Friday, February 28, 2014

പാറുതള്ള

എൻറെ നാട്ടിലൊരു പാറുതള്ള ഉണ്ടായിരുന്നു .ഭർത്താവ് മരിച്ചുപോയി ഒറ്റ മകൻ .മകന്റെ ഭാര്യയെ കണ്ണെടുത്താലും ഇല്ലെങ്കിലും കണ്ടു കൂടായിരുന്നു ഇവർക്ക് .പലപ്പോഴും അയൽവക്കത്തെ വീടുകളിൽ മരുമകളുടെ കുറ്റം പറഞ്ഞ് അവിടന്ന് ഉണ്ടും ഉറങ്ങിയുമാണ് അവർ ദിവസങ്ങൾ നീക്കിയിരുന്നത്‌ .അങ്ങനെ ഇരിക്കേ മകനും കുടുംബവും എന്തോ കാരണം കൊണ്ട് ആ വീട് വിറ്റ് വേറെ നാട്ടിലേക്ക് പോയി .മനസില്ലാ മനസോടെ പാറുതള്ളയും കൂടെ  പോയി .വയസായി എങ്കിലും ബസൊക്കെ കയറി അവർ ഇടക്ക് ഞങ്ങൾ അയൽക്കാരെ കാണാൻ വരും .ഞങ്ങളെ കാണുക എന്നതിലുപരി മരുമോള്ടെ അനുസരണക്കേട്‌ പങ്കുവയ്ക്കൽ ആയിരുന്നു ഉദ്ദേശം .പറയാൻ  വന്നത് ഇതൊന്നും അല്ല  .എൻറെ ചേട്ടന്റെ കല്യാണം നിശ്ചയിച്ച സമയം .ഞങ്ങൾ ഉമ്മറത്തിരുന്ന് ക്ഷണിക്കാനുള്ളവർക്ക് കത്ത് എഴുതുക ആയിരുന്നു .അപ്പോഴായിരുന്നു പാറുതള്ള അവിടേക്ക് വന്നത് .അവരേയും കല്യാണം ക്ഷണിച്ചു ."ഞാൻ വരും എന്നാലും എന്റെ മോൻ ഷാജിക്ക്  നിങ്ങ ഒരു കത്തയക്കണം കെട്ടാ "പാറുതള്ളയുടെ ആവശ്യപ്രകാരം ഒരു കുറി എടുത്ത് ഞാൻ അഡ്രസ്‌ എഴുതാനിരുന്നു .
"വല്യമ്മാ ഷാജിടെ അഡ്രസ്‌ പറയു "
"എഴുതിക്കോ , ഇവിടന്ന് മാഞ്ഞാലി ബസ് പിടിച്ച് കടവ് സ്റ്റോപ്പിൽ ഇറങ്ങണം അവിടന്ന് ആരോട് ചോദിച്ചാലും കാണിച്ചു തരും പാറു തള്ളേടെ മോൻ ഷാജിടെ വീട് ,"
അന്തം വിട്ട് കുന്തം വിഴുങ്ങി ഇരുന്ന എന്നെ നോക്കി പാറുതള്ള പറഞ്ഞു 
"അഡ്രസ്‌ എഴുതികഴിഞ്ഞു എങ്കിൽ മോള് ചെന്നിത്തിരി കഞ്ഞി വെള്ളം എടുത്ത് താ ,ആ മൂധേവി എനിക്കൊന്നും തരാറില്ല തന്നാലും ഞാൻ കഴിക്കാറുമില്ല.പാറു തള്ളക്ക്  അഭിമാനമാ  വലുത് " 

No comments:

Post a Comment