Friday, February 28, 2014

ജാതി പറയരുത് ചോദിക്കരുത്

പണ്ട് തറവാട്ടിൽ മുറ്റമടിക്കാൻ വന്നിരുന്നത് കല്യാണി എന്ന് പേരുള്ള ഒരു സ്ത്രീ ആയിരുന്നു .ജാതി പറയരുത് ചോദിക്കരുത് എന്നൊക്കെ വലിയ വായിൽ പ്രസംഗിക്കും എങ്കിലും അവരെ ഞങ്ങൾ കുട്ടികൾ അടക്കം ജാതിപേര് ചേർത്താണ് വിളിച്ചിരുന്നത്‌ .അമ്മമ്മയുടെ അടുത്ത് പ്രായമുള്ള അവരാകട്ടെ ഞങ്ങൾ പിള്ളേരോട് പോലും ബഹുമാനത്തോടും വിനയത്തോടും കൂടിയാണ് പെരുമാറിയിരുന്നത് .വീട്ടിലെ പറമ്പിൽ തെങ്ങ് കയറാൻ വന്നയാളെ 
കാലം മാറിയതറിയാതെ തറവാട്ടിലൊരാൾ ജാതിപേര് ചേർത്ത് വിളിച്ചതും അദ്ദേഹം ശക്തിയുക്തം അതിനെ എതിർത്ത് സംസാരിച്ചു ജയിച്ചതും ഇപ്പോഴും ഓർമ്മയിലുണ്ട്‌ .തറവാട്ടിൽ മുത്തച്ഛനായിരുന്നു 
ജാതിഭ്രമം കൂടുതൽ .മൂപ്പർക്ക് പ്രായം കൂടുംതോറും ഈ ഭ്രമവും കൂടിവന്നു .മുത്തച്ഛന്റെ ആണ്മക്കൾക്കൊന്നും ഇങ്ങനെ ഒരു വേർതിരിവ് ഇല്ലായിരുന്നുതാനും .ആയിടക്കാണ്‌ അമ്മാവന്മാരും വല്യേട്ടന്മാരും ഒക്കെ ഒരു സംഘടനയിൽ സജീവമായി പ്രവർത്തിച്ചു പോന്നത് .അതു മുത്തച്ഛനു പിടിച്ചില്ല .അതിനു മൂപ്പർ പറഞ്ഞ കാരണം ഇതായിരുന്നു ."കണ്ണിൽ കണ്ട കൂട്ടങ്ങളുടെ കൂടെ കൂടി  കണ്ട വീടുകളിൽ പോയി കയ്യിട്ടു വാരി തിന്നാൻ തല്ലുകൊള്ളികൾ കണ്ട സൂത്രമാണ് ആ സംഘടനയും അതിൻറെ പ്രവർത്തനവും എന്നായിരുന്നു ."
അങ്ങനെയിരിക്കെ ഒരു ഓണക്കാലത്ത് അമ്മാവന്റെ കൂടെ കുറച്ചു കൂട്ടുകാർ വീട്ടിൽ ഓണമുണ്ണാൻ വന്നു .നാക്കില ഇട്ട് ചമ്രം പടിഞ്ഞിരുന്ന് സദ്യ ഉണ്ട് പകുതിയായപ്പോഴാണ് ചില സിനിമകളിലെ തിലകന്റെ രംഗപ്രവേശം പോലെ മുത്തച്ഛന്റെ വരവ് .മൂപ്പരെ മുന്നിൽ കണ്ടതും പോത്ത്‌കണക്കെ വളർന്ന അമ്മാവന്മാരുടെ വിശപ്പ്‌ ഉണ്ണാതെ മാറി .അടുത്തിരുന്ന കൂട്ടുകാർക്ക് എന്തുചെയ്യണം എന്ന് ആലോചിക്കാൻ സമയം കിട്ടും മുൻപ് മുത്തച്ഛൻ അവരെ എഴുനേൽപ്പിച്ചു വിട്ടു .
ചെയ്ത തെറ്റിന്റെ ആഴം അധ്യാപകൻ കൂടിയായിരുന്ന മുത്തച്ഛന് അന്ന് മനസിലാകാതെ പോയെങ്കിലും പിന്നീട് ഓർമ്മകുറവിന്റെ രൂപത്തിൽ ഈശ്വരനത് മനസിലാക്കി കൊടുത്തു .അതുകൊണ്ടാണല്ലോ സ്വന്തം വീടെന്നു കരുതി മൂപ്പരുടെ ഭാഷയിൽ താണജാതിക്കാരന്റെ കൂരയിൽ ചെന്ന് ഒരു ഗ്ലാസ്‌ വെള്ളം ചോദിച്ചു വാങ്ങി കുടിച്ചത്‌ .അതുകൊണ്ടും തീർന്നില്ല ഒരുപാട് അംഗങ്ങൾ ഉള്ള തറവാട്ടിൽ നിന്ന് ഒരുദിവസം ആരോടും പറയാതെ അല്ലെങ്കിൽ ആരും കാണാതെ ഇറങ്ങിപോയ മുത്തച്ഛൻ പിന്നീടിതുവരെ തിരിച്ചു വന്നിട്ടും ഇല്ല .അമ്മമ്മ മരിക്കും വരെ എന്നേലും ഒരു ഓർമ്മ തെറ്റൊടെ എങ്കിലും മുത്തച്ഛൻ കയറി വരുമെന്ന് എല്ലാരേയും പോലെ ഞാനും പ്രതീക്ഷിച്ചിരുന്നു .പിന്നീടിങ്ങോട്ടു അമ്മമ്മക്ക് ബലിചോറ്  ഉരുട്ടുമ്പോൾ അമ്മയും കൂടപിറപ്പുകളും  ഒരു ഉരുള അധികം കരുതിപോരുന്നു .
 
 
കവിത 

No comments:

Post a Comment