Monday, March 24, 2014

ഞാൻ അഹല്യ

ഞാൻ അഹല്യ
പെണ്ണായ് പിറന്നിട്ടും കല്ലായ് ജീവിക്കേണ്ടി വന്നവൾ-
ദേവാധി ദേവൻറെ ചാപല്യത്തിനു മുന്നിൽ ,
സ്വന്തം പാതിവൃത്യം ഹോമിക്കേണ്ടി വന്നവൾ -
സ്വയം സമർപ്പിച്ചു ജീവിതം പങ്കിട്ടു നല്കിയ പതിക്ക് മുന്നിൽ,
വെന്തുരുകി തല കുനിച്ചു നില്ക്കേണ്ടി വന്...നവൾ-
ഒടുവിലൊരു രോഷാഗ്നിയിൽ നിന്നുതിർന്ന,
ശാപവാക്കിനാൽ പതിയാൽ തിരസ്കരിക്കപെട്ടൊരു-
ശിലയായ് തീർന്നവൾ
മോക്ഷം കാത്ത് വെയിലിലുരുകി,
മഴയിൽ കുതിർന്ന് വർഷങ്ങൾ തള്ളി നീക്കിയവൾ
നെറുകയിൽ ഓരോ ചവിട്ടേൽക്കുമ്പോഴും
മോക്ഷ പാദമിതെന്നോർത്തു വെറുതെ ഉണരാൻ ശ്രമിച്ചവൾ

"ഞാൻ അഹല്യ
മോക്ഷം തരാൻ രാമാനീവഴി വരില്ലെന്നറിഞ്ഞിട്ടും
വെറുതെ കാത്തുകിടക്കുന്നീ കാനന മദ്ധ്യത്തിൽ
ഇവൾ ഈ അഹല്യ "

ഈ പട്ടുസാരികൾ

വർണ്ണനൂലിഴകളിൽ തുന്നിയെടുത്ത
ഈ പട്ടുസാരികൾ ,,,

ഇതുപോലൊന്നിൽ ഉടലു പൊതിയാൻ
ഇനിയൊന്ന് പുനർജനിക്കണം
വെറും നൂലിഴകളെ ഇത്ര ഭംഗിയായി ...
ഒരുക്കിയെടുക്കുന്നതിന്
ഇരുട്ടുവീണ ഒരു മനസും
കറുത്ത് മെലിഞ്ഞ ഈ ദേഹവും അധികം

മനസിലൊരിക്കലും സ്വപ്നങ്ങൾ
നെയ്തു കൂട്ടാത്തത് കൊണ്ടാവും
ആ സ്വപ്നങ്ങൾ ഒക്കെയും
വിരൽതുമ്പിലൂടെ ഊർന്നിറങ്ങി
ഇതിലിങ്ങനെ വിസ്മയം തീർക്കുന്നത്,,

പുലരിയോടു പിണങ്ങിയാണ് ഇന്നെഴുന്നേറ്റത്‌

മുഖഛായ മാറിയ നാട്ടുവഴികളെ
സ്വപ്നത്തിലെങ്കിലും മായ്ച്ചെഴുതാൻ വേണ്ടി ,
രണ്ടുവരിപാതയുടെ ടാർ അമർത്തി തുടച്ചുമാറ്റി
ഇടുങ്ങിയ ചെമ്മണ്‍പാതയാക്കി വീണ്ടും ഒരുക്കി

കെട്ടിനിൽക്കുന്ന മഴവെള്ളത്തിലൂടെ ...
കുടനന്നാക്കാനുണ്ടോ എന്ന് ഉച്ചത്തിൽ വിളിച്ചു കൊണ്ട്
വെളുപ്പുടുത്ത പേരറിയാത്ത ഇക്കയെ നടത്തിച്ചു

മുറുക്കി ചുമപ്പിച്ചൊരു നിറം മങ്ങിയ സാരിയുടുത്ത്
അരകല്ലും ആട്ടുകല്ലും കൊത്തുമെന്ന് പറഞ്ഞ്
തമിഴ്കലർന്ന മലയാളം പറയുന്ന അക്കനെ വീണ്ടും
വീടായ വീടൊക്കെ കേറ്റി ഇറക്കി

ചുട്ടുപൊള്ളുന്ന വേനലിൽ നാട്ടുവഴികളിൽ
പിച്ചൊരുക്കി അവധിക്കാലം ആഘോഷിക്കുന്ന
വള്ളിനിക്കറുകാരുടെയും പെറ്റികോട്ടുകാരികളുടെയും
അടുത്തേക്ക് സൈക്കിളിൽ ഉച്ചത്തിൽ
ഐസ് കൊട്ടി വിളിച്ചു കൊണ്ട് എല്ലുന്തിയ ഐസുകാരനെ
വീണ്ടും പറഞ്ഞയച്ചു ,,

