Monday, February 24, 2014

കൂട്ട്

കാലിലിപ്പൊ ലേശം നീര് കൂടുതലാ
നടക്കാൻ തീരെ പറ്റണില്ല
എങ്കിലും നടക്കാണ്ട് വയ്യല്ലോ
മൂന്ന് വീടുകളിലെ മുറ്റമടിക്കണ്ടേ
തേഞ്ഞു തീർന്ന നട്ടെല്ല് കുനിയുമ്പോ പൊട്ടണ വേദനയാ ...
ലേശം കൂന് ഉണ്ടെങ്കിലും കയ്യിലെ ചൂല് -
കരിയില തൊടാൻ പിന്നേം കുനിയണ്ടേ
പിന്നി തുടങ്ങിയ ഈ മുണ്ട് ഷാരത്തുന്ന്
കഴിഞ്ഞ ഓണത്തിനു കിട്ടിയതാ
ജെംബറിന്റെ തുണിം കിട്ടിട്ടോ
പക്ഷെ അറിയാലോ എനിക്കിഷ്ടം നല്ല നീല കളറാന്ന്
കടലിൻറെ നീല , ആകാശത്തിന്റെ നീല
ഇതിപ്പോ ഒരു ജാതി കളറാട്ടോ
തുന്നാൻ കൊടുത്ത അതൊന്നു ഇതുവരെ വാങ്ങാൻ ഒത്തില്ലേയ്
തുന്നാനൊക്കെ എന്താപ്പോ കൂലി
ഈ മാസം എന്തായാലും അത് തുന്നി വാങ്ങണം

അയ്യോ ,നെഞ്ചിലൊക്കെ കരിയില വീണു നിറഞ്ഞുലോ
എല്ലാ ദിവസോം വരാത്തോണ്ട് ദേഷ്യം ഉണ്ടോ എന്നോട്?
ആഗ്രഹമില്ലാഞ്ഞിട്ടല്ല
എങ്ങനെയാ വല്ലോരുടെയും പറമ്പിൽ എന്നും കയറി ഇറങ്ങണേ ,
അതോർത്തിട്ടാ വരവിപ്പോ വല്ലപ്പോഴും ആക്കിയതേയ് ,
ഓർക്കണുണ്ടോ പണ്ട് കുട്ട്യോൾടെ പഠിപ്പിനു വേണ്ടി ഈ പറമ്പ്പണയപ്പെടുത്തുമ്പോ ഞാൻ പിണങ്ങി ഇരുന്നത്
അന്നെന്താ എന്നോട് പറഞ്ഞേന്ന് വല്ല ഓർമമയും ഉണ്ടോ
കുട്ട്യോളൊക്കെ ഒരു കരക്കെത്തിയാൽ നീ ഈ നാട്ടിലെ മഹാറാണി ആവില്ലേ ,അപ്പോ ഈ മണ്ണ് മാത്രം അല്ല ഈ നാട് മൊത്തം നിനക്കാ മീനക്ഷിയേന്ന് ,
കുട്ട്യോൾക്ക് ഒക്കെ ഈ നാട് വാങ്ങാനുള്ള ഗതിയായി ,
എന്നിട്ടും മീനാക്ഷി ഇപ്പോഴും വല്ലോന്റെ ചായപ്പിലാട്ടോ ഉറങ്ങണെ !
കുറച്ചീസം കൂടെ കാത്താൽ മതീന്നാ തോന്നണേ,
അപ്പോഴേക്കും ഞാൻ ഇങ്ങട് പോരും
കറണ്ടിലാവുമ്പോൾ പെട്ടന്ന് കഴിയുമത്രേ
ഈ മണ്ണ് കൈവിട്ടു പോയതുകൊണ്ട്
ഒരുമിച്ചു ഉറങ്ങാൻ പറ്റില്ലാ, എന്നാലും
അടുത്തുണ്ടാവുലോ എപ്പഴും ,,,

---കവിത ---

No comments:

Post a Comment