Thursday, January 29, 2015

അഞ്ചു നുണകൾ ;

അഞ്ചു നുണകൾ ;
1.സ്വർഗം
ചുമരടർന്ന വീട്ടിൽ ,ഇത്തിരി ചാണകംത്തേച്ച തറയിൽ ,
വിരലുകൊണ്ട് ചിത്രംവരച്ചച്ചനോട് ഇതാണ് -
നമ്മുടെ സ്വർഗമെന്ന് നുണ പറഞ്ഞിരുന്നമ്മ.
2.കാലിചാക്ക്
റേഷൻകടക്കാരനോട് തൊഴുത്ത്മറക്കാനെന്ന് നുണ,
പറഞ്ഞിരന്നു വാങ്ങിയ കാലിചാക്കുകൊണ്ട് ,
എന്നേം അനിയനേം പുതപ്പിച്ചുറക്കിയിരുന്നമ്മ .
3.നല്ല പുതപ്പ്
വൃശ്ചിക പുലരിയിൽ തണുപ്പരിച്ചിറങ്ങവേ ,
കാലിചാക്കിനാൽ മൂടിപുതപ്പിച്ചുകൊണ്ട്,
ഈ തണുപ്പിലിതിലും നല്ലൊരു ,
പുതപ്പുവേറെയില്ലെന്നു പിന്നെയും നുണപറയുമായിരുന്നമ്മ .
4.പ്രാതൽ
അധികം വരുന്ന പ്രാതലുമായി ദേവി ചെറിയമ്മ ,
കേറിവരുമ്പോഴൊക്കെ "കുട്ടികളുണ്ടതിൻ ബാക്കിയിവിടന്ന് ,
അങ്ങോട്ടെടുക്കാൻ തുടങ്ങുകയായിരുന്നു ",
ഞാനെന്ന് വീണ്ടും നുണ പറഞ്ഞിരുന്നമ്മ .
5.കഞ്ഞി പുരാണം
തിരികെ അടുക്കളയിലേക്കോടിവന്നിട്ട് ,
കാലത്തെ അരവയറെങ്കിലും കഞ്ഞികുടിക്കുമ്പോൾ ,
കിട്ടുന്ന രുചിയും ഗുണവും ,
അതൊന്ന് വേറെതന്നെയെന്നമ്മ .
6.ഞാൻ !
ആ വേറിട്ട രുചിയും ഗുണവും അമ്മ വേണ്ടെന്ന് വച്ചതെന്തിനായിരുന്നെന്നെ -
നിക്കറിയാമായിരുന്നപ്പോഴേ ,,
7.അനിയൻ !
നമ്മളെല്ലാരും പോയി കഴിയുമ്പോളമ്മ ,
ദേവി ചെറിയമ്മേടെ വീട്ടിന്ന് ,
രുചിയില്ലാത്ത പ്രാതല് കഴിക്കണുണ്ടാകുമെന്ന-
അനിയന്റെ സന്ദേഹം ഓർത്തിട്ടെനിക്കിപ്പോൾ കണ്ണുനിറഞ്ഞിട്ടും വയ്യമ്മേ .,
---കവിത ----

No comments:

Post a Comment