Wednesday, February 26, 2014

ഇവിടെ പകലുപോലും വല്ലാത്തിരുട്ടാണ്

ഇവിടെ പകലുപോലും വല്ലാത്തിരുട്ടാണ് .ഈ കൂറ്റൻ മതിലുകൾക്കപ്പുറം ഞാൻ കാണാത്ത മനോഹരമായൊരു ലോകമുണ്ടത്രേ .അവിടെ പകലുകളും രാത്രികളും തിരിച്ചറിയാൻ പറ്റും .പക്ഷികളും മരങ്ങളും പൂമ്പാറ്റകളും പിന്നെ കുറെ മനുഷ്യരും ഒക്കെ ഉണ്ടെന്നാ അമ്മ പറഞ്ഞത് .ഇതിനകത്ത്... കുറെ മരങ്ങളൊക്കെ ഉണ്ട് പക്ഷെ ഒന്നിനും ഒരു ചന്തമില്ല .വാടി തളർന്ന് ഒക്കെയും ഇവിടത്തെ അമ്മമാരേ പോലെ തന്നെ ! എനിക്കിഷ്ടം ചിത്രശലഭങ്ങൾ ഒക്കെ വന്നിരിക്കുന്ന നിറയെ പൂക്കൾ ഉണ്ടാകുന്ന കൊച്ചു കൊച്ച് ചെടികളാണ് .നിറയെ പക്ഷികളെ കാണാൻ എനിക്ക് ആഗ്രഹമുണ്ട് .പക്ഷെ ഈ മതിലിനും മേലെ പറക്കുന്ന പരുന്തിനെ മാത്രേ ഞാൻ ഇതുവരെ കണ്ടിട്ടുള്ളു .

പിന്നെ ഇടക്ക് വിമാനം കാണാറുണ്ട് കേട്ടോ .ആദ്യം വിചാരിച്ചത് അതൊരു പക്ഷിയാണെന്നാ ,പിന്നെ നൂറ്റിഒൻപതിലെ മേരി അമ്മയാ പറഞ്ഞത് അതിന്റെ പേര് വിമാനം എന്നാണ് , ആളുകൾക്ക് കുറെ ദൂരെയുള്ള സ്ഥലത്തോക്കെ പോകാൻ അതിൽ കയറിയാൽ മതിയെന്നും ഒക്കെ .ഈ മേരി അമ്മേടെ ഒരു മോൻ അതിൽ കയറി ജോലിക്ക് പോയിട്ടുണ്ടത്രേ !

അമ്മ അവരെയൊക്കെ വെട്ടണ്ടായിരുന്നു .അല്ലെങ്കിൽ എനിക്കും ഇതിനപ്പുറത്തുള്ളതൊക്കെ കാണാമായിരുന്നു .എന്റെ അമ്മയൊരു പാവമാ .ഒരു ദിവസം അമ്മ നൂറ്റിഒൻപതിലെ മേരിയമ്മയോട് പറയണ കേട്ടു .സഹിക്കാൻ പറ്റാതെ ആയപ്പോൾ ചെയ്ത് പോയതാന്ന് .എന്നിട്ട് അമ്മ ഒരുപാട് കരഞ്ഞു .

അയ്യോ സമയമായി ഞാൻ പോട്ടേട്ടോ .സന്ധ്യക്ക് മുൻപ് സെല്ലിൽ കയറണം എന്ന് പോലീസ് ആൻറി പറഞ്ഞിട്ടുണ്ട് .

---കവിത ---

No comments:

Post a Comment