹായിക്കാൻ നിൽകുന്ന സ്ത്രീകളെ അങ്ങനെയാ വിളിക്കുക ) കൂടെ കൂട്ടണം എന്ന് . ഞാൻ വളവു തിരിക്കും . മാമ ഹോണ്‍ അടിക്കും !.
പിന്നെ ഇന്ടികേറ്റർ ആശാന് വേണമെങ്കിൽ പുള്ളി ഇടട്ടേന്ന് ഡീന കൊച്ച് പറഞ്ഞപ്പോ ശ്രീ ടെ കണ്ണ് പുറത്തേക്ക് ഒന്ന് തള്ളിയോ ?
എന്തായാലും മലയാളം അറിയാത്ത ആശാനത് കേട്ട് തലയിൽ കൈവച്ചത് ഞാൻ കണ്ടു .
പഠിപ്പിനിടയിൽ വഴിയിൽ കണ്ട ഒരു പാവം ടർക്കി കോഴിയെ നോക്കി ഞങ്ങളിൽ ഞാൻ അല്ലാത്ത ഒരാൾ " ദേ , കവിതേച്ചി മയില് മയില് .." സഹതാപത്തോടെ ഞാൻ അവളെ നോക്കി , അപ്പോ ദാ ബാക്കി ഡയലോഗ് "പെണ്‍മയിലാ അല്ലേ കവിതേച്ചി ,,?
" എന്റമ്മേ അമ്മേടെ ഈ മോൾ എന്തു തെറ്റുചെയ്തമ്മേ , ഇതൊക്കെ കേൾക്കാൻ ! കൂട്ടത്തിലെ നാലാമി അല്പം സൈലന്റ് ആണ് ,ഇടക്ക് പക്ഷെ ആഫ്രിക്കൻ ആശാനോട് തനി തമിഴിൽ സംശയം ചോദിക്കുന്നതും ആശാൻ ഫ്രെഞ്ചിൽ ഉത്തരം പറയുന്നതും കേൾക്കാം
എന്തായാലും നാളത്തെ കൊണ്ട് പഠനം തീരുകയാണ് . ശേഷം ഭാഗം കോന്ഗോയിലെ റോഡുകളിൽ ,,,,,,,,,,,,,, ദൈവമേ എന്നെ മാത്രം കാത്തുരക്ഷിക്കണേ !

--കവിത ---

ഒരു പുഴപോലെ

ഒരു പുഴപോലെ ഒഴുകുകയാണ്
ഓരോ തീരവും പ്രതീക്ഷയുടെതാണ്
ഓരോ തീരമണയുമ്പോഴും
വേദനകളെ തീരങ്ങൾ പങ്കിട്ടെടുക്കുമെന്നു
വെറുതെ മോഹിച്ചു...
കണ്ടുമുട്ടിയ തീരങ്ങളൊക്കെ കൂടുതൽ
വേദനയാണ് സമ്മാനിച്ചത്‌
ഓരോ തീരത്ത് നിന്നും
കൂടുതൽ വേദനകളും കോരിയെടുത്ത്
എൻറെ ഈ യാത്ര തുടരുന്നു
ഇനിയും ഒഴുകേണ്ടതുണ്ട്
കടലാണ് ലക്ഷ്യം ,
അതിലങ്ങനെ ലയിച്ചു
ഇല്ലാതെ ആകണം
അതിനിനിയും ദൂരമേറെയുണ്ട്.

--കവിത ---

"കണ്ണിനുള്ളിൽ നീ കണ്മണി ,കാതിനുള്ളിൽ നീ തേൻമൊഴി "

ഈ ടിവില് ഇതിപ്പോ എന്നതക്കേണ് ഈ കാണിച്ചു കൂട്ടണത്‌ എൻറെ കർത്താവേ , അല്ലാ ഓരോന്നിനും ഓരോ നേരോം കാലോം ഒക്കെ നോക്കണ്ടായോ , പിള്ളാര്‌ വഴിതെറ്റി പോണതിനു കാർന്നോൻമാരെ മാത്രം പഴിചാരി ,വളർത്തുദോഷം എന്നൊന്നും പറയാനോക്കുകേലാ ,ഈ പെട്ടിക്കകത്ത് ഓരോന്ന് കാണുമ്പോൾ പിള്ളാരല്ലിയോ ,അവർക്കോരോ തോന്ന്യാസങ്ങൾ തോന്നത്തില്ലേ കർത്താവേ ,ഈ സിനിമാ , പാട്ട് ഇതൊക്കെ കുഞ്ഞുങ്ങളുടെ മനസിലേക്ക് വേഗത്തിൽ സ്വാധീനിക്കുന്ന ഒരു സംഭവം അല്ലിയോ ,അന്നാമ്മച്ചീടെ കാലത്തും ഈ സിനിമ ഒണ്ടാർന്ന് , പക്ഷേങ്കി ഇമ്മാതിരി തോന്ന...്യാസങ്ങൾ ഒണ്ടാർന്നില്ല .

"അമ്മച്ചി ഇതെന്നാ ഇരുന്ന് പിറുപിറുക്കണേ "

"അല്ലെന്റെ ആൻസികൊച്ചേ , നീയൊന്നു നോക്കിയേ ,നിലത്തുന്ന് പൊങ്ങാത്ത ആ കൊച്ച്ചെറുക്കനെകൊണ്ട് എന്നതൊക്കെയാ ഈ ചെയ്യിക്കണേ , പൂവും പിടിച്ചു പാട്ടു൦ പാടിച്ചു പ്രായത്തിനു ചേരാത്ത നോട്ടോം നോക്കി , ദാണ്ടേ ആ കുഞ്ഞുടുപ്പിട്ട കുഞ്ഞിന്റെ പിന്നാലെ നടക്കണ് "

"അമ്മച്ചി , അത് സിനിമയാ ഇതാണിപ്പോ ട്രെൻഡ്,അമ്മച്ചിടെ കാലമൊക്കെ മാറി "

"ആ ഒള്ളതാ ,ഈ ട്രെൻഡ് ഒക്കെ എനിക്കറിയാം അതീ ,പെട്ടിക്കകത്തുന്നു എന്നും കാണണുണ്ടല്ലോ ,ഇതൊക്കെ കണ്ടിട്ടാ മൂന്നാം ക്ലാസ്സിൽ പഠിക്കണ നമ്മുടെ ജോസുമോൻ പള്ളി കൂടത്തിലേക്കു പോകുമ്പോൾ മുറ്റത്തുന്ന് എന്നും ഓരോ റോസാപൂവും പറിച്ചോണ്ട് പോണത് ,"

"അമ്മച്ചി ഒന്ന് മിണ്ടാതിരിക്കണുണ്ടോ , വെറുതെ മനുഷ്യനെ തീ തീറ്റിക്കാൻ "

"ഞാനിതു പറയണതിലൊരു കാര്യോം ഇല്ലെങ്കിൽ എൻറെ കൊച്ചെ , നിനക്ക് ഒരു ആധീം വരുകേല ,അപ്പൊ നിനക്കും അറിയാം ഇതൊന്നും അത്ര നല്ല ട്രെൻഡ് അല്ലാന്ന് ,ഇപ്പോ പുതിയൊരു പടമുണ്ടല്ലോ ഏതോ കുരങ്ങിൻറെ പേരും വച്ച് ,എന്നതാടി ആ സിനിമേടെ പേര് ?"

