Tuesday, February 24, 2015

അയാൾ ;

അയാൾ ;
ആ പട്ടണത്തിൽ എന്നും അവസാനമുറങ്ങുന്നത് അയാളാണ് .സിനിമാ കൊട്ടകയിലെ അവസാന ഷോ കണ്ടുമടങ്ങുന്നവർക്കായി ഉന്തു വണ്ടിയിൽ ചൂടു കാപ്പിയും ചായയും അയാൾ കരുതി വയ്ക്കും .
ചിലരൊക്കെ കാപ്പിയും ചായയുമൊക്കെ വാങ്ങും .
ആരും ഒന്നും വാങ്ങാതെ മടങ്ങുന്ന ദിവസങ്ങളും കാണും .എങ്കിലും അയാളവരോട് മനസ്സിൽ പോലുമൊന്നു പരിഭവിച്ചിട്ടില്ല .
പട്ടണത്തിൽ നിന്ന് അടുത്ത ചെറു ഗ്രാമങ്ങളിലേക്കുള്ള അവസാന ബസ്സുകൾ മുന്നോട്ടെടുക്കുമ്പോൾ അയാൾ ആകെയൊന്ന് നോക്കും ,കുറച്ചു പരിഭ്രമത്തോടെ ,,,
അവസാന വണ്ടികളിൽ ഓടിപിടഞ്ഞു - വീടുപിടിക്കുന്നവരെല്ലാം അതാതു വണ്ടികളിൽ ഉണ്ടെന്നറിയുമ്പോൾ അയാൾക്കെന്തോ വലിയ ആശ്വാസം തോന്നാറുണ്ട് .പേരും - നാളുമൊന്നുമറിയില്ലെങ്കിലും നിത്യ കാഴ്ചയാൽ അവരെയെല്ലാം അയാൾക്ക് നന്നായറിയാം .
ആ പട്ടണത്തിൽ അവസാനമെത്തുന്ന ഒരു വണ്ടിയുണ്ട് .അതിൽ പലരേയും അയാൾക്ക് പരിചയമുണ്ട്. .പത്രക്കെട്ടെടുക്കാൻ വരുന്നവരും തീവണ്ടി ആപ്പീസിലേക്ക് പോകേണ്ടവരും,,, അങ്ങനെ പാതിരാത്രിക്ക് നേരം വെളുപ്പിക്കുന്ന കുറെയാളുകൾ ,,,,
ആ പാതിരാ വണ്ടികൂടി പോയി കഴിഞ്ഞാൽ പിന്നെയാ പട്ടണത്തിൽ ഒരീച്ച പോലും അനങ്ങില്ല .പട്ടണം തെരുവുവിളക്കുകളുടെ താഴെ മൂടി പുതച്ചങ്ങനെ ഉറങ്ങാൻ കിടക്കും .പട്ടണത്തെ ഒന്ന് ചുമച്ചുപോലും ഉണർത്താതെ അയാളും വീട്ടിലേക്ക് ....
ഉന്തു വണ്ടിയുന്തിയുന്തി ,,,,,
കിലോമീറ്ററുകൾ കഴിയുമ്പോൾ തെരുവുവിളക്കുകൾ ജനിക്കാത്ത ഒരു നാട്ടുവഴി തുടങ്ങുകയായി ,അവിടന്ന് നോക്കിയാൽ മുനിഞ്ഞു കത്തുന്ന ഒരു മണ്ണെണ്ണ വിളക്കുകാണാം ,,,
അയാളകത്ത് കയറിയാൽ മാത്രം കെട്ടിരുന്നു ആ മണ്ണെണ്ണ വിളക്ക് .
"പേടിയാവില്ലേ? "
"ഒറ്റയ്ക്കിങ്ങനെ പതിവായി പാതിരാ കഴിഞ്ഞ് ,,,?''
അച്ഛനോടൊരിക്കൽ പതിവിലും നേരത്തെ ഉണർന്ന് ഞാൻ ചോദിച്ചതും അതായിരുന്നു .
"അച്ഛന് പേടിയാവില്ലേ ? അച്ഛനെ ഇരുട്ടെങ്ങാൻ വിഴുങ്ങിയാലോ ?"
അന്നെന്റെ പേടിയും അതായിരുന്നു .
"ഇല്ല, മോള്ടച്ചനെ ഇരുട്ടിനു ഒന്നുംചെയ്യാൻ പറ്റില്ല .മാത്രമല്ല ഇരുട്ടിനെ എന്നും നുണ പറഞ്ഞ് പറ്റിച്ചിട്ടാ അച്ഛൻ വരാറ് "
"എങ്ങനെ ?"
വിഴുങ്ങാൻ വരുന്ന ഇരുട്ടിനോട്‌ അച്ഛൻ പറയും ,
"എൻറെ പൊന്നു മക്കളെ വിശപ്പ്‌ വിഴുങ്ങും മുൻപെനിക്കെന്റെ വീടെത്തെണം ,ഞാൻ പോയിട്ട് നാളെയും വരും .എൻറെ മക്കൾക്ക്‌ വിശക്കാത്തോരു ദിവസം വന്നാൽ അന്ന് നിനക്കെന്നെ തിന്നാം ."
.അച്ഛന്റെ വാക്ക് വിശ്വസിച്ച ഇരുട്ട് അങ്ങനെ അന്നുതൊട്ട് എൻറെ മക്കൾക്ക് വിശക്കാത്ത ഒരുദിവസവും കാത്തിരിപ്പാണ് ."
"ഇനി മോളു പറയ്‌ ,അച്ഛനെ ഇരുട്ട് വിഴുങ്ങുമോ ?
---കവിത --

No comments:

Post a Comment