Tuesday, February 24, 2015

എന്റെ തോന്ന്യാക്ഷരങ്ങൾ :

എന്റെ തോന്ന്യാക്ഷരങ്ങൾ :
വാരാന്ത്യത്തിൽ നിന്നും വാരാദ്യത്തിലേക്കും,
ഡിസംബറിൽ തുടങ്ങി ജനുവരിയിലേക്കും തീരുന്ന കലണ്ടറുകൾ.
ആഘോഷങ്ങൾ ക്രിസ്മസിൽ തുടങ്ങി പുതുവർഷത്തിൽ അവസാനിക്കണം.
ചന്ദ്രനും സൂര്യനും നക്ഷത്രങ്ങളുമെല്ലാം ഭൂമിയിൽ ഉദിക്കണം.
ആകാശത്ത് നിന്ന് ഭൂമിയിലേക്ക് റോക്കറ്റ് വിടണം .
ആകാശത്തോടി നടന്ന് കടലാസ് പട്ടങ്ങൾ പറത്തണം .
മഴയത്ത് ഉരുകിയൊലിച്ചു വേനലിൽ നനഞ്ഞു കുളിക്കണം.
ആലിപഴങ്ങൾ അടുപ്പിലിട്ടു ചുട്ടു തിന്നണം.
വീശിവരുന്ന കാറ്റിനെയൊക്കെ ഒരു വലിയ കുപ്പിയിലിട്ടു അടച്ചു വയ്ക്കണം.
അപ്പൂപ്പൻതാടികൾ അടുക്കിവച്ചൊരു വീടുപണിയണം.
അക്കങ്ങളെ അക്ഷരങ്ങളെന്നും ,അക്ഷരങ്ങളെ അക്കങ്ങളെന്നും മാറ്റി വിളിക്കണം .
പ്രണയിക്കുന്നവരെകൊണ്ട് മയിൽപീലിക്കുള്ളിൽ പുസ്തകം ഒളിപ്പിക്കണം .
പിന്നെ,,,,,പിന്നെ,,,,ആഹ്ഹ്ഹ്
അച്ഛനേം അമ്മേം കുളിപ്പിച്ച് സ്കൂളിലേക്കും മക്കളെ ജോലിക്കും പറഞ്ഞയക്കണം .
(ഇനിം കുറെ ഉണ്ട് :P )
--കവിത ---

ഒട്ടുപൊട്ടുകൾ

ഒട്ടുപൊട്ടുകൾ യാത്രപോകാറുണ്ട് .
എന്റെ നെറ്റിയിൽ നിന്നും തുടങ്ങുന്ന ഒരുപാട് യാത്രകൾ .
കണ്ണാടിപ്പുറത്തേക്കും കുളിമുറിച്ചുവരിലേക്കുമുള്ള ,
ഒട്ടുപ്പൊട്ടുകളുടെ യാത്രകൾ പതിവാണ് -
അമ്പലകുളത്തിലെ തണുത്ത വെള്ളത്തിലൊന്നു-
മുഖം കഴുകി നിവരുമ്പോഴേക്കും ഓർക്കാപുറത്ത്
ആഴങ്ങളിലേക്ക് അന്നൊരിക്കൽ നീ വീണുപോയില്ലേ ,
അറിയോ ഞാനന്ന് എത്ര തിരഞ്ഞ് നോക്കീന്ന് ? .
ഇടയ്ക്കൊക്കെയും ഒട്ടണില്ലെന്ന പേരും പറഞ്ഞ് ,
പിണങ്ങി തനിയെ നീയെത്ര അടർന്നു പോയിരിക്കുന്നു ,,
ഒട്ടാത്ത പേരും പറഞ്ഞ് പോയപ്പോഴോക്കെയും,
കാലിലൊട്ടി മടങ്ങി വന്നിട്ടുണ്ട് നീ ,
ചിലപ്പോഴൊക്കെ മടങ്ങിയും, ചുരുണ്ടും, നിറം മങ്ങിയും,,,
നീയിനി ഒരു യാത്ര കൂടി പോണം ,
എൻറെ നെറ്റിയിൽ നിന്നും ആ നെഞ്ചിലേക്കൊരു യാത്ര ,,
എന്നിട്ട് ആ നെഞ്ചിലൊട്ടിയൊട്ടി അങ്ങനെ ,,,,
--കവിത ---