"മങ്കി പെൻ "

"ആ അതിലും കാണാണുണ്ടല്ലോ ഇമ്മാതിരി തോന്ന്യാസങ്ങൾ ,ഈ പിള്ളാർക്കൊന്നും വീട്ടിൽ ചോദിക്കാനും പറയാനും ആളില്ലേ ,നമ്മൾ എന്തെങ്കിലും പറഞ്ഞാൽ ,അന്നമ്മച്ചിക്ക് വയസായി ,മനസ്സിൽ പ്രണയമില്ല എന്നൊക്കെ ഓരോ പരാതികളാ ,അന്നമ്മച്ചി പ്രണയത്തിനു എതിരൊന്നും അല്ലാ ,പക്ഷേങ്കി അതിനൊക്കെ ഓരോ പ്രായം ഉണ്ട് ,ഈ പള്ളിക്കൂടത്തിൽ പ്രണയം തുടങ്ങാമെന്ന് പിള്ളാരുടെ മനസ്സിൽ തെറ്റിദ്ധാരണവരുത്തണ ഈ സിനിമയൊക്കെ അന്നമ്മച്ചിക്ക് പിടിക്കുകേല ,ഇതൊക്കെ ഞാൻ പറഞ്ഞാൽ നിനക്ക് പോലും ഇഷ്ടപെടുകേല ,പിന്നെയാണോ ഇത് വായിക്കണ നിങ്ങൾക്ക് "

"കണ്ണിനുള്ളിൽ നീ കണ്മണി ,കാതിനുള്ളിൽ നീ തേൻമൊഴി "

"ആൻസികൊച്ചേ ദേ ജോസുമോൻ വന്നൂന്ന് തോന്നണ് , പടിക്കൽ ഒരു പാട്ട്കേൾക്കണുണ്ട് "

ഞാൻ അകത്തോട്ടു പോട്ടേ ഈ പേരകിടാങ്ങളുടെ കൂടെ ഇരുന്നു കാണാനൊക്കുന്ന ഒരു പരിപാടിം ഇതിലില്ല !
--കവിത ---

സൌഹൃദം

ഓരോരുത്തരായി വേർപെട്ടുകൊണ്ടിരിക്കുന്നു .കണ്ടുമുട്ടിയതും ആഴത്തിൽ മനസ്സിൽ പതിഞ്ഞതും അറിയാതെയാണ് .എന്നിട്ടും അറിഞ്ഞുകൊണ്ട് തന്നെ ഒരു വേർപാട്‌ വേണ്ടിവരുന്നു .ഇതൊക്കെ ജീവിതത്തിൻറെ ഭാഗമാണെന്നു പറഞ്ഞു പരസ്പരം ആശ്വസിക്കാം എങ്കിലും ഇനിയുള്ള കൂടിച്ചേരലുകളിൽ അവരില്ല എന്നത് ഒരു നൊമ്പരം തന്നെയാണ് .കലാലയ ജീവിതാവസാനത്തോട് കൂടി പലർക്കും നഷ്ടമായിപോകുന്ന ഒന്നാണ് സൌഹൃദങ്ങൾ പക്ഷെ അതിനു ശേഷവും നല്ല സുഹൃത്തുക്കളുടെ കാര്യത്തിൽ ഞാൻ സമ്പന്നയായിരുന്നു ,ഇപ്പോഴും അല്ലെന്നല്ല , പക്ഷെ പല നാടുകളിൽ നിന്ന് വന്ന് ഒരുമിച്ചു ചേർന്നവർ ,അവരിങ്ങനെ പിരിഞ്ഞു പോകുമ്പോൾ ഇനി കണ്ടുമുട്ടും എന്നതിന് എന്താണ് ഉറപ്പ് , സജിതയും ജിബിയും തുടങ്ങി ഒടുവിൽ ഇന്നലെ ശ്രീയും ,ഇനിയും ബാക്കിയായ നല്ല സൌഹൃദങ്ങൾ ഇവിടെ പൂത്തു നില്ക്കുന്നുണ്ട് എങ്കിലും ആരും ആർക്കും പകരമാവില്ലല്ലോ !

--കവിത --

ഉടഞ്ഞു പോയ കുപ്പിവളകൾ

പെറുക്കികൂട്ടിയ വളപൊട്ടുകൾ ആണ് ഈ കുഞ്ഞു പെട്ടിനിറയെ ,പല നിറത്തിലുള്ളവ .മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലിരുന്ന് ഓരോന്നും ഉരുക്കി ചേർത്ത് ദേ കണ്ടോ ഒരു മാല ഉണ്ടാക്കുകയാ ഞാൻ .ഈ ചുവന്ന വളപൊട്ടില്ലേ ഇതെനിക്ക് നീ വാങ്ങി തന്ന ആദ്യ സമ്മാനത്തിന്റെ അവസാനത്തെ ശേഷിപ്പാ .ഓർക്കണില്ലേ അന്ന് , കാവിലെ വലിയ വിളക്കിന്റെയ ന്ന് ദീപാരാധന കഴിഞ്ഞ് അപ്പച്ചിയുടെ കയ്യും പിടിച്ച് വളകച്ചവടക്കാരുടെ അരികിൽ കാഴ്ച കണ്ടുനിൽക്കുമ്പോൾ തിരക്കിലൂടെ വന്ന് അപ്പച്ചിയുടെ കണ്ണുവെട്ടിച്ച്‌ എന്റെ കയ്യിലൊരു കടലാസ്... പൊതി തന്നിട്ട് നീ ഓടിപോയത് .ഞെട്ടൽ ഒരു പേടിയായി മാറിയതും കൈയ്യിലിരുന്ന ആ കടലാസുപൊതി വിറക്കാൻ തുടങ്ങി .അപ്പോൾ തോന്നിയ പൊട്ട ബുദ്ധിയിൽ ഉടുത്തിരുന്ന പട്ടുപവാടയിൽ അതൊളുപ്പിക്കാൻ ശ്രമിച്ചു . പക്ഷെ എപ്പോഴോ ആൾകൂട്ടത്തിനിടയിൽ വച്ച് അപ്പച്ചിയുടെ കൈ തട്ടി ആ പൊതി താഴെ വീണു .കുനിഞ്ഞ് അതൊന്നു എടുക്കാൻ ശ്രമിക്കും മുൻപ് ആരൊക്കെയോ അത് ചവിട്ടി മെതിച്ചിരുന്നു .ഉള്ളു പൊള്ളുന്ന വേദനയോടെ വീട്ടിലേക്ക് മടങ്ങുമ്പോൾ നിൻറെ മുഖമായിരുന്നു മനസു നിറയെ .വിയർത്ത് കുളിച്ച് കുസൃതി ചിരിയുമായ് തിരക്കിലൂടെ എന്നെ തിരിഞ്ഞു നോക്കി നോക്കി പോകുന്ന നിന്റെ മുഖം . തിരിഞ്ഞും മറിഞ്ഞും കിടന്ന് ഒരു കണക്കിന് നേരം വെളുപ്പിച്ചു . എഴുന്നേറ്റതും ഓടിപിടിച്ച് കുളിച്ചൊരുങ്ങി ഒറ്റ ഓട്ടമായിരുന്നു അമ്പല മുറ്റത്തേക്ക് .പിന്നെ പെറുക്കിയെടുത്ത ഈ ചുവന്ന വളപൊട്ടുകളുമായി പതിയെ വീട്ടിലേക്ക് ,,,,,,,,

