Wednesday, February 26, 2014

മരിച്ചു കിടക്കുമ്പോൾ ,,

നീളത്തിലൊരു വാഴയില വെട്ടണം ,
വലിയ സ്വീകരണ മുറിയുടെ ,
ഒത്ത നടുവിലൊന്ന് നിവർന്ന് കിടക്കണം
വെള്ള പുതപ്പ് കൊണ്ട് കഴുത്ത് വരെ മൂടണം ,
പെരുവിരലുകൾ തമ്മിൽ കൂട്ടി കെട്ടണം .
അറിയാതെ ശ്വാസം എടുക്കാതിരിക്കാൻ,
മൂക്കിൽ പഞ്ഞി തിരുകണം .
ഒളി കണ്ണിട്ടു നോക്കി ചുറ്റും കൂടി നില്ക്കുന്നവരെ,
പേടിപ്പിക്കാതെ ഇരിക്കാൻ കണ്ണുകൾ തിരുമ്മി അടയ്ക്കണം.
...
"എന്ത് നല്ല തങ്കപ്പെട്ട സ്വഭാവമുള്ള കൊച്ചായിരുന്നു. "
എന്ന് നാണിതള്ള അടക്കം പറയുമ്പോൾ ,
ഉള്ളിൽ ഒന്ന് അമർത്തി ചിരിക്കണം .

ആത്മഹത്യ തന്നെ എന്ന് പിറുപിരുക്കുന്നവരോട്,
മെത്തക്കടിയിൽ ഒളിപ്പിച്ച് വച്ചിരിക്കുന്ന ,
ഡയറി എടുത്ത് വായിച്ചിട്ട് ഉറപ്പിക്കാൻ പറയണം.

കൊലപാതകമാണോ എന്ന് സംശയിക്കുന്നവരോട് ,
എരി തീയിൽ എണ്ണ പോലെ ,
കഴുത്തിൽ സ്വന്തം നഖം കൊണ്ട മുറിവ് ,
കാണും വിധം വെള്ള തുണിയൽപ്പം താഴേക്ക് വലിക്കണം.

ഒന്നും പറയാതെ മൂക്കത്ത് വിരൽ വച്ച് നിൽക്കുന്നവരോട് ,
ആരുടെ എങ്കിലും പക്ഷം ചേരാൻ പറയണം.

തലയ്ക്കൽ ഇരുന്ന് രാമായണം വായിക്കുന്ന,
എഴുപത് കഴിഞ്ഞ ശങ്കുണ്ണി അമ്മാവനോട് ,
അടുത്ത ഊഴം നിങ്ങടെ ആണെന്ന് അടക്കം പറയണം .

ഒടുവിൽ ബോഡി എടുക്കുകയല്ലേന്ന്
കരയോഗക്കാർ അനുവാദം
ചോദിക്കുമ്പോൾ ബോധം കെട്ട് വീണ അമ്മയോട്
ഞാൻ എന്ത് ആശ്വാസം പറയും ?
---കവിത ---

3 comments:

  1. മരണം സങ്കല്‍പ്പിചെഴുതുക,അസാമാന്യ സൃഷ്ടികളെ പരിക്കേല്‍പ്പിക്കാതെ കൈകാര്യം ചെയ്യുന്നതുപോലെ സങ്കീര്‍ണമായ ഉദ്യമം.ധീരമായി നിര്‍വഹിച്ചു.

    ReplyDelete