പാതിരാ വണ്ടി

ഈ പാതിരാ വണ്ടിയിലാണ്‌ ചെക്കാ എനിക്ക് കയറേണ്ടത് ,
നിൻറെ കൈയ്യും പിടിച്ച് ,,
ആളുകളുടെ തിക്കി തിരക്കില്ലാത്ത ,
പകലോന്റെ ഉടലു പൊള്ളിക്കണ ചൂടില്ലാത്ത,
ഈ പാതിരാവണ്ടിയിൽ ,
നിൻറെ മേലൊട്ടി നിന്ന് ചുരമിറങ്ങി വരുന്നൊരു കാറ്റിന് കൂട്ട് പോണം.

നിനക്കറിയോ ഈ വണ്ടിയിൽ നെറച്ചും പൂക്കളാണെന്ന് ,
അല്ലെന്റെ ചെക്കാ ഈ വണ്ടിയൊരു പൂന്തോട്ടമാണ് .
വണ്ടുകളത്രയും ഈ വണ്ടി കാണാണ്ട് പോയതല്ല ,
തേൻ മുഴുവൻ നമുക്കായി വിട്ടുതന്നതാണ് .
ഈ പാതിരാ വണ്ടിയിലാണ്‌ ചെക്കാ എനിക്ക് കയറേണ്ടത് ,
നിൻറെ കൈയ്യും പിടിച്ച് ,,
ഇടയ്ക്കൊരു ചെറുമഴ പെയ്യണം ,
ആ മഴകൊണ്ട് നിൻറെ മൂക്കും നനച്ചൊരുതുള്ളി
എന്റെ മുഖത്തേക്ക് അടരണം ,,
ഈ പാതിരാ വണ്ടിയിലാണ്‌ ചെക്കാ എനിക്ക് കയറേണ്ടത് ,
നിൻറെ കൈയ്യും പിടിച്ച് ,,
അവസാനത്തെ സ്റ്റേഷനിൽ മൂക്കത്തു വിരൽ വച്ചൊരു-
മുത്തശ്ശിയമ്മ നമ്മളെ നോക്കി നില്പ്പുണ്ട് ,
ആയമ്മ കാണാതെ അതിനും മുൻപത്തെ സ്റ്റേഷനിൽ
നമുക്കിറങ്ങാം ,,,,,
--കവിത ---

അയാൾ ;