കവിത 02.02.2014

സ്വപ്നം കൊണ്ടൊരു പാലം

എൻറെ മനസ്സിൽ നിന്നും അവൻറെ -
മനസിലേക്കൊരു പാലമിട്ടിട്ടുണ്ട്
സ്നേഹം പങ്കുവയ്ക്കാൻ,
സ്വപ്നം കൊണ്ട്, സ്വർണ നൂലിൽ തീർത്ത പാലം
അതുപൊട്ടാതെ മുറിയാതെ കെട്ടുപിണയാതെ
നോക്കാൻ ഇക്കരെ ഞാനും അക്കരെ അവനും
കാവലിരിപ്പാണ് "

--കവിത --10 .10 .2013 

മഴവില്ലുകൊണ്ടൊരു ഊഞ്ഞാൽ

ദേ കണ്ടോ ,എത്ര ചേലോടെയാണ്
ഈ മാനം "റാ " വച്ചേക്കണത്
അതും ഏഴ് നിറങ്ങളിൽ ഉള്ളത് !

അതൊന്ന് തിരിച്ച് പിടിച്ച്...
വിണ്ണിലൊരു ഊഞ്ഞാലു കെട്ടി -
മതിവരുവോളം ഉയർന്നുയർന്ന് ആടണം .

ഓരോ ആട്ടത്തിലും പഞ്ഞികെട്ടുകൾ
കാലുകൊണ്ട്‌ തട്ടിതെറിപ്പിക്കണം
ചന്ദ്രൻറെ മാളികയിലും സൂര്യന്റെ കൊട്ടാരത്തിലും
അവരറിയാതെ എത്തി നോക്കണം

പൂത്തു നില്ക്കുന്ന നക്ഷത്രങ്ങളിൽ ഏറ്റവും കുഞ്ഞിനെ
എടുത്ത് നെറ്റിയിലൊരു പൊട്ട് തൊടണം
ചന്തമുള്ളോരു നക്ഷത്രപൊട്ട് !

--------കവിത---------22 .07 .2013 

പുരുഷാ നിനക്കായ്‌

അവനെന്നോട് ചോദിക്കാൻ ബാക്കിവച്ചത് !

"പുരുഷനായത്കൊണ്ടു മാത്രം വേദനകളെ അടക്കി വക്കേണ്ടതുണ്ടോ ?

പെറ്റ വയറിനൊരു വേദന പോറ്റിയ കൈകൾക്ക് മറ്റൊരു വേദന അങ്ങനെയും ഉണ്ടോ ?...

വേദനക്ക് രുചി ഒന്നേ ഉള്ളൂ .ഉള്ളുരുകുമ്പോൾ കണ്ണിലൂടെ ഒഴുകുന്ന ഉപ്പിൻറെ രുചി ,പെണ്ണത് നന്നായി വച്ചു വിളമ്പുമ്പോൾ ആണിന്റെ ഉള്ളിലത്‌ ഭാരമുള്ള അടപ്പ് കൊണ്ട് മൂടിവയ്ക്കാറാണ് പതിവ് .

മകളെ എടുത്തൊന്നു വാത്സല്യത്തോടെ ഉമ്മ വയ്ക്കാൻ ,അനന്തിരവൾക്ക് കൂടെ ഒന്ന് ആന കളിയ്ക്കാൻ സഹോദരിയുടെ കൂടെയൊന്നു പുറത്തിറങ്ങാൻ അമ്മയുടെ മടിയിലോന്നു കൊതി തീരെ തലവച്ചുറങ്ങാൻ പുരുഷനായത് കൊണ്ട് മാത്രം എനിക്ക് പേടിയാണ് .

ലോകമേ ഒന്നറിയുക സ്ത്രീയിലും പുരുഷനിലും ഉണ്ട് പതിരുകൾ .മനുഷ്യനിലെ കാട്ടാളത്വത്തെയാണ് കല്ലെറിയേണ്ടതും ഒറ്റപ്പെടുത്തെണ്ടതും പുരുഷനെ അല്ല ."

സമർപ്പണം : നനയാതെ ഈറൻ പേറുന്ന എല്ലാ ആണ്‍ പ്രജകൾക്കും

----കവിത ----------

പ്രണയം

ഈ രാവിനി വെളുക്കുവോളം

എൻറെ മനസ്സൊന്നു മറന്നു വയ്ക്കാം

നിൻ അരികിലായ് തുറന്നു വയ്ക്കാം ...

