Wednesday, March 12, 2014

ആരോ പാതി ചവിട്ടിയരച്ച ഒരു ചെമ്പകമൊട്ട്


കാലം തെറ്റി പൂക്കുന്ന  ചെമ്പകച്ചോട്ടിൽ  വെറുതെ ഇരുന്ന് ,,,,,,,.
തൊട്ടടുത്തുള്ള അത്തിമരത്തിൽ മധുരം നുണയുന്ന കുരുവി കൂട്ടങ്ങളുടെ കലപില കേട്ട് ,,,,
മധുരം നിറച്ച വയറോടെ മാറിയൊരു കൊമ്പിലിരുന്നു കഥ പറയുന്ന ഇണക്കിളികളെ നോക്കി,,,,,
പെറുക്കിയെടുത്ത  ചെമ്പകം കൊണ്ട് പട്ടുപാവാട നിറച്ച് ,,,,
പെറുക്കിയെടുത്തപ്പോൾ  നാണിച്ചുപോയ അതിലൊന്നിനെ മാറോടുചേർത്ത് ,,,,
പതിയെ നോവാതെ ഒരു ഉമ്മ കൊടുത്ത് ,,,,,
മനസിനെ മയക്കുന്ന ചെമ്പകഗന്ധം ആവോളം ആസ്വദിച്ച്,,,,
അങ്ങനെ ആയിരുന്നു എൻറെ കുട്ടികാലത്തെ പല ദിനങ്ങളും.
 
അന്ന് തൊടി നിറയെ മരങ്ങൾ ആയിരുന്നു .എനിക്ക് പ്രിയപ്പെട്ട ചെമ്പകവും കുരുവികൾക്ക് വിശപ്പാറ്റിയ അത്തിമരവും ,അമ്മമ്മക്ക് മടിനിറയെ പണം കൊടുത്ത കശുമാവും മുത്തച്ഛൻ മോഹിച്ചുറപ്പിച്ച  നാട്ടുമാവും ചിറ്റയും കൂട്ടുകാരികളും കൊതിപറഞ്ഞിരുന്ന ഞാവൽ മരതണലും  അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഒരുപാട് മരങ്ങൾ ,,,,ഞാൻ കണ്ട ആദ്യത്തെ ഒരു കൊച്ചുവനം!
 
ഭാഗം വയ്ക്കണമെന്നും വീതം കിട്ടണമെന്നും ആരൊക്കെയോ പറഞ്ഞപ്പോഴും 
തൊടി ഇങ്ങനെ പങ്കിട്ടെടുക്കുമെന്ന് കരുതിയില്ല .പിറ്റേന്ന് അലിയാർ ഇക്കയുടെ പണിക്കാർ തൊടിയിലോടിനടന്ന് പണിയെടുത്തു .അറക്കവാളിന്റെ  ശബ്ദം കുരുവി കൂട്ടങ്ങളുടെ തലതല്ലി  കരച്ചിലിൽ മുങ്ങിപോയി .പരിഭവം പറയാൻ ഏങ്ങലടിച്ചുകൊണ്ട് എൻറെ ജനലരികിൽ ചിലതങ്ങനെ ചിറകടിച്ച് പറന്നുവന്നു .ചെവിയിൽ വിരലുകൾ അമർത്തി കമിഴ്ന്ന് കിടന്ന് ഞാനത് കണ്ടില്ലെന്ന് നടിച്ചു .

സന്ധ്യക്ക് ആളൊഴിഞ്ഞപ്പോൾ തൊടിയിലേക്കിറങ്ങി .ചെമ്പകഗന്ധത്തിനു പകരം പച്ചമരത്തിന്റെ ചോരയുടെ മണമായിരുന്നു അവിടെയാകെ ,പിന്നെ ആരെയും ശ്വാസം മുട്ടിയ്‌ക്കുന്ന ഒരു വല്ലാത്ത നിശബ്ദതയും ,,,,
തിരിച്ച് ഉമ്മറത്ത്‌ എത്തുമ്പോൾ  ആരോ പാതി ചവിട്ടിയരച്ച ഒരു ചെമ്പകമൊട്ട്  എൻറെ  പട്ടുപാവാടയിൽ  ഉടക്കി കിടന്നിരുന്നു ,,,

----കവിത ----

2 comments:

  1. ഭംഗിയായി ഒരു പാരമ്പര്യത്തെയും തറവാടിനെയും ഓര്‍മപ്പെടുത്താന്‍ സാധിച്ചു,,,,അതിലേറെ കുഞ്ഞിളം കൈകളിലും പട്ടുപാവാടയിലും മൊട്ടിട്ട പൂകളെ താലോലിക്കുന്ന കൊച്ചുമിടുക്കിയുടെ ബാല്യസ്മൃതികളും...ഇഷ്ടമായി ഈ ചെമ്പകമൊട്ടുകളെ.....

    ReplyDelete