അയാൾ ;
ആ പട്ടണത്തിൽ എന്നും അവസാനമുറങ്ങുന്നത് അയാളാണ് .സിനിമാ കൊട്ടകയിലെ അവസാന ഷോ കണ്ടുമടങ്ങുന്നവർക്കായി ഉന്തു വണ്ടിയിൽ ചൂടു കാപ്പിയും ചായയും അയാൾ കരുതി വയ്ക്കും .
ചിലരൊക്കെ കാപ്പിയും ചായയുമൊക്കെ വാങ്ങും .
ആരും ഒന്നും വാങ്ങാതെ മടങ്ങുന്ന ദിവസങ്ങളും കാണും .എങ്കിലും അയാളവരോട് മനസ്സിൽ പോലുമൊന്നു പരിഭവിച്ചിട്ടില്ല .
പട്ടണത്തിൽ നിന്ന് അടുത്ത ചെറു ഗ്രാമങ്ങളിലേക്കുള്ള അവസാന ബസ്സുകൾ മുന്നോട്ടെടുക്കുമ്പോൾ അയാൾ ആകെയൊന്ന് നോക്കും ,കുറച്ചു പരിഭ്രമത്തോടെ ,,,
അവസാന വണ്ടികളിൽ ഓടിപിടഞ്ഞു - വീടുപിടിക്കുന്നവരെല്ലാം അതാതു വണ്ടികളിൽ ഉണ്ടെന്നറിയുമ്പോൾ അയാൾക്കെന്തോ വലിയ ആശ്വാസം തോന്നാറുണ്ട് .പേരും - നാളുമൊന്നുമറിയില്ലെങ്കിലും നിത്യ കാഴ്ചയാൽ അവരെയെല്ലാം അയാൾക്ക് നന്നായറിയാം .
ആ പട്ടണത്തിൽ അവസാനമെത്തുന്ന ഒരു വണ്ടിയുണ്ട് .അതിൽ പലരേയും അയാൾക്ക് പരിചയമുണ്ട്. .പത്രക്കെട്ടെടുക്കാൻ വരുന്നവരും തീവണ്ടി ആപ്പീസിലേക്ക് പോകേണ്ടവരും,,, അങ്ങനെ പാതിരാത്രിക്ക് നേരം വെളുപ്പിക്കുന്ന കുറെയാളുകൾ ,,,,
ആ പാതിരാ വണ്ടികൂടി പോയി കഴിഞ്ഞാൽ പിന്നെയാ പട്ടണത്തിൽ ഒരീച്ച പോലും അനങ്ങില്ല .പട്ടണം തെരുവുവിളക്കുകളുടെ താഴെ മൂടി പുതച്ചങ്ങനെ ഉറങ്ങാൻ കിടക്കും .പട്ടണത്തെ ഒന്ന് ചുമച്ചുപോലും ഉണർത്താതെ അയാളും വീട്ടിലേക്ക് ....
ഉന്തു വണ്ടിയുന്തിയുന്തി ,,,,,
കിലോമീറ്ററുകൾ കഴിയുമ്പോൾ തെരുവുവിളക്കുകൾ ജനിക്കാത്ത ഒരു നാട്ടുവഴി തുടങ്ങുകയായി ,അവിടന്ന് നോക്കിയാൽ മുനിഞ്ഞു കത്തുന്ന ഒരു മണ്ണെണ്ണ വിളക്കുകാണാം ,,,
അയാളകത്ത് കയറിയാൽ മാത്രം കെട്ടിരുന്നു ആ മണ്ണെണ്ണ വിളക്ക് .
"പേടിയാവില്ലേ? "
"ഒറ്റയ്ക്കിങ്ങനെ പതിവായി പാതിരാ കഴിഞ്ഞ് ,,,?''
അച്ഛനോടൊരിക്കൽ പതിവിലും നേരത്തെ ഉണർന്ന് ഞാൻ ചോദിച്ചതും അതായിരുന്നു .
"അച്ഛന് പേടിയാവില്ലേ ? അച്ഛനെ ഇരുട്ടെങ്ങാൻ വിഴുങ്ങിയാലോ ?"
അന്നെന്റെ പേടിയും അതായിരുന്നു .
"ഇല്ല, മോള്ടച്ചനെ ഇരുട്ടിനു ഒന്നുംചെയ്യാൻ പറ്റില്ല .മാത്രമല്ല ഇരുട്ടിനെ എന്നും നുണ പറഞ്ഞ് പറ്റിച്ചിട്ടാ അച്ഛൻ വരാറ് "
"എങ്ങനെ ?"
വിഴുങ്ങാൻ വരുന്ന ഇരുട്ടിനോട്‌ അച്ഛൻ പറയും ,
"എൻറെ പൊന്നു മക്കളെ വിശപ്പ്‌ വിഴുങ്ങും മുൻപെനിക്കെന്റെ വീടെത്തെണം ,ഞാൻ പോയിട്ട് നാളെയും വരും .എൻറെ മക്കൾക്ക്‌ വിശക്കാത്തോരു ദിവസം വന്നാൽ അന്ന് നിനക്കെന്നെ തിന്നാം ."
.അച്ഛന്റെ വാക്ക് വിശ്വസിച്ച ഇരുട്ട് അങ്ങനെ അന്നുതൊട്ട് എൻറെ മക്കൾക്ക് വിശക്കാത്ത ഒരുദിവസവും കാത്തിരിപ്പാണ് ."
"ഇനി മോളു പറയ്‌ ,അച്ഛനെ ഇരുട്ട് വിഴുങ്ങുമോ ?
---കവിത --

