Sunday, February 23, 2014

കാവും മുത്തശിയുടെ ഓർമ്മകളും ,,

സന്ധ്യക്ക് കാവിൽ വിളക്ക് വയ്ക്കാൻ പോകാനെനിക്ക് പേടിയായിരുന്നു .മുത്തശി ഉള്ളപ്പോഴോക്കെ നിർബന്ധിച്ചു കൂട്ടികൊണ്ട് പോകും ."നമ്മുടെ തറവാട് കാക്കണത് ഈ ദൈവങ്ങളാ , ഏതു പാതിരാത്രിക്കും നമ്മുടെ കുടുംബത്തുള്ളോർക്ക് ഇവിടെ വരാം ,ഒന്നും വരില്ല , പക്ഷെ ശുദ്ധം വേണം . കുളിച്ച് ദേഹശുദ്ധി വരുത്തി എന്നും ഇവിടെ വിളക്ക് വയ്ക്കണം ."
മുത്തശിയുടെ ഓരോ നിർബന്ധങ്ങളായിരുന്നു എല്ലാം .മുത്തശി പോയപ്പോൾ അതുപിന്നെ എൻറെ ജോലിയായി .
എന്നും പേടിച്ചുപേടിച്ചാണ് കാവിൽ വിളക്ക് വയ്ക്കാൻ പോകാറ് .തിരി വച്ച് കഴിയണതും തി...രിഞ്ഞ് ഒരു ഓട്ടമാണ് .ഓടി കിതച്ച് ഉമ്മറത്ത്‌ കയറിയാലേ ശ്വാസം നേരെ വീഴു .
ഇപ്പോൾ ആലോചിക്കുകയായിരുന്നു ദൈവങ്ങളെ എനിക്ക് പേടിയായിരുന്നോ ,അതോ അവിടത്തെ ഇരുട്ടും മരകൂട്ടങ്ങളും ആയിരുന്നോ എൻറെ പേടി ? അറിയില്ല .മുത്തശിയുടെ ഓർമ്മകൾ ഉറങ്ങുന്നതും ആ കാവിനടുത്തായാണ്.
കാലം എന്നിലും മാറ്റങ്ങൾ വരുത്തി ,അതിനുശേഷമുള്ള മിക്കസന്ധ്യകളിലും ഞാൻ തനിയെ പോയിരിക്കുന്നതും ഇതേ കാവിലായിരുന്നു .എൻറെ വേദനകളും കണ്ണീരും അവിടത്തെ ഇരുട്ട് അപ്പാടെ വിഴുങ്ങുമായിരുന്നു ഒടുവിൽ വേദനയോടെ പിറന്നനാട് വിട്ടുപോരുമ്പോൾ ഉറ്റവരേക്കാൾ നൊമ്പരം തന്നതുo ആ കാവും മുത്തശിയുടെ ഓർമ്മകളും ആയിരുന്നു .
ഇനി ഒരിക്കലൂടെ കാവിൽ പോയി വിളക്ക് വയ്ക്കണം .പേടികൂടാതെ പ്രാർത്ഥിച്ചു മടങ്ങണം

---കവിത ---19 .11.2013 

No comments:

Post a Comment