നിൻ വിരൽ തൊടുമ്പോൾ ശ്രുതി ചേരു -

മൊരു മാനസവീണയതിൽ കണ്ടുവെന്നാൽ

മീട്ടുക നീയൊരു പ്രണയ ഗാനം

നമുക്കായ് ഒരു മധുര ഗാനം


---കവിത ---20 .08 .2013 

യാത്രയയപ്പ്

ഭർത്താവിനെ കണ്ണീരോടെ മരുഭൂമിയിലേക്ക് യാത്രയാക്കാൻ വന്നതാട്ടോ ഞാൻ .നിറഞ്ഞൊഴുകുന്ന എൻറെ കണ്ണുകൾ കണ്ടു പാവം ഏട്ടനും സഹിക്കുന്നില്ല .വിവാഹം കഴിഞ്ഞിട്ട് ഒരു മാസം തികയുന്നതേ ഉള്ളു .യാത്ര പറച്ചിൽ നീളുന്നു .അകത്തു കയറേണ്ട സമയമായി .എനിക്കിനിയും പറഞ്ഞു തീർന്നില്ല
" ഏട്ടാ , ശ്രദ്ധിക്കണേ .ആഹാരം ഒക്കെ സമയത്ത് കഴിക്കണേ ,എന്നും വിളിക്കണേ ,എനിക്കീ രണ്ടു വർഷങ്ങൾ രണ്ടു യുഗങ്ങളായിരുക്കും "
നിറഞ്ഞൊഴുകിയ കണ്ണീർ പാടുപെട്ടു തുടച്ചുകൊണ്ട് ഞാൻ പറഞ്ഞു കൊണ്ടേ ഇരുന്നു .ഏട്ടൻ എന്നെ ഓരോന്നൊക്കെ പറഞ്ഞു ആശ്...വസിപ്പിക്കാൻ വെറുതെ ശ്രമിച്ചു .
"ഏട്ടാ എന്തിനാ പോകുന്നത് ,ഉള്ളതുകൊണ്ടിവിടെ നമുക്ക് സന്തോഷമായി ജീവിക്കാലോ "
കരച്ചിലടക്കി കൊണ്ടാ ഞാൻ അത്രയും പറഞ്ഞത്
ഏട്ടൻ ഒന്നാലോചിച്ചപ്പോൾ ശരിയാണ് പോകേണ്ട അത്ര ഗതികേടൊന്നും തൽക്കാലമില്ല .
സന്തോഷത്തിന്റെ ഒരു പുഞ്ചിരിയോടെ എൻറെ കണ്ണുതുടച്ചിട്ട് ഏട്ടൻ പറഞ്ഞു .
"ഇല്ല മോളെ നിന്നെ തനിച്ചാക്കി പോകാനെനിക്കും മനസില്ല നീ പറഞ്ഞതാ ശരി ഉള്ളതുകൊണ്ട് നമുക്കിവിടെ ഓണം പോലെ കഴിയാം "

ഞാൻ വേഗം കണ്ണ് തുടച്ചിട്ടു പറഞ്ഞു ."വെറുതെ അതുമിതും പറഞ്ഞു സമയം കളയല്ലേ ഏട്ടാ ,വേഗം ചെല്ല് ഇപ്പോതന്നെ വൈകി ഈ രണ്ടുവർഷം ദാ ,,ന്നങ്ങട്‌ പോകും ,,പിന്നെ ചെന്നാലുടനെ വിളിക്കണോട്ടോ" ഈ ഏട്ടന്റെ ഒരുകാര്യം വന്നുവന്ന് ഒരു തമാശ പറയാനും പറ്റില്ലാന്നു വച്ചാലേയ് ,,,,,,,,,,

---കവിത ---15 .10 .2013 

"നിങ്ങളെ കണ്ടാൽ മരിച്ചുപോയെന്റെ അമ്മയെ പോലുണ്ട്"

കടൽകരയിലെ അസ്തമയത്തിനു ഒരിക്കൽകൂടി സാക്ഷ്യം വഹിക്കാൻ പോയതാണ് .
പൂഴിമണലിൽ വെറുതെ വിരൽ കൊണ്ട് ചിത്രം വരച്ച് അങ്ങനെ ഇരുന്നു .മനസ്സിലുടപ്പോൾ കടന്ന് പോയ ചിന്തകൾക്കൊന്നും ഉൾകടലിന്റെ ശാന്തത ഇല്ലായിരുന്നു .മുന്നിലൂടെ മണൽതരികളെ ഞെരിച്ചമർത്തി കൊണ്ട് ഒരുപാട് കാലടികൾ കടന്ന് പോയികൊണ്ടിരുന്നു .കടൽ കാറ്റിൽ പറന്ന മുടിയിഴകളും സാരി തുമ്പും അനുസരണകേട് കാണിച്ചുകൊണ്ടേ ഇരുന്നു .
ഒറ്റപ്പെടലൊരു വേദനയായി മനസ്സിലേക്ക് അരിച്ചിറങ്ങുമ്പോൾ ഈ കടലൊരു സാന്ത്വനം തന്നെയാണ് .ഒരു വേള വല്ലാതെ മോഹിപ്പിക്കുന്നുമുണ...്ട് ഈ കടലെന്നെ .ഒന്നിറങ്ങി ചെന്നാലോ , നെഞ്ചോടു ചേർക്കില്ലേ ,ആരും കേൾക്കാതൊന്നു
ഉറക്കെ കരയാനെങ്കിലും ഞാനൊന്നു ഇറങ്ങി വന്നോട്ടെ ,
ചിന്തകൾ തിരയേക്കാൾ ശക്തിയിലും വേഗതയിലും മനസിലേക്ക് ആഞ്ഞടിക്കാൻ തുടങ്ങി .മനപൂർവ്വം ശ്രദ്ധമാറ്റാൻ ചുറ്റുമൊന്നു കണ്ണോടിച്ചു .കുറച്ചു മാറി ഒരു ആറുവയസ്സുകാരൻ എന്നെ തന്നെ നോക്കിയിരിക്കുന്നു .എൻറെ നോട്ടം കണ്ടിട്ടും അവൻ നോട്ടം പിൻവലിച്ചില്ല .അനാഥബാലനെന്നു കണ്ടാലറിയാം .എന്തേ എന്ന് മുഖം കൊണ്ട് ആഗ്യത്തിൽ ചോദിച്ചു .ഒന്നുമില്ലെന്ന തലയാട്ടലോടെ അവൻ മുഖം കുനിച്ചു .വീണ്ടും ആ നോട്ടം പാളി വീഴുന്നത് എന്നിൽ തന്നെ .അധിക സമയമത് കണ്ടില്ലെന്നു നടിക്കാനായില്ല .എഴുന്നേറ്റു ചെന്ന് അവനരികിൽ ഇരുന്ന് കാര്യം തിരക്കി .ഒടുവിൽ പേടിച്ചുപേടിച്ചാണ് എങ്കിലും അവനോരുത്തരം നല്കി

"നിങ്ങളെ കണ്ടാൽ മരിച്ചുപോയെന്റെ അമ്മയെ പോലുണ്ട് "
പറഞ്ഞു തീർന്നതും അവനറിയാതെ പൊട്ടികരഞ്ഞുപോയി

എന്ത് പറയണമെന്ന് നാക്ക്‌ ഒരുവേള ആലോചിച്ചപ്പോഴേക്കും കണ്ണുകൾ മറുപടി നല്കി കഴിഞ്ഞിരുന്നു

---കവിത ----17 .12 .2013 

പെണ്ണ് !