Thursday, January 29, 2015

മാഘപൌർണമിയിൽ ,
നിലാവിൻ നീലിമയിൽ ,
ആകാശപരപ്പിലൂടൊഴുകുമീ,
തിങ്കൾ തോണി നീ തുഴയവേ ,
വെണ്ണപൂശിയ കൊട്ടാരം ,അതിലേറി നാം -
കുന്നു കണ്ടു കുന്നിൻ ചെരിവു കണ്ടു ,,
കുന്നിൻ ചെരുവിലെപ്പോഴോ മാനം ,
നാണം മറന്നഴിച്ചുവച്ചൊരു നീല ചേല കണ്ടു ,,
മാരിവില്ലിൻ തേരിലേറവേ,
കടലു കണ്ടു അതിൻ പരപ്പുകണ്ടു ,
അതിന്നാഴങ്ങളിൽ സൂര്യനൊളിപ്പിച്ച,
പാതിതുറന്നൊരു കുങ്കുമ ചെപ്പു കണ്ടു ,,
താരകകൂട്ടത്തിലേക്കോടിയിറങ്ങവേ,
പൊയ്പോയ ബാല്യമെനിക്കോർമ്മ വന്നു .
താഴയപ്പഴുമൊരുണ്ണി താരകമായ തൻ
പൊന്നമ്മയെ നോക്കി ചിരിച്ചു നിന്നു ,,
---കവിത --

അഞ്ചു നുണകൾ ;

അഞ്ചു നുണകൾ ;
1.സ്വർഗം
ചുമരടർന്ന വീട്ടിൽ ,ഇത്തിരി ചാണകംത്തേച്ച തറയിൽ ,
വിരലുകൊണ്ട് ചിത്രംവരച്ചച്ചനോട് ഇതാണ് -
നമ്മുടെ സ്വർഗമെന്ന് നുണ പറഞ്ഞിരുന്നമ്മ.
2.കാലിചാക്ക്
റേഷൻകടക്കാരനോട് തൊഴുത്ത്മറക്കാനെന്ന് നുണ,
പറഞ്ഞിരന്നു വാങ്ങിയ കാലിചാക്കുകൊണ്ട് ,
എന്നേം അനിയനേം പുതപ്പിച്ചുറക്കിയിരുന്നമ്മ .
3.നല്ല പുതപ്പ്
വൃശ്ചിക പുലരിയിൽ തണുപ്പരിച്ചിറങ്ങവേ ,
കാലിചാക്കിനാൽ മൂടിപുതപ്പിച്ചുകൊണ്ട്,
ഈ തണുപ്പിലിതിലും നല്ലൊരു ,
പുതപ്പുവേറെയില്ലെന്നു പിന്നെയും നുണപറയുമായിരുന്നമ്മ .
4.പ്രാതൽ
അധികം വരുന്ന പ്രാതലുമായി ദേവി ചെറിയമ്മ ,
കേറിവരുമ്പോഴൊക്കെ "കുട്ടികളുണ്ടതിൻ ബാക്കിയിവിടന്ന് ,
അങ്ങോട്ടെടുക്കാൻ തുടങ്ങുകയായിരുന്നു ",
ഞാനെന്ന് വീണ്ടും നുണ പറഞ്ഞിരുന്നമ്മ .
5.കഞ്ഞി പുരാണം
തിരികെ അടുക്കളയിലേക്കോടിവന്നിട്ട് ,
കാലത്തെ അരവയറെങ്കിലും കഞ്ഞികുടിക്കുമ്പോൾ ,
കിട്ടുന്ന രുചിയും ഗുണവും ,
അതൊന്ന് വേറെതന്നെയെന്നമ്മ .
6.ഞാൻ !
ആ വേറിട്ട രുചിയും ഗുണവും അമ്മ വേണ്ടെന്ന് വച്ചതെന്തിനായിരുന്നെന്നെ -
നിക്കറിയാമായിരുന്നപ്പോഴേ ,,
7.അനിയൻ !
നമ്മളെല്ലാരും പോയി കഴിയുമ്പോളമ്മ ,
ദേവി ചെറിയമ്മേടെ വീട്ടിന്ന് ,
രുചിയില്ലാത്ത പ്രാതല് കഴിക്കണുണ്ടാകുമെന്ന-
അനിയന്റെ സന്ദേഹം ഓർത്തിട്ടെനിക്കിപ്പോൾ കണ്ണുനിറഞ്ഞിട്ടും വയ്യമ്മേ .,
---കവിത ----

