Saturday, February 22, 2014

നിനക്കായ്‌ ,,,,,,,,,,

കൊടികയറിയാൽ പിന്നെ ഏഴ്നാളും ഉത്സവം ആണ് .അമ്പലത്തിൽ മാത്രമല്ല  പ്രണയിക്കുന്നവരുടെ മനസ്സിലും .

ചന്തത്തിൽ ഒരുങ്ങണം 
ചന്തനം ചാർത്തണം 
മുല്ലപ്പൂ ചൂടണം 
മുന്നേ ഇറങ്ങണം 

പിന്നെ എഴുന്നള്ളി നില്ക്കുന്ന ആനകളുടെ മുന്നിലൂടെയും പിന്നിലൂടെയും ഉത്സവ പറമ്പിലാകെ  കല പില സംസാരിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടക്കണം .കൂടെ നടക്കാൻ കൂട്ടുകാരുള്ളത് ചമ്മൽ മറയ്ക്കാനുള്ള ഒരു എളുപ്പ വഴിയാണെന്ന് തോന്നിയിട്ടുണ്ട് .
തിടമ്പിൽ ഏറിയ തേവരെ കാണുന്നതിനെക്കാൾ ഇഷ്ടം വള കച്ചവടക്കാരെയും ,ബലൂണ്‍ വില്പ്പനക്കാരെയും ,ഐസ് വില്പ്പനക്കാരെയും കാണാനാണ് .
 താലം എടുത്ത് നാലമ്പലം ചുറ്റുമ്പോൾ നാമജപം മാത്രേ പാടുള്ളൂ എന്നറിയാഞ്ഞിട്ടല്ല മായേച്ചി പിന്നിൽ നിന്ന് തോണ്ടുന്നത് ,അപ്പോൾ കണ്ടൊരു കൊതി  കൈയ്യോടെ പങ്കുവയ്ക്കാനുള്ള തിടുക്കം കൊണ്ടാണ് .താലം പോകുന്ന വഴിയിൽ  ഉള്ള  വീടുകളുടെ എല്ലാം  മുന്നിൽ നിലവിളക്ക് കൊളുത്തി വച്ചിട്ടുണ്ടാകും .അങ്ങനെയുള്ള വീടുകളുടെ മുന്പിൽ കുറച്ചു നേരം താലമേന്തി  നില്ക്കണം എന്നാണ് വിശ്വാസം .ആ വീടുകളുടെ മുന്പിൽ എത്തുന്നതും ഞാൻ എൻറെ താലം മായേച്ചീടെ കൈയ്യിൽ കൊടുക്കും .കാരണം അങ്ങനെ നിൽക്കുമ്പോൾ ഓരോ വീട്ടുകാരും വഴിപാടായി പടക്കം പൊട്ടിക്കും .എത്ര ധൈര്യം സംഭരിച്ചാലും പടക്കത്തിന്റെ  ശബ്ദം എനിക്ക്  പേടിയാണ് .കാതിൽ വിരലുകൾ അമർത്തി നിൽക്കുമ്പോൾ ഒട്ടും നാണം തോന്നാറില്ല .പക്ഷേ ഇതൊക്കെ കണ്ട് കളിയാക്കാൻ മാത്രമായി താലത്തിന്റെ  പിന്നാലെ നീയുണ്ടാകും .താലം ചൊരിഞ്ഞ് തേവരെ തൊഴുത്‌ പുറത്തിറങ്ങുമ്പോൾ പരിഭവം മാറ്റാൻ ഒരു കള്ളച്ചിരിയും  കുറച്ച് കുപ്പിവളകളും  മുല്ലപൂവുമായി  നിൽക്കുന്ന നീ,,,,,,,,,,,,,,,,,,,

മറ്റൊരു ഉത്സവക്കാലം കൂടി എത്തുമ്പോൾ ഒരുപാട് ദൂരെയായി പോയി നീയും ഞാനും എങ്കിലും മനസുകൊണ്ട് തേവരെ വലം വച്ച്  ഇന്ന് ഞാനിറങ്ങുമ്പോൾ നിൻറെ സാമീപ്യം ഈ അക്ഷരങ്ങളിൽ കൂടി എങ്കിലും പകർത്താതെ വയ്യ ,,,,,,,,,,,,,,,


---------കവിത ----------22 .02 .2014 

No comments:

Post a Comment