"പിറക്കാൻ പോകുന്ന കുഞ്ഞ് ആണോ പെണ്ണോ ?
അത് പറയില്ലെന്നോ ,
എന്തുകൊണ്ട് പറഞ്ഞുകൂടാ ,
എനിക്കറിയണം , പറഞ്ഞേ തീരൂ ,
എന്തിനെന്നോ ?...
അതൊരു പെണ്‍പൂവെങ്കിൽ
വിടരുംമുന്പേ തല്ലികൊഴിക്കണം എനിക്കതിനെ
ഞാനത് ചെയ്തില്ലെങ്കിൽ നീ അത് ചെയ്യുമെന്നുറപ്പാ
വിട്ടു തരില്ല ഞാൻ നിനക്കാ നിഴലുപോലും
ഇഞ്ചിഞ്ചായി നീ ദർശന സുഖവും സ്പർശന സുഖവും
നേടി കൊന്നു തള്ളും മുൻപ് എനിക്കത് ചെയ്യണം

ഇരുട്ട് വീഴുന്ന വഴികളിൽ വെളിച്ചമാകണ്ടേതല്ലേ നീയവൾക്ക് ,
കാലിടറുന്ന പാതയിൽ തങ്ങേണ്ടതല്ലേ നിൻറെ കൈ അവളെ ?

പെണ്ണെന്ന് കേൾക്കുമ്പോൾ എന്തിനാ-
നിൻറെ ചുണ്ടുകൾ പുച്ഛത്താൽ കോടുന്നത് ?
നിൻറെ അമ്മയൊരു പെണ്ണായതിലുണ്ടോ നിനക്ക് പുച്ഛo
നിൻറെ സഹോദരി പെണ്ണല്ലേ
നിൻറെ ബാല്യകാല സഖിയുമൊരു പെണ്ണ് തന്നെ
കൗമാരത്തിൽ നീ സ്വപ്നങ്ങൾ-
പങ്കുവച്ചതോക്കെയും ഒരുപെണ്ണിനോടല്ലേ
ഒടുവിൽ അഗ്നിസാക്ഷിയായി കൂടെവന്ന്,
നിനക്ക് മുന്നിൽ സ്വയം സമർപ്പിച്ചവൾക്കും പേര് "പെണ്ണ് "

എന്നിട്ടും സ്വന്തം ചോരയിലൊരു പെണ്ണ് വേണ്ടാ നിനക്കെങ്കിൽ
കൊല്ലണം എനിക്കീ വർഗത്തെ അപ്പാടെ
ഇനിയിവിടെ പെണ്ണു വേണ്ട ,എന്തിനും പോന്ന ആണൊരുത്തൻ !
അവൻ സ്വയം നടത്തട്ടെ സൃഷ്ടികർമവും വരെ !

(സമർപ്പണം :ഉറയ്ക്യുo മുൻപ് ഉരുകിപോയ പെണ്‍പൂവുകൾക്ക് ! )

--കവിത ---21 .10 .2013 

എൻറെ പ്രണയം

വാകമരം പണ്ടേ പ്രണയിക്കുന്നവർക്ക് തീറെഴുതി കൊടുത്തതാണല്ലോ ,പതിവിനു വിപരീതമായി ഒരു പ്രണയം വേണമെന്ന് അവനായിരുന്നു നിർബന്ധം .അതുകൊണ്ട് മനപൂർവം ആളൊഴിഞ്ഞ ലൈബ്രറിയും മുഷിഞ്ഞ ഗോവണിച്ചുവടും പോക്കറ്റ് മണി ഒഴുകി പോകുന്ന കാന്റീനും പതിവായി പ്രണയം പൂത്ത ഇടനാഴികളും പിന്നെ സദാ പുഷ്പിണിയായ ആ വാകമരവും ഒഴിവാക്കപെട്ടു .പിന്നെ ബാക്കിയായത് ഈ അരളി മരവും അതിനു താഴെയുള്ള ഈ സിമന്റ്‌ ബഞ്ചുമാണ് .ക്ലാസ്സ്‌ കഴിഞ്ഞു അവസാന കുട്ടിയും പോയെന്നുറപ്പാക്കി ഞാൻ അവിടേക്ക് ഓടിവരികയായിരുന്നില്ലേ .കുറച്ചു ദൂരെന...്നേ ഞാൻ കണ്ടു അക്ഷമയോടെയുള്ള നിന്റെ ആ നില്പ്പ് .തൊട്ടടുത്ത നിമിഷം നീ എന്നെയും കണ്ടു .കണ്ണുകളിലൂടെ ഒരു മാത്രകൊണ്ടു മിന്നിമറഞ്ഞത്‌ ഒരു ജന്മം കൊണ്ടുപോലും പറഞ്ഞു തീരാത്ത വിശേഷങ്ങൾ ആയിരുന്നു .ഞാൻ അടുത്തു വരുന്ന നിമിഷവും കാത്തു നീയൊന്നു തിരിഞ്ഞു നിന്നു .ഞാൻ സാവധാനം അടുത്തെത്തി .ഇനി ഒരു ഹൃദയമിടിപ്പിന്റെ ദൂരം മാത്രം ബാക്കി .പെട്ടന്നായിരുന്നു പ്രതീക്ഷിക്കാതെ അത് സംഭവിച്ചത് !

(ഒന്നുമില്ല എന്റെ ബസ് വന്നു , ഞാൻ ഓടി പോയി  :P    hehe )

---കവിത ---20 .12 .2013 

Sunday, February 23, 2014

വെറുതെ,,,


കാർമേഘങ്ങൾക്കിടയിൽ കൂട്ടം തെറ്റിവന്ന
ഒരു വെള്ളിമേഘം പെട്ടുപോയിട്ടുണ്ട്
നക്ഷത്രങ്ങൾ വഴികാട്ടിയാൽ
ചന്ദ്രനെ കടന്ന്‌ നിലാവിന്റെ പന്തലിലേക്ക്
അതിനൊന്നു ഓടി പോകാമായിരുന്നു