നോവുകളുടെ കൂട്ടുകാരി ,,,,ആമി ,,,

"നിലച്ച ഘടികാരങ്ങൾ ,നിരർത്ഥക ജല്പനങ്ങൾ ,
അകത്തളങ്ങളിൽ മൃതി തോറ്റുപോകുന്ന തണുപ്പ് ,
ഓർമ്മകളിലേക്ക് മടങ്ങുമ്പോൾ തൊണ്ടയിൽ കുരുങ്ങുന്നൊരോക്കാനം!
ഇവിടെ നിന്നുമാണ് അമ്മയുടെ ആമി ഇനി എഴുതുക ,,,,"
"നിങ്ങൾക്കറിയുമോ ആമിയെ ,
നോവുകളുടെ കൂട്ടുകാരി ,,,,ആമി ,,,
ആദ്യമായവളെഴുതിയ അക്ഷരമുത്തുകൾക്ക് ബാല്യത്തിന്റെ തെറ്റലുണ്ടിപ്പോഴും .എന്നിട്ടും,
ആദ്യാനുരാഗം പോലെ അതിന്നും ആമിക്കൊപ്പമുണ്ട് ,
മധുരമായരോർമ്മ പോലെ ,,
ആമിയുടെ ഉള്ളിലൊരു മരമുണ്ട്,
എന്നും നിറയെ പൂക്കുന്ന ഒരൊറ്റ മരം .
ചില്ലയിലാകെ നോവു മാത്രം പൂക്കുന്ന നോവ്മരം .
നിങ്ങൾക്കറിയോ ?
നോവിന്റെ പൂക്കൾക്ക് നിറമുണ്ടെന്ന് ,
ചോരയുടെ ചുവപ്പാണാ പൂക്കൾക്ക്
ഉപ്പു രുചിക്കാറുണ്ടാ പൂക്കളെ ,
എങ്കിലും വാടിയ സ്വപ്നങ്ങളുടെ വാസനയാണവയ്ക്ക് ,
അതാണ്‌ ആമിക്ക് ഏറെ ഇഷ്ടം!
നിങ്ങൾക്കറിയോ ?
ആമിക്കൊരു സ്വപ്നമുണ്ടെന്ന് ,
നോവുമരത്തിലാകെ പല വർണ്ണ കിളികളെകൊണ്ട് നിറയണം ,
അതിലൊരു മുത്തശ്ശി കിളിയും ഒരു മുത്തശ്ശൻ കിളിയും വേണം .
പിന്നെയൊരൊമ്മ കിളി ,
ആമിയുടെ അമ്മയെ പോലെ മനസു നിറച്ചും സ്നേഹമുള്ളോരമ്മക്കിളി,
അമ്മക്ക് തണലായൊരാണ്‍ കിളിയും ,,
പിന്നെയുമൊരുപാട് കുഞ്ഞികിളികളും വേണം ,
ഓരോ ചില്ലയിലും അറിയാതെ പൂക്കും നോവിനെ
നോവാതെ നുള്ളിയെറിയാൻ ,,,
പിന്നെയും പിന്നെയും ഒരുപാട് കുഞ്ഞിക്കിളികൾ ,"
--കവിത ---