Thursday, June 26, 2014

മരിച്ചവർ തിരിച്ചുവന്നാൽ

മരിച്ചവർ തിരിച്ചുവന്നാൽ ,,,,,
മാസങ്ങൾക്ക് ശേഷമാണ് വീട്ടിലേക്കൊന്നു പോകാനായത്‌ .അമ്മയുടെയും ഭർത്താവിന്റെയും മകളുടെയും ബന്ധുക്കളുടെയും കണ്ണീരെങ്ങനെ തുടയ്ക്കുമെന്നും അവരെ എന്തു പറഞ്ഞൊന്നു ആശ്വസിപ്പിക്കുമെന്നും എനിക്കറിയില്ലായിരുന്നു .യാത്രയിലുടനീളം അതിനെക്കുറിച്ചു മാത്രമാണ് ചിന്തിച്ചത് .അവരുടെ സങ്കടം കണ്ടുനില്ക്കാനാവാത്തോണ്ട് മാത്രമായിരുന്നു യാത്ര കുറച്ചു വൈകിച്ചത് .ഇതിപ്പോൾ മാസങ്ങൾ കുറച്ചായി .അവരെല്ലാം എൻറെ തിരിച്ചുവരവ് എങ്ങനെയാവും ആഘോഷിക്കുക .ഒരു വിസ്മയം പോലെ അവരെന്നെ നോക്കി നിൽക്കുമ്പോൾ .ഞാൻ മരിച്ചിട്ടില്ലെന്നും ,നിങ്ങളില്ലാത്തോരു ലോകത്ത് ഒറ്റയ്ക്കെനിക്ക് വയ്യെന്നും പറയണം .,,,,
വിരഹം വൃദ്ധനാക്കിയ ഭർത്താവിനെ ആശ്വസിപ്പിച്ച് ,വാടി തളർന്ന മോളുടെ നെറ്റിയിൽ ഉമ്മ കൊടുത്ത് ,അടുക്കളപ്പടിയിൽ തളർന്നിരിക്കുന്ന അമ്മയെ പുറകിലൂടെച്ചെന്നൊന്ന് പുണർന്ന് ,,,,,,,,കുറച്ചു നേരമെങ്കിലും അവർക്ക് സന്തോഷം മടക്കി നൽകണം ,,,,,
മുള്ളുവേലി കടന്ന് മുറ്റത്തേക്ക് കാലുവച്ചതും കണ്ടു പ്രസരിപ്പോടെ ഓടി നടക്കുന്ന മോളെ ,സമാധാനമായി എൻറെ കുറവ് അദ്ദേഹം സ്വന്തം വേദന മറച്ചുവച്ചും നികത്തുന്നുണ്ടല്ലോ ,
മുറ്റത്തുണക്കാൻ വിരിച്ച തുണികൾ ഓരോന്നായി അമ്മ മടക്കിയെടുക്കുന്നത് അപ്പോഴാണ് ശ്രദ്ധിച്ചത് .അതിൽ എൻറെ ഒരു നീല സാരിയും! .മരണ വീടല്ലേ ബന്ധുക്കൾ ആരെങ്കിലും മാറി ഉടുത്തതാവും .അകത്തലമാരയിൽ എനിക്കേറെ ഇഷ്ടമുള്ള ഒരു സാരി ഉണ്ട് കറുപ്പിൽ ചുവന്ന പൂക്കൾ ഉള്ള സാരി .ഞാൻ അതുടുക്കുന്നതാണ് അദ്ധേഹത്തിനേറെ ഇഷ്ടം .കഴിഞ്ഞ വർഷം കാവിലെ പൂരത്തിന് വിരുന്ന് വന്ന ലതചിറ്റക്കതൊന്നു മാറിയുടുക്കാൻ കൊടുത്തതിന് രണ്ടു ദിവസം എന്നോട് മിണ്ടാതെ നടന്നു .അന്നുറങ്ങാൻ നേരം കാര്യമായിത്തന്നെ പറഞ്ഞു നീയല്ലാതെ വേറെ ആരും നിൻറെ വസ്ത്രം ഉടുക്കുന്നതെനിക്ക് ഇഷ്ടമല്ലെന്ന് .
കണ്ണുകൾ ആകെ തിരഞ്ഞു ആ ക്ഷീണിത മുഖം തേടി .കണ്ടില്ല ,പുറത്തെവിടെ എങ്കിലും പോയതാകും വരുമ്പോൾ അലമാരയിൽ നിന്ന് കറുപ്പിൽ ചുവന്ന പൂക്കളുള്ള ആ സാരി എടുത്തുടുത്ത്‌ മുന്നിൽ ചെന്നുനിന്ന് അദ്ധേഹത്തെ ഒന്നു ഞെട്ടിക്കണം .അലമാര മുഴുവൻ പരതിയിട്ടും ആ സാരി കിട്ടിയില്ല .
"അമ്മേ ,,,,"
പിന്നിൽ മോളുടെ ശബ്ദം , രക്തബന്ധത്തെ അകറ്റാൻ ഒരു മരണത്തിനും കഴിയില്ല . കണ്ടില്ലേ എൻറെ മോളെന്നെ തിരിച്ചറിഞ്ഞത് ,മോളെ എന്നുറക്കെ വിളിച്ചു എങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല .
" അമ്മേ അച്ഛനെപ്പോ വരും ? "
"അച്ഛനിന്നു നേരത്തെ വരും ,എന്നിട്ട് അമ്മയ്ക്കും മോൾക്കും അച്ഛനും കൂടെ പുറത്തുപോകാമെന്ന് രാവിലെ പോകുമ്പോൾ പറഞ്ഞിരുന്നു "
അതും പറഞ്ഞ് മോളെ ചേർത്തു പിടിച്ച ആ മുഖം , കണ്ണുനീർ എൻറെ കാഴ്ച്ച മറച്ചതുകൊണ്ട്‌മാത്രം വെക്തമായ് കാണാനായില്ല , എങ്കിലും കറുപ്പിൽ ചുവന്ന പൂക്കൾ ഉള്ള സാരിയിൽ അവരൊരു ദേവതയെപോലെ തോന്നിച്ചു ...
---കവിത ---

No comments:

Post a Comment