Friday, February 28, 2014

കോന്ഗോ (രണ്ടാം ഭാഗം )



കോന്ഗോയിലെ നിയമങ്ങളെ കുറിച്ചു പറയുകയാണ് എങ്കിൽ
" നിയമങ്ങൾ കഷ്ടം നിയമപാലകരുടെ അവസ്ഥ അതിലേറെ കഷ്ടം" എന്നു വേണം ഒറ്റവാക്കിൽ പറയാൻ .ലോകത്ത് ഏറ്റവും കൂടുതൽ ആളെ കുഴപ്പത്തിലാക്കുന്ന എല്ലാ നിയമങ്ങളും ഇവിടെ ഉണ്ട് എന്നുകേൾക്കുമ്പോൾ പേടിക്കാൻ വരട്ടെ , കാരണം ഈ നിയമങ്ങൾ എല്ലാം ലഘിക്കപെടാൻ വേണ്ടി മാത്രം ഉണ്ടാക്കിയതാണ് എന്ന് അടിവരയിട്ടു പറയിപ്പിക്കും ഇവിടത്തെ ജീവിതം. പലതരം വേണ്ടതും വേണ്ടാത്തതുമായ നികുതികൾ ഉണ്ട് ഇവിടെ .ഉദാഹരണത്തിന് നമ്മുടെ സ്വന്തം സ്ഥാപനത്തിന്റെ ശോചനാലയം വൃത്തിയില്ലെന്ന് പറഞ്ഞും നമ്മുടെ മുറ്റത്ത്‌ പുല്ലു വളർന്നു നിൽക്കുന്നു എന്നുപറഞ്ഞും നികുതി പിരിക്കുന്നുണ്ട് ഇവിടെ. ഈ ആവശ്യമില്ലാത്ത നികുതികൾ പേടിച്ചിട്ടു തന്നെയാണ് സന്മനസുള്ള പലരും ഒരു നല്ല സ്കൂളോ ആശുപത്രിയോ ഇവിടെ നിർമ്മിക്കാൻ തയ്യാറാകാത്തത് .നാടൻ ചൊല്ല് പോലെ നായ ഒട്ടു തിന്നുകയുമില്ല പശുനെ കൊണ്ടൊട്ടു തീറ്റിക്കുകയുമില്ല .അതാണ് സത്യം . ഇവിടത്തെ ഒരു നിയമം എനിക്ക് വളരെ ഇഷ്ടപ്പെട്ടു .നമ്മുടെ പറമ്പിലെ ഒരു മരം നമുക്ക് മുറിച്ചുമാറ്റണം എന്നിരിക്കട്ടെ , ഒരു മരത്തിനു 100 അമേരിക്കൻ ഡോളർ എന്ന നിരക്കിൽ പിഴ അടച്ചാലേ അതിനു സാധിക്കൂ , പക്ഷെ 100 ഡോളർ അടച്ചിട്ടു പത്തു മരങ്ങൾ വെട്ടി നിയമത്തെ പറ്റിക്കുന്നവരാണ് അധികവും, ഈ നിയമം നമ്മുടെ നാട്ടിലേക്ക് എത്തിക്കാൻ എന്തേലും വഴിയുണ്ടെങ്കിൽ അതിനു ശ്രമിക്കണം എന്നുണ്ട് .രസമുള്ള മറ്റൊരു വസ്തുത ഇവരുടെ ഒരു ഫോട്ടോ പോലും വിദേശികൾക്ക് എടുക്കാൻ അനുവാദമില്ല എന്നതാണ് .അങ്ങനെ എടുക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ ആ വഴിക്കും കാശു കുറച്ചു പോകും .