Monday, March 24, 2014

പുലരിയോടു പിണങ്ങിയാണ് ഇന്നെഴുന്നേറ്റത്‌

മുഖഛായ മാറിയ നാട്ടുവഴികളെ
സ്വപ്നത്തിലെങ്കിലും മായ്ച്ചെഴുതാൻ വേണ്ടി ,
രണ്ടുവരിപാതയുടെ ടാർ അമർത്തി തുടച്ചുമാറ്റി
ഇടുങ്ങിയ ചെമ്മണ്‍പാതയാക്കി വീണ്ടും ഒരുക്കി

കെട്ടിനിൽക്കുന്ന മഴവെള്ളത്തിലൂടെ ...
കുടനന്നാക്കാനുണ്ടോ എന്ന് ഉച്ചത്തിൽ വിളിച്ചു കൊണ്ട്
വെളുപ്പുടുത്ത പേരറിയാത്ത ഇക്കയെ നടത്തിച്ചു

മുറുക്കി ചുമപ്പിച്ചൊരു നിറം മങ്ങിയ സാരിയുടുത്ത്
അരകല്ലും ആട്ടുകല്ലും കൊത്തുമെന്ന് പറഞ്ഞ്
തമിഴ്കലർന്ന മലയാളം പറയുന്ന അക്കനെ വീണ്ടും
വീടായ വീടൊക്കെ കേറ്റി ഇറക്കി

ചുട്ടുപൊള്ളുന്ന വേനലിൽ നാട്ടുവഴികളിൽ
പിച്ചൊരുക്കി അവധിക്കാലം ആഘോഷിക്കുന്ന
വള്ളിനിക്കറുകാരുടെയും പെറ്റികോട്ടുകാരികളുടെയും
അടുത്തേക്ക് സൈക്കിളിൽ ഉച്ചത്തിൽ
ഐസ് കൊട്ടി വിളിച്ചു കൊണ്ട് എല്ലുന്തിയ ഐസുകാരനെ
വീണ്ടും പറഞ്ഞയച്ചു ,,

സീസണ്‍ അനുസരിച്ച് ജാതിയും അടക്കയും കശുനണ്ടിയും
വിലപേശി മേടിക്കാൻ വരാറുണ്ടായിരുന്ന
അറുത്ത കൈക്ക് ഉപ്പുതേക്കാത്ത
വലിയ മീശയുള്ള കച്ചോടക്കാരനെ വിളിച്ചുവരുത്തി ,,,

"നഷ്ടപെട്ടതൊക്കെയും മനസിന്റെ ഫ്രെയിമിനുള്ളിൽ
ആഗ്രഹത്തിനനുസരിച്ച് പറിച്ചുനട്ടു തീരും മുന്പേ
വന്നുണർത്തിയ പുലരിയോടു പിണങ്ങിയാണ്
ഇന്നെഴുന്നേറ്റത്‌ ."
--കവിത ---

No comments:

Post a Comment