സീസണ്‍ അനുസരിച്ച് ജാതിയും അടക്കയും കശുനണ്ടിയും
വിലപേശി മേടിക്കാൻ വരാറുണ്ടായിരുന്ന
അറുത്ത കൈക്ക് ഉപ്പുതേക്കാത്ത
വലിയ മീശയുള്ള കച്ചോടക്കാരനെ വിളിച്ചുവരുത്തി ,,,

"നഷ്ടപെട്ടതൊക്കെയും മനസിന്റെ ഫ്രെയിമിനുള്ളിൽ
ആഗ്രഹത്തിനനുസരിച്ച് പറിച്ചുനട്ടു തീരും മുന്പേ
വന്നുണർത്തിയ പുലരിയോടു പിണങ്ങിയാണ്
ഇന്നെഴുന്നേറ്റത്‌ ."
--കവിത ---

Wednesday, March 12, 2014

ആരോ പാതി ചവിട്ടിയരച്ച ഒരു ചെമ്പകമൊട്ട്


കാലം തെറ്റി പൂക്കുന്ന  ചെമ്പകച്ചോട്ടിൽ  വെറുതെ ഇരുന്ന് ,,,,,,,.
തൊട്ടടുത്തുള്ള അത്തിമരത്തിൽ മധുരം നുണയുന്ന കുരുവി കൂട്ടങ്ങളുടെ കലപില കേട്ട് ,,,,
മധുരം നിറച്ച വയറോടെ മാറിയൊരു കൊമ്പിലിരുന്നു കഥ പറയുന്ന ഇണക്കിളികളെ നോക്കി,,,,,
പെറുക്കിയെടുത്ത  ചെമ്പകം കൊണ്ട് പട്ടുപാവാട നിറച്ച് ,,,,
പെറുക്കിയെടുത്തപ്പോൾ  നാണിച്ചുപോയ അതിലൊന്നിനെ മാറോടുചേർത്ത് ,,,,
പതിയെ നോവാതെ ഒരു ഉമ്മ കൊടുത്ത് ,,,,,
മനസിനെ മയക്കുന്ന ചെമ്പകഗന്ധം ആവോളം ആസ്വദിച്ച്,,,,
അങ്ങനെ ആയിരുന്നു എൻറെ കുട്ടികാലത്തെ പല ദിനങ്ങളും.
 
അന്ന് തൊടി നിറയെ മരങ്ങൾ ആയിരുന്നു .എനിക്ക് പ്രിയപ്പെട്ട ചെമ്പകവും കുരുവികൾക്ക് വിശപ്പാറ്റിയ അത്തിമരവും ,അമ്മമ്മക്ക് മടിനിറയെ പണം കൊടുത്ത കശുമാവും മുത്തച്ഛൻ മോഹിച്ചുറപ്പിച്ച  നാട്ടുമാവും ചിറ്റയും കൂട്ടുകാരികളും കൊതിപറഞ്ഞിരുന്ന ഞാവൽ മരതണലും  അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഒരുപാട് മരങ്ങൾ ,,,,ഞാൻ കണ്ട ആദ്യത്തെ ഒരു കൊച്ചുവനം!
 
ഭാഗം വയ്ക്കണമെന്നും വീതം കിട്ടണമെന്നും ആരൊക്കെയോ പറഞ്ഞപ്പോഴും 
തൊടി ഇങ്ങനെ പങ്കിട്ടെടുക്കുമെന്ന് കരുതിയില്ല .പിറ്റേന്ന് അലിയാർ ഇക്കയുടെ പണിക്കാർ തൊടിയിലോടിനടന്ന് പണിയെടുത്തു .അറക്കവാളിന്റെ  ശബ്ദം കുരുവി കൂട്ടങ്ങളുടെ തലതല്ലി  കരച്ചിലിൽ മുങ്ങിപോയി .പരിഭവം പറയാൻ ഏങ്ങലടിച്ചുകൊണ്ട് എൻറെ ജനലരികിൽ ചിലതങ്ങനെ ചിറകടിച്ച് പറന്നുവന്നു .ചെവിയിൽ വിരലുകൾ അമർത്തി കമിഴ്ന്ന് കിടന്ന് ഞാനത് കണ്ടില്ലെന്ന് നടിച്ചു .