കവിത --26.11 .2013 





















കാവും മുത്തശിയുടെ ഓർമ്മകളും ,,

സന്ധ്യക്ക് കാവിൽ വിളക്ക് വയ്ക്കാൻ പോകാനെനിക്ക് പേടിയായിരുന്നു .മുത്തശി ഉള്ളപ്പോഴോക്കെ നിർബന്ധിച്ചു കൂട്ടികൊണ്ട് പോകും ."നമ്മുടെ തറവാട് കാക്കണത് ഈ ദൈവങ്ങളാ , ഏതു പാതിരാത്രിക്കും നമ്മുടെ കുടുംബത്തുള്ളോർക്ക് ഇവിടെ വരാം ,ഒന്നും വരില്ല , പക്ഷെ ശുദ്ധം വേണം . കുളിച്ച് ദേഹശുദ്ധി വരുത്തി എന്നും ഇവിടെ വിളക്ക് വയ്ക്കണം ."
മുത്തശിയുടെ ഓരോ നിർബന്ധങ്ങളായിരുന്നു എല്ലാം .മുത്തശി പോയപ്പോൾ അതുപിന്നെ എൻറെ ജോലിയായി .
എന്നും പേടിച്ചുപേടിച്ചാണ് കാവിൽ വിളക്ക് വയ്ക്കാൻ പോകാറ് .തിരി വച്ച് കഴിയണതും തി...രിഞ്ഞ് ഒരു ഓട്ടമാണ് .ഓടി കിതച്ച് ഉമ്മറത്ത്‌ കയറിയാലേ ശ്വാസം നേരെ വീഴു .
ഇപ്പോൾ ആലോചിക്കുകയായിരുന്നു ദൈവങ്ങളെ എനിക്ക് പേടിയായിരുന്നോ ,അതോ അവിടത്തെ ഇരുട്ടും മരകൂട്ടങ്ങളും ആയിരുന്നോ എൻറെ പേടി ? അറിയില്ല .മുത്തശിയുടെ ഓർമ്മകൾ ഉറങ്ങുന്നതും ആ കാവിനടുത്തായാണ്.
കാലം എന്നിലും മാറ്റങ്ങൾ വരുത്തി ,അതിനുശേഷമുള്ള മിക്കസന്ധ്യകളിലും ഞാൻ തനിയെ പോയിരിക്കുന്നതും ഇതേ കാവിലായിരുന്നു .എൻറെ വേദനകളും കണ്ണീരും അവിടത്തെ ഇരുട്ട് അപ്പാടെ വിഴുങ്ങുമായിരുന്നു ഒടുവിൽ വേദനയോടെ പിറന്നനാട് വിട്ടുപോരുമ്പോൾ ഉറ്റവരേക്കാൾ നൊമ്പരം തന്നതുo ആ കാവും മുത്തശിയുടെ ഓർമ്മകളും ആയിരുന്നു .
ഇനി ഒരിക്കലൂടെ കാവിൽ പോയി വിളക്ക് വയ്ക്കണം .പേടികൂടാതെ പ്രാർത്ഥിച്ചു മടങ്ങണം

---കവിത ---19 .11.2013 

ആമ്പൽമാലയും കല്യാണവും ,,,

തെക്കേ തൊടിക്കപ്പുറമുള്ള കുളം നിറയെ ആമ്പൽ പൂക്കൾ വിരിഞ്ഞിട്ടുണ്ട് .നല്ല ഭംഗിയുള്ള ചുവന്ന ആമ്പൽ !
എട്ടനത് പറഞ്ഞു തീരും മുന്പേ ഒറ്റ ഓട്ടമായിരുന്നു ,ഓടി കിതച്ച് കുളപടവിലെത്തി ,
"ശരിയാ എന്തുമാത്രം പൂക്കളാ വിരിഞ്ഞു നിൽക്കണേ , പക്ഷെ ഒന്നുപോലും കൈ എത്തി പറിക്കാവുന്ന ദൂരത്തിലില്ല "

"എന്തേ പറിക്കണില്ലേ , ആദ്യം ഓടിപോന്നതല്ലേ ?"...
ദേഷ്യത്തിലായിരുന്നു ചോദ്യം

"കണ്ടോ ഏട്ടാ ,എന്തുമാത്രം പൂക്കളാ വിരിഞ്ഞത് ,ഒന്നുപോലും കരക്കടുത്തില്ല ,"
അത് പറയുമ്പോൾ എന്റെ മുഖം വാടിയിരുന്നു .

ഉടനെ രണ്ടു കയ്യും ഇടുപ്പിൽ കുത്തി ഗമയിലാണ് ഏട്ടൻ ചോദിച്ചത്
"ഇതീന്ന് നിനക്കെത്ര ആമ്പൽ വേണം"

"കുറെ വേണം "കൊതി മുഴുവൻ കണ്ണിൽ നിറച്ച് മറുപടി പറഞ്ഞു
ഒറ്റച്ചാട്ടായിരുന്നു കുളത്തിലേക്ക് ,തിരിച്ച് നീന്തി വരുമ്പോൾ കയ്യിലൊരു പിടി ആമ്പൽ പൂക്കളും ഉണ്ടായിരുന്നു.
എല്ലാം ചേർത്ത് പിടിച്ച് എൻറെ മുഖത്തേക്ക് പൂവിലെ വെള്ളം കുടഞ്ഞുകൊണ്ടാണ് ചോദിച്ചത് ,
"മതിയോ?"
മതിയെന്ന് തലയാട്ടുമ്പോൾ അതിലേറ്റവും നീളത്തിൽ തണ്ടുള്ള ഒരു പൂവുമാത്രം മാറ്റി വച്ച് ബാക്കിയെല്ലാം എന്റെ മടിയിലേക്കിട്ടു
"അതൂടെ താ ഏട്ടാ "

"തരില്ല ഇതെനിക്ക് വേണം " അതും പറഞ്ഞ് ഏട്ടൻ പോയി.
ആമ്പലിന്റെ ഭംഗി ആസ്വദിച്ച് പിന്നെയുമിരുന്നു ഞാൻ അവിടെ കുറെ നേരം കൂടെ .കുറച്ച് കഴിഞ്ഞ് പിന്നിലൊരു കാൽപെരുമാറ്റം കേട്ട് തിരിയും മുന്പെയാണ് ഏട്ടൻ പറഞ്ഞത്.

"കണ്ണടക്കൂ ഒരു സൂത്രമുണ്ട് "

"എന്താ?"

"കണ്ണടച്ചാലേ തരൂ അമ്മു , കണ്ണടക്കൂ വേഗം "

കൌതുകത്തോടെയാണ് കണ്ണുകൾ അടച്ചത് .

കണ്ണ് തുറക്കുമ്പോൾ കഴുത്തിലൊരു ആമ്പൽ മാല ഇട്ടു തന്നിരുന്നു

"അമ്മു ഇനി എന്റെതാ ,ദാ നമ്മുടെ കല്യാണം കഴിഞ്ഞു !".

