Wednesday, February 26, 2014

അമ്പലമുറ്റവും ആൽത്തറയും

അമ്പലമുറ്റത്തെ കൽവിളക്കിലും ചുറ്റുമതിലിലും ദീപാരാധനക്ക് മുൻപേ തിരി തെളിയിക്കാൻ എന്നും വൈകുന്നേരങ്ങളിൽ പോകാറുണ്ടായിരുന്നു . വാര്യരമ്മാവനോട് തിരിയൊക്കെ വാങ്ങി മണ്‍ചിരാതുകളിൽ ഒരുക്കി വയ്ക്കുമ്പോഴും കണ്ണുകൾ ആരെയോ പ്രതീക്ഷിച...്ച് ആൽത്തറ മുഴുവൻ വലം വയ്ക്കുകയാകും.
തേടിയ മുഖം കൂട്ടുകാരുടെ ഇടയിൽ ആൽത്തറയിൽ ഇരുപ്പുറപ്പിക്കും വരെ കണ്ണുകളിൽ നിന്ന് അക്ഷമ ഒഴിയാറില്ല .
പിന്നെ കൽവിളക്കിലേക്ക് ഒഴിക്കുന്ന എണ്ണ മണ്ണിനെ കുതിർത്തതൊന്നും അറിയാതെ ഒരേ നിൽപ്പാണ് .

"കഴിഞ്ഞില്ലേ അമ്മുവേ ? " എന്ന വാര്യരമ്മാവന്റെ ചോദ്യമൊന്നും പലപ്പോഴും കേൾക്കാറു കൂടിയില്ല .
കണ്ണുകൾ തമ്മിൽ കഥ പറഞ്ഞു തീരും മുൻപേ കൈവിരൽ തുമ്പിൽ ഒരു തവണ എങ്കിലും കത്തിച്ച തിരികൾ കുസൃതി കാണിക്കാറുണ്ട് .

"കൈ പൊള്ളിക്കണ്ട അമ്മുവേ ,ശ്രദ്ധിച്ച് ചെയ്യൂ "
വാര്യരമ്മാവൻ അത് പറയുമ്പോൾ ആൽത്തറയിൽ കണ്ണുകൾ കൊണ്ട് എന്നെ ഉഴിഞ്ഞ് ഒരു ചിരിയോടെ കാലുകളാട്ടി ഇരിക്കുകയാകും നീ .

ദീപാരാധനക്ക് നട അടക്കുമ്പോൾ തൊട്ടു പിന്നിലായി നിൽക്കുന്ന നിന്റെ സാന്നിദ്ധ്യം ഒരു ചുടുനിശ്വാസമായും വേഗമേറിയ ഹൃദയതാള സ്വരമായും ആ സന്ധ്യകളിൽ ഞാൻ തിരിച്ചറിയുമായിരുന്നു .

തൊഴുത്‌ മടങ്ങുമ്പോൾ ചെറുതായ് ഇരുട്ട് വീണ വഴികളിലൂടെ പേടിയില്ലാതെ നടന്ന് നീങ്ങിയത് പിന്നിലായി കേൾക്കുന്ന നിൻറെ കാലൊച്ചകൾ കൂട്ടിനുള്ളത് കൊണ്ടായിരുന്നു .പടിപ്പുര വാതിലിനടുത്ത് എത്തുമ്പോൾ എന്നത്തേയും പോലെ ഒന്ന് തിരിഞ്ഞ് നോക്കും .ഒരു ചിരി സമ്മാനിച്ച്‌ പടിപ്പുര കടന്ന് ഞാൻ അകത്തുകയറിയെന്ന് ഉറപ്പാക്കിയിട്ടെ നീ തിരിച്ച് നടക്കാറുള്ളൂ.

---കവിത --

2 comments:

  1. മധുരമുള്ള ഓര്‍മ്മകള്‍ ഒരപ്പൂപ്പന്‍ത്താടിയായ് കൂടുതുറന്ന് ഇങ്ങനെ പറന്നുയരുന്നു........... ആശംസകള്‍

    ReplyDelete