Monday, February 24, 2014

കോന്ഗോ (ഭാഗം ഒന്ന് )

പട്ടിണിതിന്ന് ജീവിക്കാൻ പറ്റുമോ ? പറ്റും അല്ലെങ്കിലീ ജനത എന്നേ മണ്ണ് അടിഞ്ഞേനെ , ആഫ്രിക്ക എന്ന് കേൾക്കുമ്പോഴേ ദാരിദ്ര്യം എന്ന വാക്കും വിളിക്കാതെ കയറിവരും .പക്ഷെ ദാരിദ്രത്തിന്റെ അറ്റം കാണാനായത് ഇവിടെ ഈ കോന്ഗോയിൽ ആണ് .ലോകത്തിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രത്തിലാണ് ഇന്ന് ഏറ്റവും കൂടുതൽ പട്ടിണി മരണങ്ങൾ നടക്കുന്നത് .കാരണം നിധിക്ക് മേലെയാണ് ഉറങ്ങുന്നത് എന്ന് ഈ പാവങ്ങൾക്ക് അറിയില്ല , അതറിയുന്നവർ പറഞ്ഞുകൊടുക്കാൻ തയ്യാറുമല്ല, ലോകത്തിൽ ഏറ്റവും അധികം സ്വര്ണം,വജ്രം , കൊബാൾട്ട് പിന്നെ എണ്ണ ..., ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമൃദ്ധമായ നദി എല്ലാം കോന്ഗോക്ക് സ്വന്തമാണ് , ഒപ്പം പട്ടിണിയും ,

ഇനി ബോധവൽക്കരണം പഠനമുറികളിൽ നിന്ന് ആരംഭിക്കാം എന്നു വച്ചാലോ , സ്കൂൾ വരാന്തയിൽ സ്വന്തം കുഞ്ഞുങ്ങളെ കിടത്തിയിട്ട് ക്ലാസ്സുകളിലേക്ക് പഠിക്കാൻ പോകുന്ന ഈ അനിയത്തിമാരോട് എന്ത് പറഞ്ഞു തുടങ്ങണം എന്ന് അറിയില്ല .

ഇവിടെ ഒരു വീട്ടിൽ പത്തും പന്ത്രണ്ടും കുട്ടികളാണ് ഏറ്റവും കുറവെന്നു പറയുമ്പോൾ ഇത് ഒരു എഴുത്തുകാരിയുടെ ഭാവനയായി കാണില്ലല്ലോ , എങ്ങനെ ഇത്രയും അംഗങ്ങളെ പോറ്റുന്നു എന്നു വെറുതെ എൻറെ ഇവിടത്തെ കൂട്ടുകാരനോട് ചോദിച്ചു ,ഉത്തരം ഞെട്ടിപ്പിക്കുന്നതായിരുന്നു ,"ഇന്ന് രണ്ടു കുട്ടികൾക്ക് ഭക്ഷണം കൊടുത്താൽ നാളെ അടുത്ത രണ്ടു പേർക്ക് പിന്നത്തെ ദിവസം അടുത്ത രണ്ടുപേർ "
വിശപ്പടക്കാനുള്ള ഊഴവും കാത്തിരിക്കുന്ന ആ കുരുന്നുകളെ ഓർത്ത് അവനോടു പറഞ്ഞു
"ഒരു വീട്ടിൽ രണ്ടോ മൂന്നോ കുട്ടികൾ മതി" ,
അതിനു പറഞ്ഞ മറുപടി ഇതായിരുന്നു .
"ഇവിടത്തെ ജനസംഖ്യ വളരെ കുറവാണ് , അതുകൊണ്ടു പ്രസിഡന്റ്‌ പറയുന്നത് ജനസംഖ്യ ഉയർത്തണമെന്നാണ്"

" എങ്കിൽ ആ പ്രസിഡന്റിനോട് നല്ല തൊഴിലും വരുമാനവും ആവശ്യപ്പെട്ടുടെ ?ഈ മണ്ണിനടിയിൽ നിങ്ങളുടെ പത്തിലധികം തലമുറക്ക്‌ ഇരുന്ന് ഉണ്ണാനുള്ള വകയുണ്ട് ,എന്നിട്ടും നിങ്ങളതറിയുന്നുണ്ടോ ? ഈ സ്വത്തെല്ലാം കൊള്ളയടിക്കപെടുകയാണ് ആദ്യകാലങ്ങളിൽ പോർച്ചുഗീസുകാർ പിന്നെ ബെൽജിയം ഒടുവിൽ 1960 ൽ സ്വാതന്ത്രം പേരിനു കിട്ടി ,എന്നിട്ടും ഇവിടെ ജോലിചെയ്യുന്ന വിദേശികളുടെ ചെരുപ്പ് തുടച്ചും വിഴുപ്പലക്കിയും പാഴാവുന്നു നിങ്ങളുടെ ജന്മം "

കാലങ്ങൾക്ക് മുൻപ് കെനിയൻ വംശജനായ ജോമോ കെനിയത്തിന്റെ നേതൃത്തത്തിൽ ഒരു കൂട്ടം സാമൂഹ്യ പ്രവർത്തകർ ഭാരതത്തിലേക്ക് വന്നതായി എവിടെയോ വായിച്ചതായി ഓർക്കുന്നു .തൊട്ടടുത്ത ഈ പ്രദേശം അവരുടെയൊന്നും കണ്ണിൽപെടാതെ പോയതിലെ വൈരുദ്ധ്യം എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല .ഇന്നും കോന്ഗോ തോക്കിൻ മുനയിലാണ് , ഇപ്രാവിശ്യം തൊട്ടടുത്ത കുഞ്ഞു രാഷ്ട്രമായ റുവാണ്ടയാണ് ഈ പാവങ്ങളുടെ ഉറക്കം കെടുത്തുന്നത് .

ഇപ്പറയുന്നതെല്ലാം ഇവിടത്തെ ഭൂരിഭാഗം വരുന്ന കോന്ഗോളിയുടെ അവസ്ഥയാണ്‌ .എങ്കിൽ നാടുവിട്ട് ജോലിതേടി ഇവിടെ എത്തുന്ന ഏത് നാട്ടുകാരനും ഇവിടം പറുദിസയാണ് .ഇവിടെ അവന് സ്വപ്നം കാണാനാകാത്ത വരുമാനവും ജീവിതസൗകര്യങ്ങളും സാധ്യമാകുന്നു .
--കവിത ---






No comments:

Post a Comment