സന്ധ്യക്ക് ആളൊഴിഞ്ഞപ്പോൾ തൊടിയിലേക്കിറങ്ങി .ചെമ്പകഗന്ധത്തിനു പകരം പച്ചമരത്തിന്റെ ചോരയുടെ മണമായിരുന്നു അവിടെയാകെ ,പിന്നെ ആരെയും ശ്വാസം മുട്ടിയ്‌ക്കുന്ന ഒരു വല്ലാത്ത നിശബ്ദതയും ,,,,
തിരിച്ച് ഉമ്മറത്ത്‌ എത്തുമ്പോൾ  ആരോ പാതി ചവിട്ടിയരച്ച ഒരു ചെമ്പകമൊട്ട്  എൻറെ  പട്ടുപാവാടയിൽ  ഉടക്കി കിടന്നിരുന്നു ,,,

----കവിത ----

Monday, March 10, 2014

നടതള്ളൽ

ചുമരുകളിൽ പിടിച്ചു പിടിച്ചിങ്ങനെ  വേച്ച് നടക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നൊരു ചിത്രമുണ്ട് .അമ്മേന്ന് വെക്തമാകാത്ത ഭാഷയിൽ വിളിച്ചുകൊണ്ട് പിച്ചവച്ച് നമ്മുടെ ആറ് ഉണ്ണികളും തറവാട്ട്‌ വീടിൻറെ ചുമരു പിടിച്ചു പിടിച്ച് അടുക്കളയിലേക്ക് എത്തി നോക്കുന്നൊരു ചിത്രം . മൂത്തവൻ ഗോപൻ മുതൽ ഇളയ കുട്ടി ലേഖ വരെ ആ പതിവ് തെറ്റിച്ചിരുന്നില്ല .
കുട്ട്യോള് പിച്ച വയ്ക്കണത്  അച്ഛനമ്മമാർക്ക്കാണാൻ   കൊതിയാണ് .പക്ഷേ അച്ഛനമ്മമാർ വേച്ചുവേച്ചു  നടക്കണത്‌ മക്കൾക്ക് നാണക്കേടാ .

കൂട്ടിലടച്ച  മൃതപ്രായരായ കിളികളെപോലെ നമ്മളിവിടെ ഇനിയുള്ള കാലം ,,,,
എന്നും വെറുതെ ആഗ്രഹിക്കും പേരകുട്ടികളേയും കൂട്ടി ആരെങ്കിലും നമ്മളെ കാണാൻ വരുമെന്നും മാപ്പ് പറഞ്ഞ് വീട്ടിലേക്ക് കൂട്ടികൊണ്ട് പോകുമെന്നും.
മേൽവിലാസക്കാരൻ  കൈപറ്റാൻ ഇല്ലാത്ത കത്ത് പോലെ നമ്മളിവിടെ ,,,,,
അല്ലാ മരിച്ചു കഴിഞ്ഞാൽ മക്കള് വരോ ,കൂട്ടികൊണ്ട് പോകുമോ ? 

 നമ്മുടെ തൊടിയിൽ നമ്മുടെ മൂവാണ്ടൻ മാവ് വെട്ടി,,,,,, അതെന്റെ ഒരാഗ്രഹാ ,,,,

"അമ്മയും അച്ഛനും രണ്ടുദിവസം ഇവിടെ നിൽക്കണോട്ടോ"

എന്ന് പറഞ്ഞ് സേതു വാണ് ഇവിടെ കൊണ്ടാക്കിയത്‌ .അവനോടു അന്ന് ഒന്നും ചോദിക്കാതിരുന്നത് ഈ ഒരു നടതള്ളൽ പണ്ടേക്ക്പണ്ടേ പ്രതീക്ഷിച്ചത്കൊണ്ടായിരുന്നു .തിരിഞ്ഞു പോലും നോക്കാതെ സേതു പോയപ്പോ പിന്നീന്ന് വിളിച്ച് ഒന്നേ ആവശ്യപ്പെട്ടുള്ളൂ  
"മക്കളേം കൂട്ടി ഇടയ്ക്ക് വരണോട്ടോ ന്ന് ' അതവൻ കേട്ടതായി തോന്നിയില്ല 

പണ്ട് അംഗൻവാടിയിലും പള്ളികൂടത്തിലും ഒക്കെ മക്കളെ കൊണ്ട് വിട്ടിട്ട് പോന്നാൽ പിന്നെ വൈകിട്ട് തിരിച്ചുവിളിച്ച് കൊണ്ടുവരുന്നത് വരെ ഉള്ളിലൊരു നീറ്റലാ .മക്കളൊന്നു ഓർത്ത് നോക്കിയേ അന്ന് ഏതെങ്കിലും ഒരു ദിവസം ഈ അമ്മ നിങ്ങളെ വിളിക്കാൻ വന്നില്ലായിരുന്നു എങ്കിൽ നിങ്ങളുമിതുപോലെ മേൽവിലാസക്കാരനെ തേടി എവിടെ എങ്കിലും അലഞ്ഞേനെ , ഇല്ലേ ?