ഇങ്ങനെ ഫോട്ടോയെടുക്കുന്നതിലുടെ ഇവിടത്തെ ജനതയുടെ "ഇല്ലാത്ത സമാധാനവും സുരക്ഷിതത്വവും "പോകും എന്നൊരു നുണ കഥ പ്രചരിപ്പിച്ചത് ഈ ദുരവസ്ഥ പുറംലോകം അറിയരുതെന്ന ഭരണകൂടത്തിന്റെ നിർബന്ധ ബുദ്ധിയാണ് . ഇവിടത്തെ പോലീസിനെ കുറിച്ച് കേട്ടപ്പോൾ ആദ്യം വിശ്വാസം തോന്നിയില്ല ,പിന്നീടങ്ങോട്ടു നേരിൽ കണ്ടത് കൊണ്ട് മാത്രം വിശ്വസിച്ചു .ഏറ്റവും കഴിവ് കുറഞ്ഞവരുടെ (മറ്റൊരു ജോലിക്കും പോകാൻ കഴിയാത്തവർ ) ഏക ആശ്വാസമാണ് ഇവിടത്തെ പോലീസ് സ്ഥാപനം ,ഏറ്റവും കുറഞ്ഞ ശമ്പളം പറ്റുന്ന ഏറ്റവും ദുർബലരായവരുടെ കൈകളിൽ നിയമം എല്പ്പിച്ചത് അറിവില്ലയ്മയൊന്നും അല്ല ,ഇവിടെ ഇങ്ങനെയൊക്കെ മതി എന്നചിലരുടെ തീരുമാനം മാത്രം ആണ് .ഇവിടെ വന്ന ആദ്യദിവസം എൻറെ വണ്ടിക്ക് പോലീസ് കൈ കാണിച്ചപ്പോൾ ഞാനൊന്നു പേടിച്ചു .ഡ്രൈവർ വണ്ടി നിർത്തിയതും ആ രണ്ടു പോലീസുകാർ ഒരു തകർപ്പൻ സല്യൂട്ട് തന്നു എനിക്ക് ,ഇതെന്താ ഇങ്ങനെ എന്ന് ആലോചിക്കാനുള്ള ഇടവേളക്ക് മുന്പേ ഡ്രൈവർ പറഞ്ഞു ,കാശ് ഉണ്ടെങ്കിൽ ഒരു അഞ്ഞൂറ് ഫ്രാങ്ക് (അര ഡോളറിനു സമം) കൊടുക്ക്‌ , അല്ലെങ്കിൽ ഇന്നവർ വിടില്ല "അതിനു നമ്മൾ ട്രാഫിക് തെറ്റിച്ചില്ലല്ലോ , എല്ലാ രേഖകളും കയ്യിലില്ലേ ? എൻറെ മറു ചോദ്യം കേട്ട് " ഇതെവിടന്നു വന്നെടാ എന്ന മട്ടിൽ ഡ്രൈവർ എന്നെയൊന്നു തറപ്പിച്ചു നോക്കി , ഞാൻ കാശ് ഇല്ലെന്നു പോലീസിനു നേരെ ആഗ്യം കാണിച്ചു പിന്നെ ഞെട്ടിയത് ഞാനായിരുന്നു "ഒരു നൂറു ഫ്രാങ്ക് എങ്കിലും കൊടുക്കാൻ അവര് പറയുകയും വിശക്കുന്നു എന്ന് വയറിൽ തട്ടി ആഗ്യം കാണിക്കുകയും ചെയ്തു , ഒടുവിൽ കാശ് കൊടുത്തു പോരേണ്ടി വന്നു .പിന്നിടങ്ങോട്ട് എല്ലാം ശീലമായി .പോലീസിനെ കൂടാതെ പട്ടാളക്കാരും സദാ ജാഗരൂകരാണ് കോന്ഗോയിൽ ,ജാഗ്രത വേണ്ടത് തന്നെ പക്ഷെ എടുത്താൽ പൊങ്ങാത്ത ആയുധങ്ങളുമായി ജാഗ്രതയോടെ നില്ക്കുന്നത് പത്തു ദിവസം പട്ടിണി കിടന്നവനാണ് എങ്കിൽ അതുകൊണ്ട് എന്ത് കാര്യം ? ഒരു വലിയ ആശ്വാസമായി യു എൻ പട്ടാളം ഉണ്ടെന്നത് എടുത്തു പറയേണ്ട ഒന്നാണ് .

No comments:

Post a Comment