Sunday, February 23, 2014

ആമ്പൽമാലയും കല്യാണവും ,,,

തെക്കേ തൊടിക്കപ്പുറമുള്ള കുളം നിറയെ ആമ്പൽ പൂക്കൾ വിരിഞ്ഞിട്ടുണ്ട് .നല്ല ഭംഗിയുള്ള ചുവന്ന ആമ്പൽ !
എട്ടനത് പറഞ്ഞു തീരും മുന്പേ ഒറ്റ ഓട്ടമായിരുന്നു ,ഓടി കിതച്ച് കുളപടവിലെത്തി ,
"ശരിയാ എന്തുമാത്രം പൂക്കളാ വിരിഞ്ഞു നിൽക്കണേ , പക്ഷെ ഒന്നുപോലും കൈ എത്തി പറിക്കാവുന്ന ദൂരത്തിലില്ല "

"എന്തേ പറിക്കണില്ലേ , ആദ്യം ഓടിപോന്നതല്ലേ ?"...
ദേഷ്യത്തിലായിരുന്നു ചോദ്യം

"കണ്ടോ ഏട്ടാ ,എന്തുമാത്രം പൂക്കളാ വിരിഞ്ഞത് ,ഒന്നുപോലും കരക്കടുത്തില്ല ,"
അത് പറയുമ്പോൾ എന്റെ മുഖം വാടിയിരുന്നു .

ഉടനെ രണ്ടു കയ്യും ഇടുപ്പിൽ കുത്തി ഗമയിലാണ് ഏട്ടൻ ചോദിച്ചത്
"ഇതീന്ന് നിനക്കെത്ര ആമ്പൽ വേണം"

"കുറെ വേണം "കൊതി മുഴുവൻ കണ്ണിൽ നിറച്ച് മറുപടി പറഞ്ഞു
ഒറ്റച്ചാട്ടായിരുന്നു കുളത്തിലേക്ക് ,തിരിച്ച് നീന്തി വരുമ്പോൾ കയ്യിലൊരു പിടി ആമ്പൽ പൂക്കളും ഉണ്ടായിരുന്നു.
എല്ലാം ചേർത്ത് പിടിച്ച് എൻറെ മുഖത്തേക്ക് പൂവിലെ വെള്ളം കുടഞ്ഞുകൊണ്ടാണ് ചോദിച്ചത് ,
"മതിയോ?"
മതിയെന്ന് തലയാട്ടുമ്പോൾ അതിലേറ്റവും നീളത്തിൽ തണ്ടുള്ള ഒരു പൂവുമാത്രം മാറ്റി വച്ച് ബാക്കിയെല്ലാം എന്റെ മടിയിലേക്കിട്ടു
"അതൂടെ താ ഏട്ടാ "

"തരില്ല ഇതെനിക്ക് വേണം " അതും പറഞ്ഞ് ഏട്ടൻ പോയി.
ആമ്പലിന്റെ ഭംഗി ആസ്വദിച്ച് പിന്നെയുമിരുന്നു ഞാൻ അവിടെ കുറെ നേരം കൂടെ .കുറച്ച് കഴിഞ്ഞ് പിന്നിലൊരു കാൽപെരുമാറ്റം കേട്ട് തിരിയും മുന്പെയാണ് ഏട്ടൻ പറഞ്ഞത്.

"കണ്ണടക്കൂ ഒരു സൂത്രമുണ്ട് "

"എന്താ?"

"കണ്ണടച്ചാലേ തരൂ അമ്മു , കണ്ണടക്കൂ വേഗം "

കൌതുകത്തോടെയാണ് കണ്ണുകൾ അടച്ചത് .

കണ്ണ് തുറക്കുമ്പോൾ കഴുത്തിലൊരു ആമ്പൽ മാല ഇട്ടു തന്നിരുന്നു

"അമ്മു ഇനി എന്റെതാ ,ദാ നമ്മുടെ കല്യാണം കഴിഞ്ഞു !".

അന്ന് മുഴുവൻ ആ മാലയുമിട്ടായിരുന്നു നടപ്പ് ,സന്ധ്യക്ക് നാമം ചൊല്ലാനിരുന്നപ്പോൾ അമ്മമ്മ പറഞ്ഞു ."ചെളി നാറണമ്മു അതൊന്ന് ഊരി കളഞ്ഞ് മേല് കഴുകി വരൂ ."

ഉള്ളിൽ ഊറി വന്ന ചിരി അമ്മമ്മ കാണാതെ അടക്കി പിടിച്ച് ഉച്ചത്തിൽ നാമം ചൊല്ലി "രാമ രാമ, രാമ രാമ, രാമ രാമ പാഹിമാം ,രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,"

--കവിത ---11 .12 .2013 

No comments:

Post a Comment