Monday, February 24, 2014

ബട്ടർഫ്ലൈ !

മകനൊരു ബട്ടർഫ്ലൈയെ വേണമെന്നു പറഞ്ഞപ്പോൾ ഇതാണോ ഇത്രവലിയ കാര്യം എന്നാണ് ആദ്യം ചിന്തിച്ചത് .നോക്കി ഇറങ്ങിയപ്പോഴല്ലേ കാര്യം പിടികിട്ടിയത് ഈ ചിത്രശലഭങ്ങൾക്കും വംശനാശം പിടിപെട്ടിട്ടുണ്ട് .പേരിനു പോലും ഒന്നിനെ കാണുന്നില്ല . ഈ ഓർക്ഡിലും ആന്തുരിയത്തിലും ഒന്നും തേൻ ഇല്ലാത്തോണ്ടാണോ അതോ ആ തേൻ പിടിക്കാത്തോണ്ടാണോ എന്തോ ഈ സാധനം നമ്മുടെ ഫ്ലാറ്റിൽ ഇല്ല .ഇനി മ്യുസിയത്തിലെങ്ങാൻ ,,,,,,,,,,,,,,,,,,ഹേയ് അത്രക്കൊന്നും കേരളം മാറിയിട്ടില്ല .കാണും എവിടെ എങ്കിലും !

"എനിക്ക് വിശക്കാൻ തുടങ്ങി ,ഇനി ...നാളെ നോക്കാം . "

"നിൽക് മോനെ നമുക്കാ പാർക്കിലൂടെ ഒന്നു നോക്കാം ,അവിടെ കുറെ പൂക്കള് കാണും അപ്പോ മോന്റെ ബട്ടർഫ്ലൈയും അവിടെ കാണും "സ്വയം സമാധാനിച്ചതാണോ അതോ മോനെ സമാധാനിപ്പിച്ചതാണോ എന്നു എനിക്കുതന്നെ അറിയില്ല .

പാർക്കിൽ നിന്നു തിരിച്ചുപോരുമ്പോൾ മകനോന്നും ചോദിച്ചതുമില്ല !

അവനവിടെ കുറെ സിമന്റ്‌ ബഞ്ചുകളും ഭംഗിയിൽ വെട്ടിനിർത്തിയ ചെറുമരങ്ങളും പിന്നെ കുറെ പതിവ് കാഴ്ചകളും കണ്ടുമടങ്ങി .

തിരികെ വീട്ടിലേക്ക് മടങ്ങുമ്പോൾ മനസ്‌ കൂടെപോന്നില്ല .മനസ് മടങ്ങിയിടത്ത് എന്നും സന്ധ്യാവിളക്ക് തെളിയുന്ന ഉമ്മറപടിയും തുളസിത്തറയും മനസുപോലെ നിറഞ്ഞ തൊടിയും പിന്നെ തൊടിയിലാകെ കണ്ണുപൊത്തികളിക്കുന്ന കുറെ ചിത്രശലഭങ്ങളും !
--കവിത ---


No comments:

Post a Comment