അന്ന് മുഴുവൻ ആ മാലയുമിട്ടായിരുന്നു നടപ്പ് ,സന്ധ്യക്ക് നാമം ചൊല്ലാനിരുന്നപ്പോൾ അമ്മമ്മ പറഞ്ഞു ."ചെളി നാറണമ്മു അതൊന്ന് ഊരി കളഞ്ഞ് മേല് കഴുകി വരൂ ."

ഉള്ളിൽ ഊറി വന്ന ചിരി അമ്മമ്മ കാണാതെ അടക്കി പിടിച്ച് ഉച്ചത്തിൽ നാമം ചൊല്ലി "രാമ രാമ, രാമ രാമ, രാമ രാമ പാഹിമാം ,രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,"

--കവിത ---11 .12 .2013 

തുമ്പിയെ പോലെ ....

ഒരു തുമ്പിയോളം ചെറുതാകണം
പെട്ടന്ന് പെയ്യുന്ന മഴയിൽ -
തുമ്പ തണലിൽ നനയാതെ നില്ക്കണം
തുമ്പ പൂവിലെ തേൻ മുഴുവനും
ഒറ്റയ്ക്ക് നുകരണം ...
ചിറകിൽ പിടിച്ച് കല്ലെടുപ്പിക്കാൻ വരുന്ന-
കുട്ടി കൂട്ടങ്ങളെ കണ്ണുരുട്ടി കാണിച്ച് -
ഒന്ന് കണ്ണുപൊത്തി കളിക്കണം

--കവിത ---29.12 .2013 

തൊട്ടാവാടി

തൊട്ടാവാടി നീ എന്തേ ഇങ്ങനെ ?
എൻറെ വിരൽ തൊടുമ്പോൾ
പ്രകൃതിയിലെ ഓരോ പ്രണയവും ഉണരാറാണ് പതിവ്
ഞാനൊന്ന് തഴുകുമ്പോൾ
തുമ്പയും തുളസിയും മുല്ലയും തെറ്റിയും ...
ഒക്കെ പൂത്തുലയുന്നത് നീയും കാണുന്നില്ലേ
നീ മാത്രമെന്തേ എൻറെ സാമിപ്യത്തിൽ
ഇങ്ങനെ നാണം കൊണ്ട് കൂമ്പി പോകുന്നു
ഒരിക്കലെങ്കിലും നീ ചിരിച്ചു നിൽക്കുമ്പോൾ
എനിക്ക് നിന്നോട് പ്രണയം പങ്കുവക്കാനാകുമോ,
വാടിയ നിന്നെ പുണരാനെനിക്കിനി വയ്യ
നിന്നോടുള്ള എൻറെ പ്രണയം ഞാനിവിടെ
മറന്നു വയ്ക്കട്ടെ,,,,,,,,
--കവിത ---31.12 .2013 

വിശപ്പ്

ആരും ഇതുവരെ വിളിച്ചുണരത്തിയിട്ടില്ല ,
വിശപ്പല്ലാതെ ,,
വിശപ്പ്‌ വന്ന് വിളിച്ചാലും കേൾക്കാത്ത മട്ടിൽ
കമിഴ്ന്ന് കിടന്നുറക്കം നടിക്കാറാണ് പതിവ്
ഉണർന്നിട്ടെന്തിനാ, വിശപ്പിനെ തൃപ്ത്തിപെടുത്താൻ...
കയ്യിലൊന്നുമില്ല ,

നീട്ടിപിടിക്കാനൊരു ശോഷിച്ച കയ്യുണ്ട്‌
പക്ഷെ തെരുവിന്റെ ഇല്ലാത്ത സൌന്ദര്യം
കെടുത്തുന്നുവെന്ന പേരും പറഞ്ഞ് അത് നിരോധിച്ചു

ജോലിയെടുത്താൽ ആഹാരം കിട്ടും
പക്ഷെ ബാലനായത് കൊണ്ട് അതിനും വിലക്കുണ്ട്
ഒരു വിലക്കും വകവെക്കാതെ വിശപ്പെന്റെ കൂടെയുണ്ട്

ഒടുവിൽ അവനെന്നെ വിട്ടു പോകുമ്പോൾ മരണത്തിന്റെ
തോളിലിരുന്നു ഞാനൊന്ന് ഉറക്കെ ചിരിക്കും
ഈ നന്ദികെട്ട ലോകത്തോട്‌ വിട പറഞ്ഞ സന്തോഷത്തിൽ

എന്നിട്ട് മരണത്തിന്റെ ചുണ്ടിലൊരു ചുംബനം കൊടുക്കും
ആശ്വാസത്തിന്റെ ഒരു ചുടു ചുംബനം !

-----------കവിത ----------02 .12.2014 

ഒരുക്കം

വലിയ വട്ടമുള്ളോരു ചുവന്ന പൊട്ട് തൊടണം,
വീതിയിൽ കറുത്ത കരയുള്ള ഒരു സെറ്റുടുക്കണം,
ശംഖുപുഷ്പം ചാലിച്ച് കണ്ണുകൾ രണ്ടും ഭംഗിയിലെഴുതണം
രണ്ട് കൈയ്യിലും കുലുങ്ങി ചിരിക്കുന്ന കുപ്പിവളകളിടണം,
പലനിറത്തിലുള്ളവ ,...
നീളത്തിലൊരു ശംഖു മാലകോർത്ത്‌ കഴുത്തിലിടണം,
ചെറുതെന്നലിനും ഇളക്കി മറിക്കാനാകും വിധം,
അര കഴിഞ്ഞ് കിടക്കുന്ന മുടിയിൽ,
ചെമ്പരത്തി താളി തേക്കണം.
വിരിച്ചിട്ട മുടിയിഴയിൽ നിറയെ ഇനിയും വിടരാത്ത
മുല്ലമൊട്ടു മാല ചൂടണം .
മഴ പെയ്ത് തോർന്ന മണ്‍ വഴിയിലൂടെ
ഓർമ്മകളെ താലോലിച്ച് തനിയെ കുറെ നടക്കണം.
പാതിവഴി പിന്നിടുംപോഴും കൂടെ കൂടെ
വെറുതെ തിരിഞ്ഞ് നോക്കണം ,,
പിന്നെ ,,,,,,,,,,,,,,,,,,,,,,,,,,,,

-----കവിത -----11.01.2014 

പാകമാവാത്ത കവിത

കിട്ടിയ ആശയമെടുത്ത്‌ അടുപ്പിൽ വച്ചു
അക്ഷരങ്ങൾ പെറുക്കി അതിലിട്ടു
വൃത്തം അലങ്കാരം പ്രാസം അങ്ങനെ കണ്ടതൊക്കെ
പാകം നോക്കാതെയിട്ടു
...
പ്രതീക്ഷ കൊണ്ട് മൂടി കാവലിരുന്നു ,
തിളച്ച് മറിഞ്ഞ് വെന്ത് ഒത്ത ഒരു കവിതയാവുന്നതും നോക്കി .

