Tuesday, February 24, 2015

പാതിരാ വണ്ടി

ഈ പാതിരാ വണ്ടിയിലാണ്‌ ചെക്കാ എനിക്ക് കയറേണ്ടത് ,
നിൻറെ കൈയ്യും പിടിച്ച് ,,
ആളുകളുടെ തിക്കി തിരക്കില്ലാത്ത ,
പകലോന്റെ ഉടലു പൊള്ളിക്കണ ചൂടില്ലാത്ത,
ഈ പാതിരാവണ്ടിയിൽ ,
നിൻറെ മേലൊട്ടി നിന്ന് ചുരമിറങ്ങി വരുന്നൊരു കാറ്റിന് കൂട്ട് പോണം.

നിനക്കറിയോ ഈ വണ്ടിയിൽ നെറച്ചും പൂക്കളാണെന്ന് ,
അല്ലെന്റെ ചെക്കാ ഈ വണ്ടിയൊരു പൂന്തോട്ടമാണ് .
വണ്ടുകളത്രയും ഈ വണ്ടി കാണാണ്ട് പോയതല്ല ,
തേൻ മുഴുവൻ നമുക്കായി വിട്ടുതന്നതാണ് .
ഈ പാതിരാ വണ്ടിയിലാണ്‌ ചെക്കാ എനിക്ക് കയറേണ്ടത് ,
നിൻറെ കൈയ്യും പിടിച്ച് ,,
ഇടയ്ക്കൊരു ചെറുമഴ പെയ്യണം ,
ആ മഴകൊണ്ട് നിൻറെ മൂക്കും നനച്ചൊരുതുള്ളി
എന്റെ മുഖത്തേക്ക് അടരണം ,,
ഈ പാതിരാ വണ്ടിയിലാണ്‌ ചെക്കാ എനിക്ക് കയറേണ്ടത് ,
നിൻറെ കൈയ്യും പിടിച്ച് ,,
അവസാനത്തെ സ്റ്റേഷനിൽ മൂക്കത്തു വിരൽ വച്ചൊരു-
മുത്തശ്ശിയമ്മ നമ്മളെ നോക്കി നില്പ്പുണ്ട് ,
ആയമ്മ കാണാതെ അതിനും മുൻപത്തെ സ്റ്റേഷനിൽ
നമുക്കിറങ്ങാം ,,,,,
--കവിത ---

No comments:

Post a Comment