Friday, November 21, 2014

പ്രഭേട്ടത്തി

പ്രഭേട്ടത്തി ഒരു ഗ്രഹമാണ്,
ഹരിയേട്ടന് ചുറ്റും വലം വയ്ക്കുന്ന ഗ്രഹം .
ഹരിയേട്ടന്റെ കാര്യങ്ങൾ അല്ലാത്തതൊന്നും പ്രഭേട്ടത്തി അറിയാറില്ല .
രാവിലെ ഹരിയേട്ടനെ വിളിച്ചെഴുന്നേല്പ്പിച്ച് കാപ്പികൊടുത്ത്,
എണ്ണയും തോർത്തുമായി പിന്നാലെചെന്ന് ,നേരം പോകുന്നുവെന്നോർമിപ്പിച്ച് ,
ഒരുങ്ങുമ്പോൾ കുപ്പായത്തിന്റെ കുടുക്കുകൾ ക്രമത്തിലിട്ടു കൊടുത്ത് ,
പൊതിചോറ് കെട്ടി,
എടുക്കാൻ മറന്ന പേനയുമായി പിന്നാലെ ഓടിച്ചെന്ന്,
കണ്ണിൽ നിന്ന് മറയും വരെ നോക്കിനിന്ന് ,,,

ഹരിയേട്ടനിറങ്ങിയിലാമുണ്ട് പ്രഭേട്ടത്തിക്ക് തിരക്കുകൾ ഒറ്റരാത്രികൊണ്ട് ഹരിയേട്ടനലങ്കോലമാക്കിയ മേശയും,
പുസ്തകം വയ്ക്കുന്ന അലമാരയും അടുക്കിവച്ച് ,
ഹരിയേട്ടന്റെ ഗന്ധം നിറഞ്ഞ കുപ്പായം കഴുകിയുണക്കി, ,ഇസ്തിരിയിട്ട്,,,
ഹരിയേട്ടനിഷ്ട്ടമുള്ള ഇലയട വേവിച്ച് ,അത്താഴത്തിനുള്ളതൊക്കെ ഒരുക്കി ,
"നേരമൊരുപാടായി വന്നു കിടക്കൂ പ്രഭേട്ടത്തീ "
"ഹരിയേട്ടൻ വന്നില്ലമ്മു "
പ്രഭേട്ടത്തി എന്നും ഇങ്ങനെയാണ് ഇനിയൊരിക്കലും വരാത്ത ഹരിയേട്ടനെ വലംവച്ചുകൊണ്ടിങ്ങനെ .....
പ്രഭേട്ടത്തി ഒരു ഗ്രഹമാണ് .
ഹരിയേട്ടന് ചുറ്റും വലം വയ്ക്കുന്ന ഗ്രഹം.
---കവിത ---

No comments:

Post a Comment