ആദ്യം കൂട്ടുകാർക്ക് വിളംബാം
അത് കഴിഞ്ഞ് ചൂടാറും മുന്പേ ഗ്രൂപ്പുകളിൽ എത്തിക്കണം
കിട്ടുന്ന ലൈക്കും കമന്റും കണ്ട് ഒന്ന് സ്വയം മറക്കണം
അനുവാദമില്ലാതെ ആരേലും ഷെയർ ചെയ്തത് കണ്ടാൽ
പിന്നാലെ ചെന്ന് കുത്തിനു പിടിക്കണം

പതിവ് സമയം കഴിഞ്ഞിട്ടും സംഗതി പാകമായില്ല
വെപ്രാളത്തിൽ തീ കത്തിക്കാൻ ഭാവന മറന്ന് പോയിരുന്നത്രേ
കഷ്ടം അല്ലാതെന്ത് പറയാൻ !

-------കവിത ----08 .01 .2014 

Saturday, February 22, 2014

നിനക്കായ്‌ ,,,,,,,,,,

കൊടികയറിയാൽ പിന്നെ ഏഴ്നാളും ഉത്സവം ആണ് .അമ്പലത്തിൽ മാത്രമല്ല  പ്രണയിക്കുന്നവരുടെ മനസ്സിലും .

ചന്തത്തിൽ ഒരുങ്ങണം 
ചന്തനം ചാർത്തണം 
മുല്ലപ്പൂ ചൂടണം 
മുന്നേ ഇറങ്ങണം 

പിന്നെ എഴുന്നള്ളി നില്ക്കുന്ന ആനകളുടെ മുന്നിലൂടെയും പിന്നിലൂടെയും ഉത്സവ പറമ്പിലാകെ  കല പില സംസാരിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടക്കണം .കൂടെ നടക്കാൻ കൂട്ടുകാരുള്ളത് ചമ്മൽ മറയ്ക്കാനുള്ള ഒരു എളുപ്പ വഴിയാണെന്ന് തോന്നിയിട്ടുണ്ട് .
തിടമ്പിൽ ഏറിയ തേവരെ കാണുന്നതിനെക്കാൾ ഇഷ്ടം വള കച്ചവടക്കാരെയും ,ബലൂണ്‍ വില്പ്പനക്കാരെയും ,ഐസ് വില്പ്പനക്കാരെയും കാണാനാണ് .
 താലം എടുത്ത് നാലമ്പലം ചുറ്റുമ്പോൾ നാമജപം മാത്രേ പാടുള്ളൂ എന്നറിയാഞ്ഞിട്ടല്ല മായേച്ചി പിന്നിൽ നിന്ന് തോണ്ടുന്നത് ,അപ്പോൾ കണ്ടൊരു കൊതി  കൈയ്യോടെ പങ്കുവയ്ക്കാനുള്ള തിടുക്കം കൊണ്ടാണ് .താലം പോകുന്ന വഴിയിൽ  ഉള്ള  വീടുകളുടെ എല്ലാം  മുന്നിൽ നിലവിളക്ക് കൊളുത്തി വച്ചിട്ടുണ്ടാകും .അങ്ങനെയുള്ള വീടുകളുടെ മുന്പിൽ കുറച്ചു നേരം താലമേന്തി  നില്ക്കണം എന്നാണ് വിശ്വാസം .ആ വീടുകളുടെ മുന്പിൽ എത്തുന്നതും ഞാൻ എൻറെ താലം മായേച്ചീടെ കൈയ്യിൽ കൊടുക്കും .കാരണം അങ്ങനെ നിൽക്കുമ്പോൾ ഓരോ വീട്ടുകാരും വഴിപാടായി പടക്കം പൊട്ടിക്കും .എത്ര ധൈര്യം സംഭരിച്ചാലും പടക്കത്തിന്റെ  ശബ്ദം എനിക്ക്  പേടിയാണ് .കാതിൽ വിരലുകൾ അമർത്തി നിൽക്കുമ്പോൾ ഒട്ടും നാണം തോന്നാറില്ല .പക്ഷേ ഇതൊക്കെ കണ്ട് കളിയാക്കാൻ മാത്രമായി താലത്തിന്റെ  പിന്നാലെ നീയുണ്ടാകും .താലം ചൊരിഞ്ഞ് തേവരെ തൊഴുത്‌ പുറത്തിറങ്ങുമ്പോൾ പരിഭവം മാറ്റാൻ ഒരു കള്ളച്ചിരിയും  കുറച്ച് കുപ്പിവളകളും  മുല്ലപൂവുമായി  നിൽക്കുന്ന നീ,,,,,,,,,,,,,,,,,,,

മറ്റൊരു ഉത്സവക്കാലം കൂടി എത്തുമ്പോൾ ഒരുപാട് ദൂരെയായി പോയി നീയും ഞാനും എങ്കിലും മനസുകൊണ്ട് തേവരെ വലം വച്ച്  ഇന്ന് ഞാനിറങ്ങുമ്പോൾ നിൻറെ സാമീപ്യം ഈ അക്ഷരങ്ങളിൽ കൂടി എങ്കിലും പകർത്താതെ വയ്യ ,,,,,,,,,,,,,,,


---------കവിത ----------22 .02 .2014 

Friday, February 21, 2014

തനിയെ,,,,

കനവുകൾ എരിഞ്ഞടങ്ങിയോരെൻ

മനസിൻ നെരിപോടിൽ

വീണ്ടും ഒരു തീനാളം കൊളുത്തിയത് ...

ഏതോ രാവിൻ നിഴൽപക്ഷി

ഇരുളിൻ മറവിലൂടെ ഇനിയും

എന്നെ തിരയുവത് എന്തിനു നീ

ഈ ഇരുളോന്നു മായും മുന്പേ

കരയണം എനിക്ക് ഇനിയുമേറെ ,,,,





....കവിത..... 29..09 2013

മരണം

ചൂളംവിളി ഉയരും മുൻപേ

തെക്കോട്ടുള്ള വണ്ടി പുറപ്പെട്ടുപോയി

വെളുത്ത വസ്ത്രത്തിൽ എന്നെ ഒളിപ്പിച്ചിട്ടവർ ......

എന്റെ പൊട്ടും പട്ടുപുടവയും കട്ടെടുത്തു

കുപ്പിവളകളോ പൊട്ടി ചിതറിയെൻ

മഞ്ഞച്ചരടും ചുവന്നു പോയി ,,,,


------കവിത ------20.09 .2013