Friday, November 21, 2014

അടയാളങ്ങൾ

"കൂട്ടുകാരാ ,
ഞാൻ നിനക്കയച്ച ഏഴാമത്തെ കത്തും ഇന്നലെ തിരിച്ചു വന്നു .
ഇതെന്റെ എട്ടാമത്തെ കത്താണ് അവസാനത്തേതും. മേൽവിലാസക്കാരനെ കണ്ടില്ലെന്നു പറഞ്ഞ് ഇതും തിരിച്ചു വന്നാൽ, ഒപ്പിട്ടുവാങ്ങാൻ ഞാൻ ഉണ്ടാവില്ല .കാരണം ഈ കത്തിനോടൊപ്പം ഞാനും വരികയാണ്‌ ,,കാലങ്ങൾ കഴിഞ്ഞാലും എനിക്കായി നീ കാത്തുനിൽക്കുമെന്നുറപ്പു പറഞ്ഞ ആ വഴിയിലേക്ക് ,,,,,
നീ പറഞ്ഞുവച്ച അടയാളങ്ങളിലൂടെ നിന്നിലേക്ക്‌ ,,,
മഴക്കാലമാണെങ്കിൽ ആ മണ്‍വഴിയിൽ നിൻറെ കാല്പാടുകൾ പുതഞ്ഞു കിടപ്പുണ്ടാവുമല്ലോ , അതവസാനിക്കുന്നിടത്ത് നീയും ,,,,,
വെയിലിൽ വിരിച്ച വഴികളിലാണ് ഞാൻ എത്തുന്നതെങ്കിൽ ,
ഓടി വരേണ്ടത് പന്തലിച്ചു നില്ക്കുന്ന തല്ലിമരത്തിന്റെ തണലിലേക്കാണെന്നറിയാം ,,,,
മഞ്ഞുവീഴുന്ന പ്രഭാതങ്ങളിൽ ആ വഴികളിലാകെ മഞ്ഞു തുള്ളികളെ ഗർഭംധരിച്ച മുക്കൂറ്റികളെ നോക്കി നിൽക്കുകയാവില്ലേ നീ ,,,,,
ഞാൻ വരികയാണ്‌ ,നീ പറഞ്ഞുവച്ച അടയാളങ്ങളിലൂടെ നിന്നിലേക്ക്‌ ,,,
പിന്നെ ഞാനും നീയുമില്ല നമ്മളേ ഉള്ളൂ ,,,
കൂട്ടുകാരാ , ഞാൻ യാത്രയായി എന്നുറപ്പിക്കാൻ ചില അടയാളങ്ങൾ എനിക്കിവിടെ അവശേഷിപ്പിക്കേണ്ടതുണ്ട് ,അതിനു ഉചിതമായത് നിനക്ക് പൂത്ത കറുകയുടെ മണം സമ്മാനിച്ച എൻറെ ഈ ദേഹമാണ് .
കൂട്ടുകാരാ ,ഞാൻ വരികയാണ്‌ ,നീ പറഞ്ഞുവച്ച അടയാളങ്ങളിലൂടെ നിന്നിലേക്ക്‌ ,,,,,,
പിന്നെ ഞാനും നീയുമില്ല നമ്മളേ ഉള്ളൂ ,,,,,"
കവിത

No comments:

Post a Comment